തകർച്ചയുടെ പ്രതിഫലനം സ്വർണവിലയിലും
Mail This Article
ആഗോള ഓഹരി, നാണ്യ വിപണികളിലുണ്ടായ വമ്പൻ ഇടിവ് സ്വർണവിലയെയും ബാധിച്ചു. രാജ്യാന്തര വിപണിയിൽ ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ വിലയിൽ 50 ഡോളറിലേറെ ഇടിവുണ്ടായി. ഇതിന്റെ പ്രതിഫലനം ഇന്ന് ആഭ്യന്തര വിപണിയിലും പ്രതീക്ഷിക്കാം. ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) 2380– 2390 ഡോളർ നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. വൻകിട നിക്ഷേപകർ സ്വർണം വിറ്റ് ലാഭമെടുക്കുന്നതിനാലാണിത്. അതേസമയം, ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കു വലിയ തകർച്ചയുണ്ടായതിനാൽ രാജ്യാന്തര വിപണിയിലെ വിലക്കുറവ് അതേ അനുപാതത്തിൽ ഇവിടെ പ്രതിഫലിക്കില്ല. രൂപയുടെ മൂല്യവും രാജ്യാന്തര വിലയും പരിഗണിച്ച് ദിവസവും സ്വർണവില നിശ്ചയിക്കുന്നതിനാലാണിത്.
പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ, ബംഗ്ലദേശ് പ്രതിസന്ധി, അമേരിക്കയിൽ മാന്ദ്യമുണ്ടാകുമെന്ന പ്രവചനങ്ങൾ, ജപ്പാൻ കേന്ദ്ര ബാങ്കിന്റെ പലിശ ഉയർത്തൽ നടപടി തുടങ്ങിയ ആഗോള സാഹചര്യങ്ങൾ വരും ദിവസങ്ങളിലും സ്വർണവിലയെ സ്വാധീനിച്ചേക്കും. കോവിഡ് അടക്കമുള്ള പ്രതിസന്ധികളുടെ സമയത്ത് തുടക്കത്തിൽ വില ഇടിയുകയും പിന്നീട് വൻതോതിൽ തിരിച്ചുകയറുകയുമാണുണ്ടായത്. പ്രതിസന്ധികൾ തുടർന്നാൽ ‘സുരക്ഷിത നിക്ഷേപമെന്ന’തരത്തിലുള്ള സ്വർണം വാങ്ങൽ കൂടും. ഇത് വില വർധിക്കാനിടയാക്കും.
അസംസ്കൃത എണ്ണവില ഇടിഞ്ഞു
അമേരിക്ക മാന്ദ്യത്തിലേക്കു കടക്കുന്നുവെന്ന സൂചനകളും പശ്ചിമേഷ്യൻ പ്രതിസന്ധിയും അസംസ്കൃതവിലയിലുണ്ടാക്കിയത് 4 ശതമാനത്തോളം ഇടിവ്. ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ ബാരലിന് 76 ഡോളറിലേക്ക് ഇടിഞ്ഞു. ഇത് 8 മാസത്തെ താഴ്ന്ന നിരക്കാണ്. മാന്ദ്യം ഡിമാൻഡ് കുറയ്ക്കുമെന്ന ഭയമാണ് വിപണിയിലുള്ളത്. അമേരിക്കൻ ക്രൂഡിന്റെ വില 73 ഡോളറായി.