സ്വർണം, വെള്ളി വിലകുറയും മിന്നും, മിന്നിത്തിളങ്ങും!
Mail This Article
കൊച്ചി ∙ ബജറ്റിൽ സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കി കുറച്ചതോടെ ഇവയുടെ വിലയിൽ വൻ കുറവുണ്ടാകും. ഇറക്കുമതി തീരുവ 15.4 ശതമാനത്തിൽ നിന്ന് 6.4 ശതമാനമാക്കി കുറച്ചതോടെ പ്ലാറ്റിനം വിലയും കുറയും. സ്വർണം ഗ്രാമിന് 500 രൂപ വരെ കുറവുണ്ടായേക്കാമെന്നാണു സൂചന.
ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ സ്വർണം ഗ്രാമിന് 250 രൂപയും പവന് 2000 രൂപയും കുറഞ്ഞതു തന്നെ ഇതിന്റെ തെളിവാണ്. ഇന്നലെ രാവിലെ പവന് 53,960 രൂപയും ഗ്രാമിന് 6745 രൂപയുമായിരുന്ന സ്വർണവില ഉച്ചയോടെ 51,960 രൂപയും 6495 രൂപയുമായി കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 95 രൂപയാണ് ഇന്നലത്തെ വില. വരും ദിവസങ്ങളിൽ 10 ഗ്രാം വെള്ളിക്ക് 45 രൂപ വരെ കുറവു വന്നേക്കും.
ലക്ഷ്യം കള്ളക്കടത്തു കുറയ്ക്കൽ
ഇറക്കുമതി തീരുവ കുറയുന്നതോടെ ഒരു കിലോ സ്വർണം കൊണ്ടുവരുന്നതിന്റെ ചെലവിൽ 6 ലക്ഷത്തിലധികം രൂപയുടെ വ്യത്യാസം വരും. നേരത്തെ ഒരു കിലോ സ്വർണത്തിന് ഇറക്കുമതി നികുതിയായി 9.8 ലക്ഷം രൂപയും ഒരു കിലോ വെള്ളി ഇറക്കുമതി ചെയ്യുമ്പോൾ 12,700 രൂപയും നൽകണമായിരുന്നു. ഇനി കള്ളക്കടത്ത് കുറയുമെന്നാണു പ്രതീക്ഷ. പ്രതിദിനം ഉയർന്നു കൊണ്ടിരിക്കുന്ന സ്വർണവില പിടിച്ചു നിർത്തുക, സ്വർണത്തിന്റെ ആവശ്യം കൂട്ടുക തുടങ്ങിയ ലക്ഷ്യങ്ങളും പ്രഖ്യാപനത്തിനു പിന്നിലുണ്ട്.
നരേന്ദ്ര മോദി സർക്കാരിന്റെ 2014 ലെ ആദ്യ ബജറ്റിലാണ് സ്വർണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്നു 12 ശതമാനമാക്കിയത്. കഴിഞ്ഞ സർക്കാരിന്റെ 2019 ലെ ആദ്യ ബജറ്റിൽ അത് 12 ൽ നിന്ന് 15 ശതമാനമാക്കി. 2004 ൽ തീരുവ 2 ശതമാനമായിരുന്നു.
12.5% നികുതിയും 2.5% സെസും ചേർത്താണ് ഇറക്കുമതി തീരുവ 15% ആയിരുന്നത്. ഇതിനു പുറമേ 3% ജിഎസ്ടിയും നൽകണമായിരുന്നു. ഇത് സ്വർണക്കള്ളക്കടത്ത് കൂടാൻ ഇടയാക്കി. പ്രതിവർഷം 800 ടൺ വരെ സ്വർണമാണ് നികുതിയടച്ച് രാജ്യത്തേക്ക് കൊണ്ടുവരുന്നത്. ഇത്രയും തന്നെ അനധികൃത മാർഗത്തിലൂടെ എത്തുന്നു. ഏറ്റവും കൂടുതൽ സ്വർണ വിൽപന നടക്കുന്ന കേരളത്തിൽ അനധികൃത സ്വർണ വ്യാപാര മേഖല ഏകദേശം 2 ലക്ഷം കോടി രൂപയുടേതാണ്. അനധികൃത സ്വർണക്കടത്തിലൂടെ ഖജനാവിലേക്ക് എത്താതെ പോകുന്നത് 3000 കോടി രൂപ നികുതി.
സ്വാഗതം ചെയ്ത് വ്യാപാര മേഖല
ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള തീരുമാനത്തെ സ്വർണ വ്യാപാര മേഖല സ്വാഗതം ചെയ്തു. സ്വർണാഭരണ നിർമാതാക്കളുടെയും വ്യാപാരികളുടെയും ദീർഘനാളത്തെ ആവശ്യമായിരുന്നു. ചെറുകിട, ഇടത്തരം ആഭരണ നിർമാതാക്കൾക്ക് തീരുമാനം ഗുണം ചെയ്യുമെന്നും അനധികൃത സ്വർണക്കടത്ത് കുറയ്ക്കാൻ സഹായിക്കുമെന്നും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
ഒരു കിലോ സ്വർണം അനധികൃതമായി കടത്തുമ്പോൾ കള്ളക്കടത്തുകാർക്ക് ലഭിച്ചിരുന്ന ലാഭം 10 ലക്ഷം രൂപയായിരുന്നു. തീരുവ കുറച്ചതോടെ ഇത് 4 ലക്ഷമായി കുറയുമെന്നും അനധികൃത സ്വർണക്കടത്ത് കുറയുമെന്നും അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ പറഞ്ഞു.
നികുതി കുറയും സ്വർണമേഖലയിൽ തൊഴിൽ കൂടും
തൃശൂർ ∙ കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ കുറയ്ക്കുമെന്ന പ്രഖ്യാപനം സ്വർണാഭരണ നിർമാണ രംഗത്ത് കൂടുതൽ തൊഴിൽ സൃഷ്ടിക്കും. വർധിച്ച വില മൂലം പല പ്രതിസന്ധികൾ നേരിടുന്ന ആഭരണ നിർമാണ രംഗത്തെ തൊഴിലാളികൾക്കു പ്രതീക്ഷ പകരുന്നതാണു ബജറ്റിലെ പ്രഖ്യാപനം. വിലവർധന മൂലം വിപണിയിലെ ഡിമാൻഡ് ഇടിഞ്ഞതോടെ തൊഴിലവസരങ്ങളും കുറഞ്ഞിരുന്നു. സ്വർണത്തിനു വില കുറയുമ്പോൾ സ്വാഭാവികമായും കച്ചവടം കൂടുമെന്നും ഇതു തൊഴിലവസരങ്ങൾ കൂട്ടാനിടയാക്കുമെന്നും ജ്വല്ലറി മാനുഫാക്ചറിങ് അസോസിയേഷൻ പ്രസിഡന്റ് രവി ചെറുശേരി പറഞ്ഞു.