ADVERTISEMENT

ടാൻസാനിയയിലെ കണ്ടെയ്നർ ടെർമിനൽ ഏറ്റെടുത്ത് ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കും ആദ്യമായി നിക്ഷേപത്തിന്‍റെ വലയെറിഞ്ഞ അദാനി ഗ്രൂപ്പ്, കെനിയയുടെ ആകാശവും കീഴടക്കാനൊരുങ്ങുന്നു.

കെനിയൻ തലസ്ഥാനമായ നെയ്റോബിയിലെ ജോമോ കെനിയാത്ത രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ പാസഞ്ചർ ടെർമിനലും റൺവേയും നിർമിക്കാനുള്ള താൽപര്യപത്രമാണ് ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന് കീഴിലെ അദാനി എയർപോർട്ട് ഹോൾഡിങ്സ് കെനിയൻ സർക്കാരിന് സമർപ്പിച്ചത്.

വിമാനത്താവളത്തിലെ നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രൊപ്പോസലും ഇതോടൊപ്പമുണ്ടെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

സാങ്കേതിക, ധനകാര്യ, നിയമ അവലോകനത്തിന് ശേഷമായിരിക്കും പ്രൊപ്പോസലിന്മേൽ കെനിയൻ സർക്കാർ അന്തിമ തീരുമാനമെടുക്കുകയെന്ന് കെനിയ എയർപോർട്ട് അതോറിറ്റി (കെഎഎ) വ്യക്തമാക്കി. ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ബിഒടി) അടിസ്ഥാനത്തിലായിരിക്കും കരാർ.

കെനിയയുടെ ലക്ഷ്യം പ്രതാപം വീണ്ടെടുക്കൽ
 

ഒരുകാലത്ത് മേഖലയിലെ വിമാനയാത്രാ ഹബ്ബ് ആയിരുന്നു നെയ്റോബിയിലെ രാജ്യാന്തര വിമാനത്താവളം. അയൽരാജ്യമായ ഇത്യോപ്യയിലെ വിമാനത്താവളം പിന്നീട് ഈ പട്ടം പിടിച്ചെടുത്തു. അടിസ്ഥാന സൗകര്യങ്ങൾ ആധുനികവൽകരിച്ച് പഴയ പ്രതാപം വീണ്ടെടുക്കാനായാണ് കെനിയൻ സർക്കാർ ടെൻഡർ ക്ഷണിച്ചത്. ഇതുപ്രകാരമായിരുന്നു അദാനിയുടെ പ്രൊപ്പോസൽ. ഏകദേശം 185 കോടി ഡോളർ (15,500 കോടി രൂപ) ചെലവാണ് വിമാനത്താവള നവീകരണത്തിന് വിലയിരുത്തുന്നത്.

അദാനി എയർപോർട്സ്
 

ഇന്ത്യയിലാണ് നിലവിൽ അദാനി എയർപോർട്സ് ഹോൾഡിങ്സിന്‍റെ സാന്നിധ്യം. മുംബൈ, അഹമ്മദാബാദ്, ജയ്പുർ, ലക്നൗ, മംഗളൂരു, തിരുവനന്തപുരം, ഗുവഹാത്തി വിമാനത്താവളങ്ങളുടെ നിയന്ത്രണം നിലവിൽ അദാനി എയർപോർട്ട് ഹോൾഡിങ്സിനാണ്. 

adani

രാജ്യത്തെ ആഭ്യന്തര വിമാനയാത്രകളുടെ മുന്തിയപങ്കും നടക്കുന്നത് ഈ വിമാനത്താവളങ്ങളിലൂടെയാണ്. നവി മുംബൈയിൽ പുതിയ രാജ്യാന്തര വിമാനത്താവളവും കമ്പനി സജ്ജമാക്കുന്നുണ്ട്.

English Summary:

Adani Group Eyes Major Airport Project in Nairobi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com