മൂന്നാം നാളിലും ഇടിഞ്ഞ് കേരള ആയുർവേദ ഓഹരി; തിരിച്ചടിയായി മൗറീഷ്യസിലെ കേസ്
Mail This Article
ആലുവ ആസ്ഥാനമായ ആയുർവേദ ഉൽപന്ന നിർമാണക്കമ്പനിയായ കേരള ആയുർവേദയുടെ (Kerala Ayurveda) ഓഹരി വില തുടർച്ചയായ മൂന്നാം നാളിലും ലോവർ-സർക്യൂട്ടിലേക്ക് ഇടിഞ്ഞു. ഇന്നും 4.99 ശതമാനം കൂപ്പുകുത്തിയ ഓഹരി വിലയുള്ളത് 339.55 രൂപയിൽ. ഒരാഴ്ച മുമ്പ് ഓഹരി 408 രൂപവരെ ഉയർന്നിരുന്നു.
മാതൃസ്ഥാപനമായ കാട്ര ഹോൾഡിങ്ങ്സ് മൗറീഷ്യസിൽ നേരിടുന്ന നിയമ നടപടികളാണ് കേരള ആയുർവേദയുടെ ഓഹരികളിൽ വിറ്റൊഴിൽ സമ്മർദ്ദം സൃഷ്ടിക്കുന്നത്. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ നിന്ന് 2006ൽ കാട്ര ഹോൾഡിംഗ്സ് 20 മില്യൺ ഡോളർ (ഏകദേശം 170 കോടി രൂപ) വായ്പ എടുത്തിരുന്നു. തമിഴ്നാട് മെർക്കന്‍റൈൽ ബാങ്കിന്‍റെ ഓഹരികൾ ഏറ്റെടുക്കാനായിരുന്നു ഇത്.
2015ൽ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് കാട്രയോട് 19 മില്യൺ ഡോളർ (160 കോടി രൂപ) തിരികെയടയ്ക്കാൻ ആവശ്യപ്പെട്ടു. ഇതിനെ കാട്ര എതിർത്തതാണ് നിയമയുദ്ധത്തിന് വഴിവച്ചത്. ഇന്ത്യൻ നിയമപ്രകാരം ബാങ്ക് അനുവദിച്ച വായ്പ ചട്ടവിരുദ്ധമാണെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ടെന്നും ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ട്/FEMA) ലംഘനമുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും (ED) ഉത്തരവിറക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്‍റെ ആവശ്യത്തെ കാട്ര എതിർത്തത്.
ഈടുവച്ചിട്ടുള്ളതിനാൽ ഇപ്പോൾ വായ്പാത്തുക മടക്കിച്ചോദിക്കാൻ ബാങ്കിന് അവകാശമില്ലെന്നും കാട്ര വാദിച്ചു. എന്നാൽ ഈ വാദങ്ങൾ തള്ളിയ മൗറീഷ്യസ് സുപ്രീം കോടതി, കാട്രയുടെ ആസ്തികൾ കണ്ടുകെട്ടാൻ ഉത്തരവിടുകയായിരുന്നു. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ നിന്നുള്ള വായ്പ മൗറീഷ്യസിൽ നിയമാനുസൃതമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് ഉപകമ്പനിയായ കേരള ആയുർവേദ ഓഹരികളുടെ വീഴ്ച.
കാട്രയ്ക്കുള്ളത് 53.58% ഓഹരി
കേരള ആയുർവേദയിൽ കാട്ര ഹോൾഡിങ്ങ്സിന് 53.58 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. കാട്രയുടെ ആസ്തികൾ കണ്ടുകെട്ടാൻ കോടതി കഴിഞ്ഞമാസം 19ന് ലിക്വിഡേറ്ററെ നിയമിച്ചിരുന്നു. നിലവിൽ കാട്രയുടെ ആസ്തികൾ ലിക്വിഡേറ്ററുടെ കൈവശമാണ്. ഈ ആസ്തികളിന്മേൽ വിൽപനയോ കൈമാറ്റമോ ലിക്വിഡേറ്ററുടെ അനുമതിയോടെ മാത്രമേ നടത്താനാകൂ.
അതേസമയം, കോടതി ഉത്തരവിന്മേൽ കാട്ര അപ്പീൽ നൽകാൻ സാധ്യതയുണ്ട്. മൗറീഷ്യസിലെ കോടതി നടപടികൾ സംബന്ധിച്ച് ഈമാസം 9ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ കേരള ആയുർവേദ അറിയിച്ചിരുന്നു. തുടർന്നാണ് ഓഹരികളുടെ വീഴ്ച. നിക്ഷേപകതാൽപര്യം സംരക്ഷിക്കുമെന്നും നിയമപരമായ തുടർനടപടികൾ സ്വീകരിക്കാൻ സമിതിയെ നിയോഗിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 220 ശതമാനം നേട്ടം (റിട്ടേൺ) നൽകിയ ഓഹരിയാണ് കേരള ആയുർവേദ. 408 കോടി രൂപയാണ് വിപണിമൂല്യം.