ADVERTISEMENT

കൊച്ചി∙ വൈരക്കല്ലുകൾക്ക് വിലയിടിയുന്നു. ഒരു വർഷത്തിനകം ഏകദേശം 30% മുതൽ 35% വരെ വില താഴ്ന്നു. വില ഇനിയും താഴുമെന്ന സ്ഥിതിയിലാണ്.

ലാബിൽ വളർത്തിയെടുത്ത വൈരക്കല്ലുകൾ കുറഞ്ഞ വിലയുമായി ലോകമാകെ വിപണിയിലെത്തിയതോടെയാണ് ഖനികളിൽ നിന്നു കുഴിച്ചെടുക്കുന്ന സ്വാഭാവിക വൈരക്കല്ലുകൾക്ക് വിലയിടിയാൻ തുടങ്ങിയത്. അതിൽ തന്നെ വലിയ കല്ലുകൾക്കാണ് വൻ വിലയിടിവ്. ഒരു കാരറ്റിന്റെ കല്ലിന് മുൻപ് 8 ലക്ഷം മുതൽ 12 ലക്ഷം വരെ വിലയുണ്ടായിരുന്നത് ഇപ്പോൾ 6–8 ലക്ഷം വരെ താഴ്ന്നിട്ടുണ്ട്.

കല്ലുകളോടുള്ള ആഭിമുഖ്യം രാജ്യാന്തര വിപണികളിൽ കുറഞ്ഞത് ലാബ് കല്ലുകളെയും ബാധിച്ചു. വില മൂന്നിലൊന്നായി കുറഞ്ഞു. അവയ്ക്ക് റീസെയിൽ ഇല്ലെന്നതും ആവശ്യം കുറയാനിടയാക്കി. സ്വാഭാവിക കല്ലുകൾക്കു വന്ന വിലിയിടിവ് മൂലം ഇപ്പോൾ ലാബ് കല്ലുകളുമായി വലിയ വില വ്യത്യാസവുമില്ല.നേരത്തെ, ദക്ഷിണാഫ്രിക്കയിലെ ഖനികളിൽ നിന്നുള്ള വൈരക്കല്ലുകളുടെ വിൽപന കുത്തകയാക്കിയിരുന്ന ഡീബീർസ് കമ്പനിക്കു വെല്ലുവിളിയായി റഷ്യൻ, കനേഡിയൻ ഖനികളിൽ നിന്നുള്ള വൈരക്കല്ലുകൾ വിപണിയിലെത്തിയതാണ് വിലയിടിവിന്റെ തുടക്കം. ലാബിൽ വളർത്തുന്ന സാങ്കേതികവിദ്യയും റഷ്യയിൽ നിന്നാണു വന്നത്. യുഎസ് വിപണിയിൽ സ്വാഭാവിക കല്ലുകളോടുള്ള ആഭിമുഖ്യം കുറയുകയും ലാബ് കല്ലുകളോടു താൽപര്യം കൂടുകയും ചെയ്തു. സ്വാഭാവിക കല്ലുകളുടെ കട്ടിങ്ങും പോളിഷിങ്ങും വൻ വ്യവസായമാക്കിയ സൂറത്തിലും മാന്ദ്യകാലമായി. ചൈന ഇത്തരം കല്ലുകൾ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതു കുറച്ചതാണു കാരണം. നേരത്തെ, ചൈന ഇറക്കുമതി ചെയ്തിരുന്നതിന്റെ 15% മാത്രമേ ഇപ്പോഴുള്ളു.

കേരളത്തിൽ ലാബ് കല്ലുകളുടെ വിൽപന കാര്യമായിട്ടില്ല. ചില ജ്വല്ലറികൾ വേറെ ബ്രാൻഡ് പേരിൽ വിൽപന തുടങ്ങിയിട്ടുണ്ട്. വിവാഹത്തിനും മറ്റും ധരിക്കുന്ന ഡയമണ്ട് നെക്‌ലെസിലും മറ്റും ഉപയോഗിക്കുന്നത് ഒരു സെന്റിലും താഴെ ഭാരമുള്ള ചെറിയ കല്ലുകളായതിനാൽ വിലയിൽ വലിയ മാറ്റിമില്ല. ഇത്തരം കല്ലുകൾ സ്വർണാഭരണശാലകളിൽ നേരത്തെ തന്നെ സ്റ്റോക്കുമുണ്ട്.എങ്കിലും കേരളത്തിലെ നൂറോളം പ്രമുഖ സ്വർണക്കടകളിൽ മാസം 1.5–2 കോടിയുടെ വിൽപനയുണ്ട്. മാസം 150–200 കോടി. വർഷം 2000–2500 കോടിയുടെ വിൽപന.

English Summary:

Gemstone Prices Tumble: Vairakalli Loses 35% Value in One Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com