ഇൻഫോസിസിനെതിരെ നികുതി ഭീകരതയെന്ന് മോഹൻദാസ് പൈ
Mail This Article
കൊച്ചി∙ ഇൻഫോസിസിനു 32400 കോടിയുടെ ജിഎസ്ടി നോട്ടിസ് ലഭിച്ചത് നികുതി ഭീകരതയെന്ന് മുൻ ചീഫ് ഫിനാൻഷ്യൽ ഓഫിസർ (സിഎഫ്ഒ) മോഹൻദാസ് പൈ. ഐടി കയറ്റുമതിയെ ജിഎസ്ടിയിൽ നിന്ന് പൂർണമായി ഒഴിവാക്കിയിട്ടുണ്ടെന്നും പൈ ചൂണ്ടിക്കാട്ടി.
കയറ്റുമതിയുടെ പേരിരല്ല, വിദേശ ബ്രാഞ്ച് ഓഫിസുകളുടെ ചെലവിന്മേൽ ജിഎസ്ടി അടച്ചില്ല എന്നതാണ് ബെംഗളൂരു ജിഎസ്ടി ഓഫിസ് നൽകിയ ‘പ്രീ ഷോകോസ്’ നോട്ടിസിൽ പറയുന്നത്. 2017 മുതൽ 2022 വരെയുള്ള 5 കാലയളവാണ് നോട്ടിസിനു പരിഗണിച്ചത്. ജിഎസ്ടി ഇന്റലിജൻസ് വിഭാഗം അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കൂടുതൽ ഐടി കമ്പനികൾക്ക് ഇത്തരം നോട്ടിസ് ലഭിക്കുമോ എന്നും ആശങ്ക ഉയർന്നു.
ഐടി രംഗം മാത്രമല്ല കോർപറേറ്റ് ലോകമാകെ ഈ വിവാദം ഏറ്റുപിടിച്ചിരിക്കുകയാണ്. ഐടി കമ്പനികളിലെ വിദേശ നിക്ഷേപത്തെ മാത്രമല്ല വിദേശ ബഹുരാഷ്ട്ര കമ്പനികൾ അവരുടെ ആഗോള ശേഷി വികസന കേന്ദ്രങ്ങൾ (ജിസിസി– ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ) ഇന്ത്യയിൽ സ്ഥാപിക്കാൻ മുന്നോട്ടു വരുന്ന കാലത്ത് ഇത്തരം നടപടി നിക്ഷേപകരെ അകറ്റുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വാർത്ത വന്ന ശേഷം ഇൻഫോസിസിന്റ ഓഹരി വിലയിൽ ഒരു ശതമാനം ഇടിവുണ്ടായി. ആദ്യ ത്രൈമാസ ഫലം വന്നപ്പോൾ ലാഭത്തിൽ 7% വർധന ഉണ്ടായതിനെ തുടർന്ന് ഇൻഫോസിസിന്റെ ഓഹരി വില 19% ഉയർന്നിരുന്നു.