നന്ദി, ഞങ്ങളുടെ കുട്ടിക്കാലം ‘കളറാ’ക്കിയതിന്
Mail This Article
ഒട്ടേറെ ഇന്ത്യക്കാരുടെ കുട്ടിക്കാല ഓർമകളിൽ നിറങ്ങൾ ചാർത്തിയ വ്യക്തിയാണ് കഴിഞ്ഞ ദിവസം അന്തരിച്ച കാംലിൻ സ്ഥാപകൻ സുഭാഷ് ദണ്ഡേക്കർ. കാംലിൻ പെൻസിലും ക്രയോണുകളുംകൊണ്ട് വർണചിത്രങ്ങൾ വരയ്ക്കാത്ത കുട്ടികൾ വളരെ കുറവായിരിക്കും. ചിത്രങ്ങളിൽ നിന്ന് എഴുത്തിലേക്കു കടക്കുമ്പോഴും കുട്ടികൾക്കൊപ്പം പെൻസിലിന്റെയും പേനയുടെയും നോട്ട്ബുക്കിന്റെയുമെല്ലാം പേരായി കാംലിനും ഉണ്ടായിരുന്നു. 1931ൽ ഡി.പി.ദണ്ഡേക്കർ, ദണ്ഡേക്കർ ആൻഡ് കമ്പനി ആരംഭിച്ചെങ്കിലും കാംലിൻ എന്ന ബ്രാൻഡിനും വൈവിധ്യവൽക്കരണത്തിനും ചുക്കാൻ പിടിച്ചത് സുഭാഷ് ദണ്ഡേക്കറായിരുന്നു. മഷി നിർമിക്കുന്ന കമ്പനി അദ്ദേഹത്തിന്റെ നേതൃപാടവത്തിൽ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റേഷനറി ഉൽപന്ന ബ്രാൻഡായി വളർന്നു. ജ്യോമെട്രി ബോക്സുകൾ, ഫയലുകൾ, ഓഫിസ് ഉപകരണങ്ങൾ തുടങ്ങി സ്റ്റേഷനറി ഉൽപന്നങ്ങളുടെ എല്ലാ മേഖലകളിലേക്കും കാംലിൻ വ്യാപിച്ചു. 2011ൽ ജപ്പാനിലെ കൊകുയോ കമ്പനി കാംലിനെ ഏറ്റെടുത്തു. ഏറ്റെടുക്കലിനു ശേഷം സുഭാഷ് ദാണ്ഡേക്കർ ചെയർമാൻ ഇമെരിറ്റസ് ആയി പ്രവർത്തിക്കുകയായിരുന്നു. 1992 മുതൽ 97 വരെ മഹാരാഷ്ട്ര ചേംബർ ഓഫ് കൊമേഴ്സ് തലപ്പത്തും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.