ആദായ നികുതി റിട്ടേൺ; 72% പുതിയ സ്കീമിൽ
Mail This Article
ന്യൂഡൽഹി∙ ജൂലൈ 31 വരെ ഫയൽ ചെയ്യപ്പെട്ട ആദായനികുതി റിട്ടേണുകളിൽ 72 ശതമാനവും പുതിയ സ്കീം പ്രകാരമെന്ന് ധനമന്ത്രാലയം.
7.28 കോടി ആദായനികുതി റിട്ടേണുകളാണ് 31 വരെ ഫയൽ ചെയ്യപ്പെട്ടത്. ഇതിൽ 5.27 കോടി റിട്ടേണും പുതിയ ആദായനികുതി സ്കീം പ്രകാരമാണ്. പഴയ സ്കീമിൽ 2.01 കോടി റിട്ടേണുകൾ (28%) മാത്രം. മൊത്തം റിട്ടേണുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7.5% വർധനയുണ്ട്. 2023 ജൂലൈ 31 വരെ 6.77 കോടി റിട്ടേണുകളാണ് ഫയൽ ചെയ്യപ്പെട്ടത്.
റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതിയായ ജൂലൈ 31ന് മാത്രം 69.92 ലക്ഷം റിട്ടേണുകൾ എത്തി. വൈകിട്ട് 7 മുതൽ 8 വരെ മാത്രം 5.07 ലക്ഷം ഫയലിങ് നടന്നു. 31ന് രാത്രി 8.08ന് ഒരു മിനിറ്റിൽ മാത്രം ഫയൽ ചെയ്യപ്പെട്ടത് 9,367 റിട്ടേണുകളാണ്.
58.57 ലക്ഷം പേർ ആദ്യമായി ഇത്തവണ റിട്ടേൺ ഫയൽ ചെയ്തിട്ടുണ്ട്. ഐടിആർ–1 ((3.34 കോടി), ഐടിആർ–2 (1.09 ലക്ഷം), ഐടിആർ–3 (91.10 ലക്ഷം), ഐടിആർ–4 (1.88 കോടി), ഐടിആർ–5–7 (7.48 ലക്ഷം) എന്നിങ്ങനെയാണ് ഇത്തവണത്തെ ഫയലിങ്ങിന്റെ കണക്ക്. 43.82 ശതമാനവും ഓൺലൈൻ ഫയലിങ്ങാണ്. സമയപരിധിക്കുള്ളിൽ ചെയ്യാത്തവർക്ക് ഡിസംബർ 31 വരെ ഫയൽ ചെയ്യാമെങ്കിലും ലേറ്റ് ഫീ നൽകേണ്ടി വരും. വാർഷിക ആദായം 5 ലക്ഷത്തിനു മുകളിലുള്ളവർക്ക് 5,000 രൂപയും താഴെയുള്ളവർക്ക് 1,000 രൂപയുമാണ് പിഴ.
റിട്ടേണുകളിലെ വർധന
(അസസ്മെന്റ് വർഷം, എണ്ണം എന്ന ക്രമത്തിൽ)
2020-21: 5.78 കോടി
2021-22: 5.77 കോടി
2022-23: 5.82 കോടി
2023-24: 6.77 കോടി
2024-25: 7.28 കോടി