ADVERTISEMENT

ന്യൂഡൽഹി∙ 2030 വരെ രാജ്യത്തെ കാർഷികേതര മേഖലകളിൽ ഓരോ വർഷവും 78.5 ലക്ഷം വീതം തൊഴിലുകൾ സൃഷ്ടിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക സർവേയിൽ മുന്നറിയിപ്പ്. ഓരോ വർഷവും വർധിച്ചുവരുന്ന ഉദ്യോഗാർഥികൾക്ക് തൊഴിൽ ഉറപ്പാക്കാൻ ഇത് അനിവാര്യമാണ്.

കാർഷികമേഖലയിൽ ജോലിയെടുക്കുന്നവർ അതുപേക്ഷിച്ച് മറ്റു തൊഴിലുകൾ നോക്കുന്നതു കൊണ്ടു കൂടിയാണിത്. 

2023ൽ കാർഷികമേഖലയിൽ തൊഴിലെടുത്തവരുടെ എണ്ണം 2047ൽ നാലിലൊന്നായി കുറയുമെന്നാണ് അനുമാനം.

ഇവരെക്കൂടി മറ്റു മേഖലകളിൽ പരിഗണിക്കേണ്ടതായി വരുമെന്നാണു സാമ്പത്തിക സർവേയിലെ നിരീക്ഷണം.

അഗ്രോ പ്രോസസിങ്, കെയർ വർക് (മുതിർന്നവരെയും കുട്ടികളെയും പരിപാലിക്കുന്ന ജോലി) എന്നീ മേഖലകളിൽ കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കണമെന്നതാണു പ്രധാന ശുപാർശ.

‘ഇറക്കുമതിയല്ല, ചൈനീസ് നിക്ഷേപമാണ് വേണ്ടത്’

ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നതിനു പകരം ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താൻ അവസരം നൽകുന്നതാണ് ഉചിതമെന്ന് സാമ്പത്തിക സർവേയിൽ നിരീക്ഷണം. ചൈനീസ് വിദേശനിക്ഷേപം (എഫ്ഡിഐ) സ്വീകരിക്കുന്നതാണ് ഇന്ത്യയ്ക്ക് നല്ലത്. ഇലക്ട്രോണിക്സ് രംഗത്തടക്കം അസംസ്കൃതവസ്തുക്കൾ ഇന്ത്യ ചൈനയിൽ നിന്നു തന്നെയാണ് ഇറക്കുമതി ചെയ്യുന്നത്. ഇതുവഴി ചൈനയുമായുള്ള വ്യാപാരക്കമ്മി കൂടുതൽ വർധിക്കുകയേ ചെയ്യൂ.

ഇതിനു പകരം ചൈനീസ് കമ്പനികൾ ഇവിടെ നിക്ഷേപം നടത്തി, ഇന്ത്യയിൽ നിന്നു മറ്റു രാജ്യങ്ങളിലേക്ക് ഉൽപന്നങ്ങൾ കയറ്റുമതി നടത്തുന്നതാണ് ഉചിതമെന്നും സർവേ പറയുന്നു.

രാജ്യാന്തര തലത്തിലെ സമവാക്യങ്ങൾ മാറുന്നതിനനുസരിച്ച് ‘ചൈന പ്ലസ് വൺ’ തന്ത്രത്തിലേക്ക് മിക്ക രാജ്യങ്ങളും മാറിയിട്ടുണ്ട്.

 ചൈനയെ മാത്രമായി ആശ്രയിക്കുന്നതിനു പകരം മറ്റൊരു രാജ്യവുമായി സഹകരിക്കുന്നതാണ് ചൈന പ്ലസ് വൺ തന്ത്രം.

‘ഊഹക്കച്ചവടത്തിന് ഇന്ത്യ പോലൊരു രാജ്യത്ത് ഇടമില്ല’

എഫ് ആൻഡ് ഒ വ്യാപാരം നടത്തുന്നവർക്കെതിരെ കേന്ദ്രത്തിന്റെ രൂക്ഷ വിമർശനം

ന്യൂഡൽഹി∙ ഡെറിവേറ്റീവ് ട്രേഡിങ് വിഭാഗത്തിൽ വരുന്ന ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (എഫ് ആൻഡ് ഒ) രീതിക്കെതിരെ രൂക്ഷമായ ഭാഷയിൽ സാമ്പത്തിക സർവേ വിമർശിച്ചു. ‘ഊഹക്കച്ചടവം’ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

government-job-gif

വികസനത്തിന്റെ പാതയിലുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഊഹക്കച്ചടവത്തിന് യാതൊരു സ്ഥാനവുമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭാവിയിലെ ഏതെങ്കിലും ദിവസം കണക്കാക്കി അന്നുണ്ടാകാൻ സാധ്യതയുള്ള വിലയിൽ വാങ്ങലും വിൽക്കലും നടത്താൻ ഏർപ്പെടുന്ന കരാറുകളാണ് ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ്.

നഷ്ടസാധ്യതയേറെയുള്ളതിനാൽ ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ ‘സെബി’യടക്കം എഫ് ആൻഡ് ഒ ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്രയും രൂക്ഷമായ വിമർശനം ആദ്യമാണ്.

ഓഹരിവിപണിയിലെ വീഴ്ചകൾ വഴി നിക്ഷേപകർക്ക് അവർ വഞ്ചിതരായെന്ന തോന്നലുണ്ടാകാമെന്ന് റിപ്പോർട്ട് പറയുന്നു.

എളുപ്പത്തിൽ ലാഭമുണ്ടാക്കാമെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാകാമെന്നും സർവേ ചൂണ്ടിക്കാട്ടി.

തൊഴിൽ മേഖലയിൽ എഐ അനിശ്ചിതത്വം സൃഷ്ടിക്കും

ന്യൂഡൽഹി∙ ഇന്ത്യയിലെ വിവിധ തൊഴിൽ വിഭാഗങ്ങൾക്കിടയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വലിയ അനിശ്ചിതത്വം സൃഷ്ടിച്ചേക്കാമെന്ന് സാമ്പത്തിക സർവേ. ബിപിഒ (ബിസിനസ് പ്രോസസിങ് ഔട്സോഴ്സിങ്), കോൾ സെന്റർ ജോലികളായിരിക്കും കൂടുതൽ ഭീഷണി നേരിടുകയെന്നും വിലയിരുത്തിയിട്ടുണ്ട്.

എഐ തൊഴിലിനെ ബാധിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഭാവിയിൽ ഉയർന്ന വളർച്ചനിരക്ക് നിലനിർത്തുന്നതിന് വെല്ലുവിളിയായേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഉൽപാദനക്ഷമത ഉയർത്താൻ എഐയുടെ ഉപയോഗത്തിനു കഴിയും. എന്നാൽ ചില മേഖലകളിലെ തൊഴിൽരീതികളെ ഇത് ബാധിക്കും. കസ്റ്റമർ സർവീസ് പോലെ ഒരേ കാര്യം തന്നെ ആവർത്തിച്ചു ചെയ്യുന്ന മേഖലകളിൽ വലിയ തോതിലുള്ള ഓട്ടമേഷൻ പ്രതീക്ഷിക്കാം.

തൊഴിലുറപ്പ് പദ്ധതി: ഉദാഹരണമായി കേരളം

 ‘ഫണ്ട് വിനിയോഗവും ദാരിദ്ര്യവും തമ്മിൽ ബന്ധമില്ല’

ന്യൂഡൽഹി∙ മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി വിനിയോഗിക്കുന്ന തുകയും ദാരിദ്ര്യവും തമ്മിൽ ബന്ധമില്ലെന്ന് തെളിയിക്കാനായി കേരളത്തിന്റെയടക്കം ഉദാഹരണം പങ്കുവച്ച് സാമ്പത്തിക സർവേ. രാജ്യത്തെ ദരിദ്രരുടെ 0.1% മാത്രമുള്ള കേരളം ആകെ തുകയുടെ 4% ഉപയോഗിച്ചു. രാജ്യത്തെ ദരിദ്രരുടെ ഒരു ശതമാനം മാത്രമുള്ള തമിഴ്നാട് ഫണ്ടിന്റെ 15 ശതമാനമാണ് ഉപയോഗിച്ചത്. അതേസമയം 20 ശതമാനത്തോളം ദരിദ്രരുള്ള ബിഹാറും 25 ശതമാനത്തോളം ദരിദ്രരുള്ള യുപിയും യഥാക്രമം 6 ശതമാനവും 11 ശതമാനവും ഫണ്ടാണ് ഉപയോഗിച്ചത്.

English Summary:

economic survey warning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com