നിലപാട് മാറ്റി കേന്ദ്രം; ജിഎസ്ടി കണക്ക് പുറത്തുവിട്ടു, കേരളത്തിന് നേരിയ വളർച്ച
Mail This Article
ഓരോ മാസത്തെയും ജിഎസ്ടി (ചരക്ക്-സേവ നികുതി) വരുമാനക്കണക്ക് തൊട്ടടുത്ത മാസം ഒന്നാം തീയതി പ്രസിദ്ധീകരിക്കുകയെന്ന പതിവ് ജൂണിൽ തെറ്റിച്ച കേന്ദ്ര സർക്കാർ ഈ മാസം അത് തിരുത്തി.
1.82 ലക്ഷം കോടി രൂപയുടെ മൊത്ത വരുമാനമാണ് ജിഎസ്ടിയായി കഴിഞ്ഞമാസം ദേശീയ തലത്തിൽ ലഭിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കി. 2023 ജൂലൈയേക്കാൾ 10.3 ശതമാനം അധികമാണിത്.
കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവിൽ 32,386 കോടി രൂപ കേന്ദ്ര ജിഎസ്ടിയും (CGST) 40,289 കോടി രൂപ സംസ്ഥാന ജിഎസ്ടിയും (SGST) 96,447 കോടി രൂപ സംയോജിത ജിഎസ്ടിയുമാണ് (IGST). സെസ് ഇനത്തിൽ 12,953 കോടി രൂപയും പിരിച്ചെടുത്തു.
ജൂണിൽ ദേശീയ തലത്തിൽ 1.74 ലക്ഷം കോടി രൂപയാണ് പിരിച്ചതെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ ലഭിച്ച 2.10 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയുടെ ചരിത്രത്തിലെ റെക്കോർഡ് പ്രതിമാസ സമാഹരണം.
കേരളത്തിന് നേരിയ വളർച്ച മാത്രം
കേരളത്തിൽ നിന്ന് ജൂലൈയിൽ 2,493 കോടി രൂപയാണ് ജിഎസ്ടിയായി പിരിച്ചത്. 2023 ജൂലൈയിലെ 2,381 കോടി രൂപയേക്കാൾ 5 ശതമാനം അധികം. സംസ്ഥാന ജിഎസ്ടി, ഐജിഎസ്ടിയിലെ സംസ്ഥാന വിഹിതം എന്നീ ഇനത്തിൽ കേരളത്തിന് കഴിഞ്ഞമാസം 2,514 കോടി രൂപയാണ് കേന്ദ്രം നൽകിയത്. 2023 ജൂലൈയിലെ 2,534 കോടി രൂപയേക്കാൾ ഒരു ശതമാനം കുറവാണിത്.
ഈ വർഷം ജൂണിൽ കേരളത്തിൽ നിന്ന് പിരിച്ച ജിഎസ്ടിക്കണക്ക് കേന്ദ്രം പുറത്തുവിട്ടിട്ടില്ല. എന്നാൽ, സംസ്ഥാന നികുതി വകുപ്പിന്റെ കണക്കുപ്രകാരം ഇത് 2,643.45 കോടി രൂപയാണ്.
കിതച്ചും കുതിച്ചും സംസ്ഥാനങ്ങൾ
ജിഎസ്ടി സമാഹരണത്തിൽ ഏറ്റവും മുന്നിൽ സാമ്പത്തിക തലസ്ഥാനമായ മുംബൈ സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്ര തന്നെയാണ്. 28,970 കോടി രൂപയാണ് ജൂലൈയിൽ മഹാരാഷ്ട്രയിൽ നിന്ന് പിരിച്ചത്.
വെറും ഒരു കോടി രൂപ പിരിച്ച ലക്ഷദ്വീപാണ് ഏറ്റവും പിന്നിൽ. ജിഎസ്ടി പിരിവിലെ വളർച്ചാനിരക്കിൽ മുന്നിൽ മണിപ്പുർ (61%), ലഡാക്ക് (67%), നാഗാലാൻഡ് (34%), ആൻഡമാൻ നിക്കോബാർ (27%), ഛത്തീസ്ഗഡ് (18%), ഒഡീഷ (16%), ഹരിയാന (14%), ഗുജറാത്ത് (13%), കർണാടക (13%) എന്നിവയാണ്.
വരുമാന ഇടിവിൽ മുന്നിൽ ലക്ഷദ്വീപാണ് (-51%). ആന്ധ്രാപ്രദേശ് (-7%), ദാദ്ര ആൻഡ് നാഗർഹവേലി (-4%), മേഘാലയ (–19%), ത്രിപുര (-8%), മിസോറം (-1%), ഹിമാചൽ (-7%) എന്നിവയും നെഗറ്റീവ് വളർച്ചയാണ് നേടിയത്.