സിസ്‌ട്രോം ടെക്‌നോളജീസിന്റെ ആദ്യ നിർമാണ യൂണിറ്റ് കിൻഫ്രയിൽ
Mail This Article
തിരുവനന്തപുരം∙ ടെലികോം, നെറ്റ്‌വർക്കിങ് ഉൽപന്ന മേഖലയിലെ നിർമാതാക്കളായ സിസ്‌ട്രോം ടെക്‌നോളജീസിന്റെ ആദ്യ മാനുഫാക്ചറിങ് യൂണിറ്റ് 100 കോടിയിലധികം രൂപയുടെ നിക്ഷേപവുമായി പ്രവർത്തനമാരംഭിച്ചു. കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിലാണു പ്രവർത്തനം. തിരുവനന്തപുരം രാജ്യാന്തര തുറമുഖ നഗരമായതിനു ശേഷം മാനുഫാക്ചറിങ് മേഖലയിൽ ഇവിടെ എത്തുന്ന ആദ്യത്തെ വലിയ നിക്ഷേപമാണിതെന്ന് യൂണിറ്റിൽ സന്ദർശനം നടത്തിയ മന്ത്രി പി.രാജീവ് പറഞ്ഞു. യൂണിറ്റ് വിപുലീകരിക്കാൻ ആലോചിക്കുന്നതായും അടുത്ത മൂന്നു വർഷത്തിനുള്ളിൽ 1000 കോടിയിലധികം വിറ്റുവരവ് കൈവരിക്കാനാണു ലക്ഷ്യമിടുന്നതെന്നും മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കമ്പനി അധികൃതർ പറഞ്ഞു. സിസ്ട്രോമിന്റെ വരവോടെ, ഇലക്ട്രോണിക്‌സ് ഉൽപന്നങ്ങളുടെ മാനുഫാക്ചറിങ് മേഖലയിൽ രാജ്യത്തെ സ്വയംപര്യാപ്തമാക്കാനുള്ള ശ്രമത്തിൽ കേരളത്തിനും സുപ്രധാന സ്ഥാനം ലഭിക്കും.