സ്വർണ കുതിപ്പ്! രാജ്യാന്തര വില പുത്തൻ ഉയരത്തിൽ; കേരളത്തിലും വില പറക്കും
Mail This Article
രാജ്യാന്തര വിപണിയിൽ സ്വർണ വില റെക്കോർഡ് തകർത്ത് പുത്തൻ ഉയരത്തിലേക്ക് കുതിച്ചുകയറിയതോടെ, കേരളത്തിലും വില കുത്തനെ കൂടാൻ കളമൊരുങ്ങി. ഔൺസിന് ഒറ്റയടിക്ക് 42 ഡോളർ ഉയർന്ന് 2,464.65 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്. കഴിഞ്ഞ മേയ് 20ന് കുറിച്ച 2,449 ഡോളറെന്ന റെക്കോർഡ് ഇനി പഴങ്കഥ.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയിൽ അടിസ്ഥാന പലിശനിരക്ക് പ്രതീക്ഷിച്ചതിലും നേരത്തേ കുറയുമെന്ന വിലയിരുത്തലുകളാണ് സ്വർണ വിലയിൽ കുതിപ്പുണ്ടാക്കുന്നത്.
മേയിൽ 3.3 ശതമാനമായിരുന്ന യു.എസിലെ റീറ്റെയ്ൽ പണപ്പെരുപ്പം ജൂണിൽ 3 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. പണപ്പെരുപ്പം രണ്ട് ശതമാനമായി നിയന്ത്രിക്കുകയാണ് യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ലക്ഷ്യം.
എന്നാൽ, പലിശനിരക്ക് കുറയ്ക്കാനായി പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് താഴുംവരെ കാത്തിരിക്കില്ലെന്ന് യു.എസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതാണ് സ്വർണമുന്നേറ്റത്തിന് ഊർജമായത്.
എന്തുകൊണ്ട് സ്വർണം കുതിക്കുന്നു?
അടിസ്ഥാന പലിശനിരക്ക് കുറഞ്ഞാൽ ആനുപാതികമായി യു.എസ് സർക്കാരിന്റെ കടപ്പത്രങ്ങളിൽ നിന്നുള്ള ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) കുറയും. ഇത് ബോണ്ട് നിക്ഷേപത്തെ അനാകർഷകമാക്കും. കഴിഞ്ഞമാസങ്ങളിൽ 4.5 ശതമാനമായിരുന്ന യു.എസ് 10-വർഷ ബോണ്ട് യീൽഡ് ഇപ്പോഴുള്ളത് 4.191 ശതമാനത്തിലാണ്.
അതായത്, ബോണ്ടുകളിൽ നിന്ന് കാര്യമായ നേട്ടം കിട്ടില്ലെന്ന് ഉറപ്പായ നിക്ഷേപകർ അവയിൽ നിന്ന് പണം പിൻവലിച്ച് ഡോളറിലേക്കും സ്വർണനിക്ഷേപ പദ്ധതികളിലേക്കും മാറ്റിത്തുടങ്ങി. ഇതാണ് സ്വർണ വില വർധനയ്ക്ക് വഴിവച്ചത്. യൂറോ, യെൻ തുടങ്ങിയവയടക്കം ലോകത്തെ ആറ് മുൻനിര കറൻസികൾക്കെതിരായ ഡോളർ ഇൻഡെക്‌സ് 0.18 ശതമാനം വർധിച്ച് 104.37ലുമെത്തി.
രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. ഫലത്തിൽ, ഡോളറിന്റെ മൂല്യം ഉയരുമ്പോൾ സ്വർണം വാങ്ങാനുള്ള ചെലവുമേറും. ഇതും വില വർധനയ്‌ക്ക് ആക്കം കൂട്ടുന്നു.
കേരളത്തിലും വില കുതിക്കും
രാജ്യാന്തര വില നിലവിലെ കുതിപ്പ് നിലനിർത്തുകയും ഡോളർ കരുത്താർജിക്കുന്നത് തുടരുകയും ചെയ്‌താൽ കേരളത്തിലും വരുംനാളുകളിൽ സ്വർണ വില ഉയരുമെന്നാണ് വിപണിയുടെ വിലയിരുത്തൽ. രാജ്യാന്തര വില ഔൺസിന് 2,451 ഡോളറെന്ന പ്രതിരോധവില മറികടന്ന പശ്ചാത്തലത്തിൽ, വില കൂടുതൽ മുന്നേറുമെന്നും കരുതപ്പെടുന്നു.
ഇത് കേരളത്തിൽ വില കുത്തനെ കൂടാനിടയാക്കും. നിലവിൽ ഗ്രാമിന് 6,875 രൂപയും പവന് 54,280 രൂപയുമാണ് കേരളത്തിൽ വില. കഴിഞ്ഞ മേയ് 20ന് കുറിച്ച ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്.
രാജ്യാന്തര വില, 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈ വിപണിയിലെ വില, ഡോളറിനെതിരെ രൂപയുടെ മൂല്യം എന്നിവ വിലയിരുത്തിയാണ് ഓരോ ദിവസവും സംസ്ഥാനത്ത് സ്വർണ വില നിർണയം. നിലവിലെ സാഹചര്യത്തിൽ,
രാജ്യാന്തര വിലയിൽ കുറവുണ്ടായില്ലെങ്കിൽ സംസ്ഥാനത്ത് വില വർധിക്കാൻ തന്നെയാണ് സാധ്യതയെന്നും വിപണി നിരീക്ഷകർ പറയുന്നു. സ്വർണാഭരണ പ്രേമികൾക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ഇത് തിരിച്ചടിയാകും.