ADVERTISEMENT

തുടര്‍ച്ചയായി ഏഴാം തവണയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. അതൊരു ചരിത്രമുഹൂര്‍ത്തമായിരുന്നു. അത്തരമൊരു വേളയില്‍ കാര്‍ഷികം പോലൊരു സുപ്രധാനമേഖലയില്‍ ശ്രദ്ധേയമായ നിരവധി പദ്ധതികളാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. 

കേന്ദ്ര ബജറ്റില്‍ 1.52 ലക്ഷം കോടി രൂപയാണ് കൃഷിക്കും അനുബന്ധ മേഖലകള്‍ക്കുമായി നീക്കിവച്ചിരിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു കോടി കര്‍ഷകരെ നാച്ചുറല്‍ ഫാമിങ്ങിലേക്ക് കൊണ്ടുവരുമെന്ന സുസ്ഥിര വികസനത്തിലധിഷ്ഠിതമായ പ്രഖ്യാപനവുമുണ്ട്. ഇത് ദീര്‍ഘകലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ കാര്‍ഷിക രംഗത്തെ സുരക്ഷിമാക്കാന്‍ സഹായിക്കും. 

സുസ്ഥിരത, അടിസ്ഥാനസൗകര്യം, ഉല്‍പ്പാദനക്ഷമത എന്നീ ഘടകങ്ങളില്‍ പ്രത്യേക ഊന്നല്‍ നല്‍കിയാണ് പ്രഖ്യാപനങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. നാച്ചുറല്‍ ഫാമിങ്ങിലെ ഊന്നല്‍ കെമിക്കല്‍ ഫെര്‍ട്ടിലൈസറുകള്‍ക്കും കീടനാശിനികള്‍ക്കും മേലുള്ള കര്‍ഷകരുടെ ആശ്രയത്വം കുറയ്ക്കാന്‍ സഹായിക്കും. മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും ജൈവവൈവിധ്യം കാത്ത് സൂക്ഷിക്കാനും ഇത് സഹായിക്കുമെന്നത് പ്രകൃതി സ്‌നേഹികള്‍ക്കും ആവേശം നല്‍കുന്നു.

ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുള്ള, കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്ന 109 പുതിയ വിത്തുകള്‍ കര്‍ഷകര്‍ക്കായി അവതരിപ്പിക്കുമെന്ന പ്രഖ്യാപനത്തിനും മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്കായി ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ ക്രിയാത്മകമായി വികസിപ്പിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാനം വലിയ മാറ്റങ്ങളുണ്ടാക്കിയേക്കും.  

കുതിച്ച് കാര്‍ഷിക ഓഹരികള്‍

കാര്‍ഷിക അധിഷ്ഠിത ലിസ്റ്റഡ് കമ്പനികള്‍ ബജറ്റ് പ്രഖ്യാപനത്തില്‍ മികച്ച ആവേശം പ്രകടമാക്കി. ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കാവേരി സീഡിന്റെ ഓഹരിയില്‍ 11 ശതമാനം കുതിപ്പാണുണ്ടായത്. 52 ആഴ്ച്ചയിലെ ഏറ്റവും വലിയ  ഉയരത്തിലാണ് കമ്പനി. ജെയിന്‍ ഇറിഗേഷന്‍ സിസ്റ്റംസിന്റെ ഓഹരിയിലും വര്‍ധനവുണ്ടായി. മംഗളം സീഡ്‌സ്, ജെ കെ അഗ്രി ജനറ്റിക്‌സ് തുടങ്ങിയ ഓഹരികളുടെ വിലയിലും ബജറ്റിനോട് അനുബന്ധിച്ച് വര്‍ധനവുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com