ജെന് എ ഐ ജീവിതത്തിലേയ്ക്ക്, ഹബ്ബാകാൻ കേരളം
Mail This Article
കൊച്ചി ∙ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനം മുൻകൂട്ടി പ്രവചിക്കാൻ ജനറേറ്റീവ് എഐ (നിർമിത ബുദ്ധിയുടെ പ്രായോഗിക രൂപം) സങ്കേതങ്ങൾ ഉപയോഗിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. യഥാസമയം കരുതൽ സ്വീകരിച്ചു ജീവാപായം ഒഴിവാക്കാനും കാർഷിക മേഖലയിൽ ഉൽപാദന ക്ഷമത വർധിപ്പിക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരും കെഎസ്ഐഡിസിയും ആഗോള ടെക് കമ്പനിയായ ഐബിഎമ്മും ചേർന്നു സംഘടിപ്പിച്ച രാജ്യാന്തര ജെൻ എഐ കോൺക്ലേവ് ലുലു ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടി കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിളക്കു തെളിക്കുന്ന പതിവു രീതിക്കു പകരം ഡിജിറ്റൽ രീതിയിലായിരുന്നു ഉദ്ഘാടനം.
കേരളം പലവട്ടം കാലാവസ്ഥാ ദുരന്തങ്ങൾ അനുഭവിച്ചിട്ടുണ്ട്. എഐ മോഡൽസ് ഉപയോഗിച്ചു പ്രവചനം സാധ്യമായാൽ കേരളത്തിനു മാത്രമല്ല, ലോകത്തിനു തന്നെ അതു നേട്ടമാകും. കാർഷിക മേഖലയിൽ മെച്ചപ്പെട്ട ജലലഭ്യത ഉറപ്പാക്കാനും ഉചിതമായ രീതിയിൽ വളപ്രയോഗം നടത്താനും കീട നിയന്ത്രണത്തിനുമൊക്കെ സഹായിക്കും. ആരോഗ്യ മേഖലയിൽ എഐ ഫലപ്രദമായി ഉപയോഗിക്കാം. മത്സ്യ ലഭ്യത കണ്ടെത്തുന്നതിനു സഹായിക്കാൻ എഐയ്ക്കു കഴിഞ്ഞാൽ അതു മത്സ്യത്തൊഴിലാളി സമൂഹത്തിനു നേട്ടമാകും. എഐയുടെ വളർച്ച പൊതുസമൂഹത്തിനു ഗുണകരമാക്കുന്നതിനായി സ്കൂൾ പാഠ്യക്രമത്തിൽ എഐ ഉൾപ്പെടുത്തിയത് ഉൾപ്പെടെ ഒട്ടേറെ നടപടികൾ കേരളം സ്വീകരിച്ചിട്ടുണ്ട്. ഐടിയുടെയും സ്റ്റാർട്ടപ്പുകളുടെയും ഹബ്ബായ കേരളത്തിനു ജെൻ എഐയിലും രാജ്യത്തിന്റെ സിരാകേന്ദ്രമായി വളരാൻ കഴിയും. എഐ കോൺക്ലേവിന്റെ തുടർച്ചയായി വൈകാതെ റോബട്ടിക്സുമായി ബന്ധപ്പെട്ടു കോൺഫറൻസ് നടത്തും.
കേരളത്തിന്റെ വ്യവസായ, സ്റ്റാർട്ടപ് ഇക്കോസിസ്റ്റം എഐ സ്റ്റാർട്ടപ്പുകളുടെയും കമ്പനികളുടെയും ഇഷ്ട കേന്ദ്രമായി കേരളത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത തൊഴിലവസരങ്ങൾ എഐ ഇല്ലാതാക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും കാര്യക്ഷമതയും ഉൽപാദനക്ഷമതയും വർധിപ്പിക്കാൻ ജെൻ എഐ സഹായിക്കുമെന്നും അധ്യക്ഷത വഹിച്ച മന്ത്രി പി.രാജീവ് പറഞ്ഞു.
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ലുലു ഗ്രൂപ്പ് എംഡിയും ചെയർമാനുമായ എം.എ.യൂസഫലി, ഐടി സെക്രട്ടറി ഡോ. രത്തൻ ഖേൽകർ, കെഎസ്ഐഡിസി ചെയർമാൻ പോൾ ആന്റണി, വ്യവസായ – വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, ഐബിഎം സോഫ്റ്റ് വെയർ പ്രോഡക്ട്സ് സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമൽ തുടങ്ങിയവർ പ്രസംഗിച്ചു.
എഐയുമായി ബന്ധപ്പെട്ട സെഷനുകൾ, പാനൽ ചർച്ചകൾ, പ്രഭാഷണങ്ങൾ, വ്യവസായ വിദഗ്ധരുമായുള്ള കൂടിക്കാഴ്ച എന്നിവയാണു കോൺക്ലേവിൽ നടക്കുന്നത്. ഇന്നു സമാപിക്കും.