വിലക്കയറ്റത്തിനിടെ സ്വർണ നിക്ഷേപം ഉഷാറാക്കി ഇന്ത്യക്കാർ; പൊന്ന് വാരിക്കൂട്ടി റിസർവ് ബാങ്കും
Mail This Article
സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തിയ കഴിഞ്ഞ ത്രൈമാസത്തിൽ (ഏപ്രിൽ-ജൂൺ) രാജ്യാന്തര തലത്തിലുണ്ടായത് കനത്ത ഡിമാൻഡ് ഇടിവെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്തൃ രാജ്യങ്ങളായ ഇന്ത്യയിലും ചൈനയിലും ആഭരണ ഡിമാൻഡിൽ വൻ കുറവുണ്ടായി.
രാജ്യാന്തര തലത്തിലെ സ്വർണാഭരണ (Gold jewellery) ആവശ്യകത മുൻവർഷത്തെ സമാനകാലത്തെ 479.4 ടണ്ണിൽ നിന്ന് 19 ശതമാനം ഇടിഞ്ഞ് 390.6 ടണ്ണിലെത്തി. ചൈനയിലെ ഡിമാൻഡ് 132.1 ടണ്ണായിരുന്നത് 35 ശതമാനം താഴ്ന്ന് 86.3 ടണ്ണായി.
രണ്ടാമത്തെ വലിയ ഉപഭോക്തൃ രാജ്യമായ ഇന്ത്യ നേരിട്ടത് 17 ശതമാനം ഇടിവാണ്. 128.6 ടണ്ണിൽ നിന്ന് 106.5 ടണ്ണിലേക്കാണ് ഡിമാൻഡ് കുറഞ്ഞത്. കോവിഡിന് ശേഷം സ്വർണാഭരണ ഡിമാൻഡ് ഇന്ത്യയിൽ ഒരുപാദത്തിൽ ഇത്രയും കുറയുന്നത് ആദ്യം.
സ്വർണാഭരണങ്ങൾ ഏറ്റവുമധികം വിറ്റഴിയുന്ന അക്ഷയ തൃതീയ ആഘോഷം നിറഞ്ഞ ത്രൈമാസമായിട്ടും വിൽപന നിറംമങ്ങിയത് വിലവർധന മൂലമാണെന്നും റിപ്പോർട്ടിലുണ്ട്. ജൂൺപാദത്തിൽ ഇന്ത്യയിൽ മൊത്തം സ്വർണ ആവശ്യകത 5 ശതമാനം കുറഞ്ഞു. 158.1 ടണ്ണിൽ നിന്ന് 149.7 ടണ്ണായാണ് കുറഞ്ഞത്.
വിനയായത് വിലക്കയറ്റം, വിൽപന കരകയറുന്നു
കഴിഞ്ഞപാദത്തിൽ (ഏപ്രിൽ-ജൂൺ) രാജ്യാന്തര സ്വർണ വില ഔൺസിന് 2,483 ഡോളർ എന്ന സർവകാല റെക്കോർഡ് രേഖപ്പെടുത്തിയിരുന്നു. കേരളത്തിൽ വില പവന് 55,000 രൂപയെന്ന സർവകാല ഉയരവും തൊട്ടു. വില കത്തിക്കയറിയത് ഉപയോക്താക്കളെ വിപണിയിൽ നിന്ന് അകറ്റുകയായിരുന്നു.
അതേസമയം, ഇപ്പോൾ വില കുറഞ്ഞുനിൽക്കുന്നു എന്നതും കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചതോടെ, ആഭ്യന്തര വിലയും വൻതോതിൽ കുറഞ്ഞതിനാലും നിലവിൽ വിൽപന മെച്ചപ്പെടുന്നുണ്ട്.
കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വിൽപന 10-15 ശതമാനം ഉയർന്നുവെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ വ്യക്തമാക്കിയിരുന്നു. പണിക്കൂലിയും നികുതിയും ഉൾപ്പെടെയുള്ള വാങ്ങൽ വിലയിൽ ബജറ്റിന് മുമ്പത്തേക്കാൾ ഏകദേശം 5,000 രൂപയുടെ കുറവ് നിലവിൽ കേരളത്തിൽ പവൻ വിലയിലുണ്ട്. ഇതാണ്, ഉപയോക്താക്കളെ ആകർഷിക്കുന്നത്.
സ്വർണ നിക്ഷേപങ്ങൾക്ക് പ്രിയം
സ്വർണാഭരണ ഡിമാൻഡ് ഇടിഞ്ഞെങ്കിലും കഴിഞ്ഞപാദത്തിൽ സ്വർണ നിക്ഷേപ പദ്ധതികൾക്ക് വലിയ പ്രിയമുണ്ടായതായി വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു. സ്വർണ നാണയം (Gold Coins), സ്വർണക്കട്ടി (ഗോൾഡ് ബാർ/Gold Bar), സ്വർണ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഗോൾഡ് ഇടിഎഫ്/Gold ETF) എന്നിവയിലേക്കാണ് പ്രധാനമായും നിക്ഷേപമൊഴുകുതിയത്.
ഇന്ത്യയിൽ മൊത്തം സ്വർണ നിക്ഷേപം 29.5 ടണ്ണിൽ നിന്ന് 46 ശതമാനം വർധിച്ച് 43.1 ടണ്ണിലെത്തിയപ്പോൾ ചൈനയിൽ 49.3 ടണ്ണിൽ നിന്ന് 62 ശതമാനം ഉയർന്ന് 80 ടണ്ണിലെത്തി. രാജ്യാന്തര തലത്തിൽ പക്ഷേ വളർച്ചാനിരക്ക് ഒരു ശതമാനം മാത്രം.
ഇന്ത്യയിൽ ഗോൾഡ് ഇടിഎഫിലേക്ക് ജൂൺപാദത്തിൽ അധികമായി രണ്ട് ടണ്ണിന്റെ നിക്ഷേപമെത്തി. ബഹുതല ആസ്തി (മൾട്ടി-അസറ്റ്) ഫണ്ടുകളിൽ നിക്ഷേപ വൈവിധ്യം വേണമെന്ന ചട്ടവും ഈ വളർച്ചയ്ക്ക് തുണയായി.
മൊത്തം നിക്ഷേപത്തിൽ കുറഞ്ഞത് 10 ശതമാനം വീതം ഇക്വിറ്റി (ഓഹരി), കടപ്പത്രം (ഡെറ്റ്), കമ്മോഡിറ്റി (സ്വർണം, ക്രൂഡ് ഓയിൽ മുതലായവ) എന്നിവയിൽ വേണമെന്നാണ് ചട്ടം.
കരുതൽ സ്വർണം ഉയർത്തി റിസർവ് ബാങ്കും
ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്കും കഴിഞ്ഞപാദത്തിൽ സ്വർണം വാങ്ങിക്കൂട്ടി കരുതൽ ശേഖരം വർധിപ്പിച്ചു. 19 ടണ്ണാണ് റിസർവ് ബാങ്ക് വാങ്ങിയതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നു
. 2024ൽ ജനുവരി-ജൂൺ കാലയളവിൽ റിസർവ് ബാങ്ക് ആകെ വാങ്ങിയത് 37 ടൺ. ഇതാകട്ടെ 2022 (33 ടൺ), 2023 (16 ടൺ) വർഷങ്ങളിൽ വാങ്ങിയ മൊത്തം സ്വർണത്തേക്കാൾ കൂടുതലാണ്.
കഴിഞ്ഞപാദത്തിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന 100 ടൺ സ്വർണം റിസർവ് ബാങ്ക് പിൻവലിച്ച് ഇന്ത്യയിലേക്ക് തിരികെക്കൊണ്ടുവന്നത്.