തീരപരിപാലന പദ്ധതിക്ക് കേന്ദ്രാനുമതി വൈകുന്നു
Mail This Article
തിരുവനന്തപുരം∙ അഞ്ചു കൊല്ലമെടുത്ത് കേരളം അന്തിമരൂപം നൽകിയ തീരപരിപാലന പദ്ധതിയുടെ കരടിനു കേന്ദ്രാനുമതി വൈകുന്നു. കേരളം സമർപ്പിച്ച റിപ്പോർട്ടിൽ ചെന്നൈയിലെ നാഷനൽ സെന്റർ ഫോർ സസ്റ്റെയ്നബിൾ കോസ്റ്റൽ മാനേജ്മെന്റിന്റെ (എൻസിഎസ്‌സിഎം) പരിശോധന പൂർത്തിയാകാത്തതാണു കാരണം.
സാങ്കേതിക സമിതിയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ, സംസ്ഥാന സർക്കാരിനു പ്ലാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു മുൻപിൽ അവതരിപ്പിക്കാനും വിജ്ഞാപനമിറക്കാനും സാധിക്കൂ. മഹാരാഷ്ട്ര, ഒഡീഷ, കർണാടക സംസ്ഥാനങ്ങളുടെ പ്ലാൻ മാത്രമാണ് ഇതുവരെ കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുള്ളത്. കേരളത്തിൽ 10 തീരദേശ ജില്ലകളിലെ 245 പഞ്ചായത്തുകൾ, 36 മുനിസിപ്പാലിറ്റികൾ, 5 കോർപറേഷനുകൾ എന്നിവയിലെ നിർമാണ, ടൂറിസം പ്രവർത്തനങ്ങൾക്കുള്ള ഇളവും നിബന്ധനയും പുതിയ പ്ലാനിനെ ആശ്രയിച്ചാണിരിക്കുന്നത്.
2019ൽ കേന്ദ്രം പുറപ്പെടുവിച്ച തീരപരിപാലന വിജ്ഞാപനത്തിന് അനുസൃതമായി കേരളത്തിൽ നടപ്പാക്കേണ്ട പ്ലാനിന്റെ കരട് മാർച്ച് ആദ്യമാണു സംസ്ഥാന തീരപരിപാലന അതോറിറ്റിക്കു വേണ്ടി എൻസിഎസ്‍സിഎമ്മിന്റെ സാങ്കേതിക സമിതിക്കു മുൻപിൽ അവതരിപ്പിച്ചത്. എന്നാൽ കണ്ടൽക്കാടുകൾ സംബന്ധിച്ച പരാതികൾ പ്രത്യേകമായി പരിശോധിക്കണമെന്ന് അവർ നിർദേശിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ എൻസിഎസ്‍സിഎം, ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം, സംസ്ഥാന തീരപരിപാലന അതോറിറ്റി എന്നിവയിലെ വിദഗ്ധർ അടങ്ങുന്ന സംയുക്ത സംഘം രൂപീകരിച്ചു. കരട് പ്ലാനിലെ മാപ്പിൽ കണ്ടൽക്കാടുകൾ തെറ്റായി രേഖപ്പെടുത്തിയെന്നു പല ഭൂവുടമകളും പരാതി ഉന്നയിച്ചിരുന്നു. എറണാകുളം, ആലപ്പുഴ, തൃശൂർ, കൊല്ലം ജില്ലകളിൽ പരിശോധന നടത്തി സംഘം മാപ്പ് തയാറാക്കിയതിൽ തെറ്റില്ലെന്നു കണ്ടെത്തി. ഉപഗ്രഹ ചിത്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു പഠനം.
സംസ്ഥാനത്തെ 17 തുറമുഖങ്ങളുടെയും അതിർത്തി മാപ്പിൽ ഉണ്ടായിരുന്നില്ല. ഇക്കാര്യവും ഉൾപ്പെടുത്തി റിപ്പോർട്ട് നൽകി. മാർച്ചിൽ കരട് പ്ലാൻ സമിതി പരിശോധിച്ചു. കണ്ടൽക്കാടും തുറമുഖ അതിർത്തിയും സംബന്ധിച്ചു വ്യക്തത ലഭിച്ചാൽ ഇനി യോഗം ചേരാതെ തന്നെ പ്ലാനിന് അംഗീകാരം നൽകാമെന്നു സാങ്കേതിക സമിതി അറിയിച്ചിരുന്നു. എന്നാൽ സംശയനിവാരണം വരുത്തി റിപ്പോർട്ട് സമർപ്പിച്ച് ഒന്നര മാസമായിട്ടും മറുപടിയില്ല.