പ്രവാസികൾക്ക് ആദരവുമായി സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ വേറിട്ട ക്യാംപെയ്ൻ
Mail This Article
നാടിന്‍റെ സമ്പദ്‍വ്യവസ്ഥയുടെ നെടുംതൂണുകളായ പ്രവാസികൾക്ക് ആദരവുമായി സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ വേറിട്ട ക്യാംപെയ്ൻ. അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ ഒരുമാസം നീളുന്ന 'സ്വാഗതം മലയാളമണ്ണിലേക്ക്' പദ്ധതിയാണ് ഒരുക്കുന്നത്. അവധിക്കാലം ആഘോഷമാക്കാനും കുടുംബവുമായും സുഹൃത്തുക്കളുമായുള്ള ഒത്തുചേരലിന്‍റെ അവിസ്മരണീയ മുഹൂർത്തങ്ങൾ ഓർമകളായി സൂക്ഷിച്ചുവയ്ക്കാനുമുള്ള കേരള ഡയറി, വിവിധ ബ്രാൻഡുകളുടെ ഗിഫ്റ്റ് വൗച്ചറുകൾ എന്നിവയടങ്ങിയ കിറ്റ് ഇതിന്‍റെ ഭാഗമായി പ്രവാസികൾക്ക് സമ്മാനിക്കും.
ഇതിനായി കൊച്ചി വിമാനത്താവളവുമായി (സിയാൽ) സഹകരിച്ച് രാജ്യാന്തര ടെർമിനലിൽ ബാങ്ക് പ്രത്യേക കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. പ്രവാസികളെ വരവേൽക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് കൗണ്ടറുകളാണ് വിമാനത്താവളത്തിൽ സജ്ജമാക്കിയിരിക്കുന്നത്. അവധിക്കാലത്തെ ആഘോഷനിമിഷങ്ങളുടെ ഫോട്ടോ സഹിതം സൂക്ഷിക്കാവുന്നതാണ് കേരള ഡയറി. ഓർമകളും കുറിച്ചിടാം. നിരവധി കമ്പനികളുമായി ചേർന്ന് സേവനങ്ങൾക്കും ഉൽപന്നങ്ങൾക്കും മികച്ച ഡിസ്കൗണ്ട് ലഭിക്കുന്ന ഗിഫ്റ്റ് വൗച്ചറുകളും കിറ്റിലുണ്ടാകും. പ്രവാസികളുടെ നല്ല ഓർമകളെ, ഒരു ധനകാര്യ സ്ഥാപനമെന്നതിലുപരി സാമൂഹിക പ്രതിബദ്ധതയുള്ള പ്രസ്ഥാനമെന്ന നിലയ്ക്ക്, ഉയർത്തിപ്പിടിക്കാനാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ലക്ഷ്യമിടുന്നതെന്ന് റീടെയിൽ ബാങ്കിങ് ഡിപ്പാർട്ട്മെന്റ് ചീഫ് ജനറൽ മാനേജർ സഞ്ജയ് കുമാർ സിൻഹ പറഞ്ഞു.
ക്യാംപെയിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ ബാങ്കിന്റെ സീനിയർ ജനറൽ മാനേജരും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ സോണി എ, ജോയിന്റ് ജനറൽ മാനേജരും എറണാകുളം റീജിയണൽ ഹെഡുമായ മധു എം, ഇരിങ്ങാലക്കുട റീജിയണൽ ഹെഡ് റാണി സക്കറിയാസ്, കാസ ഹെഡ് സുമോദ് ഭാസ്കരൻ, മാർക്കറ്റിങ് ഹെഡ് രമേഷ് കെപി എന്നിവർ പങ്കെടുത്തു.