ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിൽ ഗ്രീൻ ഹൈ‍ഡ്രജൻ ഉൽപാദിപ്പിക്കുന്നതിനുള്ള 20,000 കോടി രൂപയുടെ പദ്ധതികൾ കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. തിരുവനന്തപുരത്തും കൊച്ചിയിലുമായി ഗ്രീൻ ഹൈഡ്രജൻ വാലി ഇന്നവേഷൻ ക്ലസ്റ്റർ, ട്രക്കുകളിൽ ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കുന്ന മൊബിലിറ്റി പദ്ധതി, കൊച്ചിയിലെ വൻകിട വ്യവസായശാലകളെ ഒരുമിപ്പിച്ചു ഗ്രീൻ ഹൈ‍ഡ്രജൻ ക്ലസ്റ്ററാക്കി മാറ്റുന്ന കൊച്ചി ഗ്രീൻ ഹൈഡ്രജൻ ഹബ് എന്നിവയാണു പദ്ധതികൾ. പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഇന്നവേഷൻ ക്ലസ്റ്റർ, മൊബിലിറ്റി പദ്ധതി എന്നിവ കേന്ദ്രസർക്കാരിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടു. വൈകാതെ അനുമതി ലഭിച്ചേക്കും. സംസ്ഥാന സർക്കാരിനു വേണ്ടി അനെർട്ടാണു പദ്ധതികൾ സമർപ്പിച്ചത്.

ഗ്രീൻ ഹൈഡ്രജൻ പ്രോത്സാഹനത്തിനായി 200 കോടി രൂപ സംസ്ഥാന സർക്കാർ ബജറ്റിൽ നീക്കിവച്ചരുന്നു. ഗ്രീൻ ഹൈഡ്രജൻ വാലി ക്ലസ്റ്റർ സ്ഥാപിക്കാനുള്ള 133 കോടി രൂപയുടെ പദ്ധതിയാണ് അനെർട്ട് ഉൾപ്പെടുന്ന കൺസോർഷ്യം കേന്ദ്ര ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തിനു സമർപ്പിച്ചത്. കേന്ദ്രത്തിന്റെ ചുരുക്കപ്പട്ടികയിൽ അനെർട്ട് ഇടം പിടിച്ചു. അനുമതി ലഭിച്ചാൽ 53 കോടി രൂപ കേന്ദ്രം നൽകും. ബാക്കി തുക സർക്കാരും കൺസോർഷ്യത്തിലെ മറ്റു പങ്കാളികളും കണ്ടെത്തും. ഉൽപാദനം, സംഭരണം, വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കൽ എന്നിവയാണു പദ്ധതിയിലുള്ളത്. പരീക്ഷണം വിജയിച്ചാൽ വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനം തുടങ്ങും.

മൊബിലിറ്റി പ്രോജക്ട് പൂർണമായും വാഹനങ്ങൾക്കു വേണ്ടിയുള്ളതാണ്. ഗ്രീൻ ഹൈഡ്രജൻ ഉപയോഗിച്ചു നാലു ട്രക്കുകൾ 60000 കിലോമീറ്റർ ഓടിക്കാനുള്ള 60 കോടി രൂപയുടെ പൈലറ്റ് പദ്ധതിയാണു കേന്ദ്ര ഉപരിതല മന്ത്രാലയത്തിനു നൽകിയിരിക്കുന്നത്. മുപ്പതോളം അപേക്ഷകരിൽനിന്നാണ് അനെർട്ട് ചുരുക്കപ്പട്ടികയി‍ൽ ഉൾപ്പെട്ടത്. സാങ്കേതിക മൂല്യനിർണയത്തിൽ വിജയിച്ച അനെർട്ടിന് ഇനി സാമ്പത്തിക മൂല്യനിർണയം മാത്രമാണു ബാക്കിയുള്ളത്. പദ്ധതിയുമായി കെഎസ്ആർടിസിയും സഹകരിക്കുന്നുണ്ട്.

കൊച്ചി ഗ്രീൻ ഹൈഡ്രജൻ ഹബ് 18542 കോടി രൂപ ചെലവു കണക്കാക്കിയിരിക്കുന്ന പദ്ധതിയാണ്. കൊച്ചിയിലെ വലിയ വ്യവസായശാലകൾക്കായി ഗ്രീൻ ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നതിനുള്ള പദ്ധതി നിർദേശം അനെർട്ടിനു വേണ്ടി തയാറാക്കിയതു ജർമൻ ഏജൻസിയായ ജിഐസെഡ് ആണ്. 

72000 കോടി രൂപയുടെ നിക്ഷേപവാഗ്ദാനവുമായി വാണിജ്യാടിസ്ഥാനത്തിൽ ഗ്രീൻ ഹൈഡ്രജൻ ഉൽപാദിപ്പിക്കാൻ ചില കമ്പനികൾ സർക്കാരിനെ സമീപിച്ചിരുന്നു. ഇവ അനെർട്ടിന്റെ പരിഗണനയിലാണ്.

സ്ഥലമേറ്റെടുക്കൽ: ചർച്ച തുടങ്ങി

പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഇന്നവേഷൻ ക്ലസ്റ്ററിന് അധികം സ്ഥലം ആവശ്യമില്ല. തിരുവനന്തപുരം മുട്ടത്തറയിൽ ജല അതോറിറ്റിയുടെ സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റിനു സമീപത്തെ സ്ഥലവും കൊച്ചിയിൽ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽ (ടിസിസി)സിന്റെ സ്ഥലവുമാണ് ഇപ്പോൾ പരിഗണനയിൽ. ടെൽക്, കൊച്ചിൻ പോർട്ട് എന്നിവയുമായും ചർച്ച നടക്കുന്നു. മൊബിലിറ്റി പദ്ധതിയിൽ ടിസിസി, കൊച്ചി വിമാനത്താവള കമ്പനി തുടങ്ങിയ പല സ്ഥലങ്ങളിലും ഫില്ലിങ് സ്റ്റേഷൻ പരിഗണനയിലുണ്ട്.

ഗ്രീൻ ഹൈഡ്രജൻ

ഗ്രീൻ ഹൈഡ്രജനും രാസഘടനയിൽ സാധാരണ ഹൈഡ്രജൻ (ഗ്രേ ഹൈഡ്രജൻ) തന്നെയാണ്. എന്നാൽ ഉൽപാദിപ്പിക്കുന്ന രീതി വ്യത്യസ്തമാണ്. ഫോസിൽ ഇന്ധനത്തെ ആശ്രയിക്കാതെ സൗരോർജവും കാറ്റും ഉപയോഗപ്പെടുത്തിയാണ് ഉൽപാദനം. കാർബൺ പുറന്തള്ളൽ ‘പൂജ്യം’ ആയിരിക്കും. പെട്രോൾ നിറയ്ക്കുന്നതുപോലെ എളുപ്പത്തിൽ വാഹനത്തിൽ നിറയ്ക്കാനുമാകും.

ഗ്രീൻ ഹൈഡ്രജൻ ഉൽപാദനത്തിനു പല കമ്പനികളുടെയും അപേക്ഷ അനെർട്ടിന്റെ മുൻപിലുണ്ട്. ഗ്രീൻ ഹൈഡ്രജൻ നയം സർക്കാർ അംഗീകരിച്ചശേഷം നയത്തിന് അനുസൃതമായി അപേക്ഷകൾ പരിഗണിക്കും.’’

നരേന്ദ്രനാഥ് വേലൂരി, അനെർട്ട് സിഇഒ

English Summary:

Government with Green hydrogen project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com