ADVERTISEMENT

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി നടപ്പുവർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 46.9 ശതമാനം വളർച്ചയോടെ 3,650 കോടി രൂപയുടെ ലാഭം നേടി. വരുമാനം 10 ശതമാനം വർധിച്ച് 35,531 കോടി രൂപയിലുമെത്തി. സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ (എസ്‍യുവി/SUV) വിൽപന വൻതോതിൽ ഉയർന്നതാണ് മാരുതിക്ക് കഴിഞ്ഞപാദത്തിൽ നേട്ടമായത്. ജൂൺപാദത്തിൽ പൊതുവേ ഇന്ത്യയുടെ വാഹന വിപണി നേരിട്ടത് തളർച്ചയായിരുന്നു. മാരുതിയും കഴിഞ്ഞ 9 പാദത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിൽപന വളർച്ചാനിരക്കാണ് കുറിച്ചത്. എന്നാൽ, കമ്പനിയുടെ എസ്‍യുവികളുടെ വിൽപന 29 ശതമാനം വർധിച്ചു. ഇത് മികച്ച ലാഭവും വരുമാനവും നേടാൻ സഹായിക്കുകയായിരുന്നു.

  • Also Read

എല്ലാ ശ്രേണികളിലുമായി ആകെ 5.21 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞപാദത്തിൽ മാരുതി വിറ്റഴിച്ചത്. മുൻവർഷത്തെ സമാനപാദത്തേക്കാൾ 4.8 ശതമാനം മാത്രം അധികം. ഒരു വർഷം മുമ്പ് മാരുതിയുടെ മൊത്തം വിൽപനയിൽ എസ്‍യുവികൾ 25 ശതമാനമായിരുന്നു. കഴിഞ്ഞപാദത്തിൽ ഇത് 31 ശതമാനമായി. മാരുതിയുടെ പ്രവർത്തന മാർജിൻ (EBIT) 3.9 ശതമാനം ഉയർന്ന് 11.1 ശതമാനമായതും നേട്ടമാണ്.

ഓഹരികളിൽ റെക്കോർഡ് നേട്ടം

വാർഷികാടിസ്ഥാനത്തിൽ ലാഭവും വരുമാനവും ഉയർന്നതും ഉൽപാദനച്ചെലവ് കുറഞ്ഞതും മാരുതിയുടെ ഓഹരികൾക്കും നേട്ടമായി. 3.89 ശതമാനം ഉയർന്ന് റെക്കോർഡ് ഉയരമായ 13,375 രൂപയിലാണ് എൻഎസ്ഇയിൽ വ്യാപാരാന്ത്യത്തിൽ മാരുതി സുസുക്കിയുടെ ഓഹരിയുള്ളത്. കമ്പനിയുടെ വിപണിമൂല്യം (മാർക്കറ്റ് കാപ്പിറ്റലൈസേഷൻ) 4 ലക്ഷം കോടി രൂപയും കടന്നിട്ടുണ്ട്. 4.20 ലക്ഷം കോടി രൂപയാണ് വ്യാപാരാന്ത്യത്തിൽ മൂല്യം. കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 33 ശതമാനം നേട്ടം (റിട്ടേൺ) സമ്മാനിച്ച ഓഹരിയാണ് മാരുതി സുസുക്കി.

English Summary:

SUV Sales Fuel Maruti Suzuki's Record Profit and Revenue Growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com