നികുതി കൂടുമെങ്കിലും ദീർഘകാലനിക്ഷേപങ്ങൾ അനുകൂലം
Mail This Article
മാനവവിഭവശേഷി വികസനം, ഊർജം, അടിസ്ഥാന സൗകര്യങ്ങൾ, കാർഷിക മേഖലയിലെ ഉൽപാദനക്ഷമത, പ്രതിരോധശേഷി വർധിപ്പിക്കൽ, ഉൽപാദന– സേവന മേഖലയുടെ വികസനം തുടങ്ങിയവയ്ക്കു ബജറ്റിൽ നൽകിയ ഊന്നൽ ആ മേഖലയിലെ കമ്പനികളുടെ വളർച്ചയ്ക്കു കാരണമാകും. ഇത് ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് കൂടുതൽ സ്വത്ത് സമ്പാദനത്തിനു വഴിയൊരുക്കും. മൂലധനനേട്ട നികുതിയിളവ് പരിധി 1.25 ലക്ഷമാക്കി വർധിപ്പിച്ചതും നിക്ഷേപകർക്കു നേട്ടമാകും. എന്നാൽ, നികുതി വർധന നിക്ഷേപകരുടെ പ്രതീക്ഷയ്ക്കു ചെറിയ മങ്ങലേൽപിച്ചു. ഒരു വർഷത്തിനുള്ളിൽ ഓഹരികൾ വിൽക്കുന്നതു വഴി ലഭിക്കുന്ന ലാഭത്തിന് ഇനിമുതൽ 20% നികുതിയാണു നൽകേണ്ടി വരിക. അതായത് 5 ലക്ഷം രൂപയുടെ ലാഭം ഒരു വർഷം ഓഹരി വിൽപനയിലൂടെ നേടിയാൽ ഒരു ലക്ഷം രൂപ നികുതി നൽകണം. ഒരു വർഷത്തിനുള്ളിൽ ക്ലോസ് ചെയ്യുന്ന മ്യൂച്വൽ ഫണ്ടുകൾ താരതമ്യേന കുറവാണെങ്കിലും ഓഹരി ‘ട്രേഡേഴ്സി’നെ നികുതി വർധന ബാധിക്കും. ദീർഘകാല നിക്ഷേപത്തിനും കൂടുതൽ നികുതി കൊടുക്കേണ്ടിവരും–12.5 %. അതേസമയം, ഓഹരി വിപണിയിലെത്തുന്നവർ താരതമ്യേന റിസ്ക് കുറഞ്ഞ ‘ദീർഘകാല’ നിക്ഷേപകരായി മാറാൻ ഈ നികുതി വർധന കാരണമായേക്കും. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇൻഡക്സേഷൻ ആനുകൂല്യം നീക്കം ചെയ്തത് ആ മേഖലയിലെ നിക്ഷേപത്തെ ബാധിച്ചേക്കും. അധിക നികുതി ബാധ്യത ഓഹരി വിപണിയെ ഹ്രസ്വകാലത്തേക്ക് പ്രതികൂലമായി ബാധിച്ചേക്കാമെങ്കിലും ഓഹരി അധിഷ്ഠിത നിക്ഷേപങ്ങൾ ദീർഘകാല നിക്ഷേപകർക്ക് മികച്ച ആദായം ലഭ്യമാക്കുന്നതിന് ‘വികസിത് ഭാരത്’ പദ്ധതികൾക്ക് കഴിയും.
തൊഴിൽദായകരുടെ എൻപിഎസ് വിഹിതം 10 ശതമാനത്തിൽ നിന്ന് 14 ആക്കി ഉയർത്തിയതിനാൽ കൂടുതൽ തുക നിക്ഷേപത്തിലേക്ക് മാറ്റാനുള്ള സാഹചര്യമൊരുങ്ങും.
എൻപിഎസ് വാത്സല്യ എന്ന പുതിയ പദ്ധതി വഴി മാതാപിതാക്കൾക്കോ രക്ഷകർത്താക്കൾക്കോ അക്കൗണ്ടുകൾ ആരംഭിക്കാനും കുട്ടികളുടെ പേരിൽ നിക്ഷേപിക്കാനും കഴിയും. കുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ ഈ അക്കൗണ്ടുകൾ സാധാരണ എൻപിഎസ് അക്കൗണ്ടുകളാക്കി മാറ്റാം. ഇതു കുട്ടികൾക്കായുള്ള സാമ്പത്തിക ആസൂത്രണം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയാണ്.