ശേഖരിക്കാൻ നടപടിയില്ല; ‘എറിഞ്ഞ് ഒഴിവാക്കി’ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ
Mail This Article
തിരുവനന്തപുരം ∙ പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യം ഒഴുകിയെത്തി തോടുകളും കനാലുകളും അടയുമ്പോഴും ഒഴിഞ്ഞ മദ്യക്കുപ്പികൾ വലിച്ചെറിയാതെ ശേഖരിക്കാൻ സർക്കാർ നടപടിയെടുക്കുന്നില്ല. പ്ലാസ്റ്റിക് കുപ്പികളിൽ മദ്യവിതരണം അനുവദിക്കില്ലെന്ന് നേരത്തേ മദ്യനയത്തിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും മദ്യക്കമ്പനികൾ സമ്മർദം ചെലുത്തിയതോടെ ഈ നീക്കത്തിൽനിന്നു പിൻമാറി. കേരളത്തിൽ ബവ്റിജസ് കോർപറേഷൻ വഴി മദ്യക്കമ്പനികൾ വിറ്റഴിക്കുന്ന മദ്യത്തിൽ 70 ശതമാനവും പ്ലാസ്റ്റിക് കുപ്പികളിലാണെത്തുന്നത്. ചില്ലുകുപ്പികൾ കേരളത്തിൽ നിർമിക്കുന്നില്ലെന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുമ്പോൾ ചെലവേറുമെന്നുമാണു മദ്യക്കമ്പനികളുടെ വാദം.
തമിഴ്നാട്ടിൽ മദ്യത്തിന്റെ കാലിക്കുപ്പികൾ വലിച്ചെറിയുന്നതു മാലിന്യ പ്രശ്നമായപ്പോൾ കോടതി ഇടപെട്ടിരുന്നു. തുടർന്ന് മദ്യക്കടകളിൽനിന്നു തന്നെ കാലിക്കുപ്പികൾ ശേഖരിക്കുമെന്നു തമിഴ്നാട് സർക്കാർ അറിയിച്ചു. പ്ലാസ്റ്റിക് കുപ്പിയിൽ മദ്യം വാങ്ങുന്ന ഉപയോക്താവിനോടു 10 രൂപ അധികം വാങ്ങുകയും, ഈ കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 10 രൂപ മടക്കി നൽകുകയുമാണു പദ്ധതി.
കേരളത്തിൽ വർഷങ്ങൾക്കു മുൻപു ബവ്കോ ക്ലീൻ കേരള കമ്പനിയെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ മദ്യക്കമ്പനികൾ നിരുത്സാഹപ്പെടുത്തിയതോടെ കരാർ പുതുക്കിയില്ല.