വിപണി ഇടപെടൽ: സപ്ലൈകോയ്ക്ക് 100 കോടി
Mail This Article
തിരുവനന്തപുരം ∙ സപ്ലൈകോയുടെ വിപണി ഇടപെടൽ ആവശ്യങ്ങൾക്കായി 100 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. അടിയന്തര സഹായമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് വഴി സപ്ലൈകോ 500 കോടി രൂപ ആവശ്യപ്പെട്ടപ്പോഴാണ് 100 കോടി രൂപ അനുവദിച്ചത്. സപ്ലൈകോയ്ക്കു സാധനങ്ങൾ നൽകിയ വിതരണക്കാർക്കു മാത്രം 650 കോടിയിലേറെ രൂപ കുടിശികയാണ്. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓഫറും വിലക്കിഴിവും ഉൾപ്പെടെ വിവിധ പാക്കേജുകൾ സപ്ലൈകോ വിൽപനശാലകളിൽ നടക്കുന്നുണ്ട്. എന്നാൽ, 13 ഇന സബ്സിഡി സാധനങ്ങളിൽ പകുതി പോലും പല വിൽപനശാലകളിലും ഇല്ല. ഈ സാഹചര്യത്തിലാണ് സപ്ലൈകോ അടിയന്തര സഹായം തേടിയത്. തുക അനുവദിച്ചെങ്കിലും കൈമാറാൻ രണ്ടാഴ്ചയോളം വേണ്ടിവരുമെന്നാണു സൂചന.
അവശ്യ നിത്യോപയോഗ സാധനങ്ങൾ 35% വരെ വില കുറച്ച് വിതരണം ചെയ്യുന്നതിനാണ് സഹായം എന്നു മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ഓണത്തിനു മുന്നോടിയായി സാധനങ്ങൾ എത്തിക്കുന്ന വിതരണക്കാർക്കു നൽകുന്നതിനടക്കം ഈ തുക ഉപയോഗിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. വിപണി ഇടപടലിന് ഈ വർഷത്തെ ബജറ്റിൽ 205 കോടി രൂപയാണു വകയിരുത്തിയത്.