കടമ്പകൾ നീക്കി; കാത്തിരിപ്പില്ലാതെ കേരളത്തിൽ വ്യവസായം തുടങ്ങാം
Mail This Article
ചെന്നൈ ∙ കേരളത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കു വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കാൻ വ്യവസായ വകുപ്പും സംസ്ഥാന സർക്കാരും എപ്പോഴും സന്നദ്ധരാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ജനുവരിയിൽ കേരളത്തിൽ നടത്തുന്ന ആഗോള നിക്ഷേപക സംഗമത്തിനു മുന്നോടിയായി നടത്തുന്ന പ്രാഥമിക കൂടിക്കാഴ്ചയുടെ ആദ്യ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ വ്യവസായം ആരംഭിക്കുന്നതിന് നേരിട്ടിരുന്ന മിക്ക പ്രതിസന്ധികളെയും പരിഹരിച്ചു കഴിഞ്ഞു. ലൈസൻസ് നടപടിക്രമങ്ങൾ ഏകജാലകം വഴി ലളിതമാക്കി. ഭൂമി കണ്ടെത്താനുള്ള ബുദ്ധിമുട്ട് സ്വകാര്യ വ്യവസായ പാർക്കുകളുടെ സഹകരണം വഴി മറികടക്കാനാണു ശ്രമം. 27 സ്വകാര്യ വ്യവസായ പാർക്കുകൾ കണ്ടെത്തിക്കഴിഞ്ഞു. ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്ന കാലതാമസം പരിഹരിക്കാൻ കേന്ദ്രീകൃത സംവിധാനങ്ങൾ ഏർപ്പെടുത്തിയതായും രാജീവ് പറഞ്ഞു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) തമിഴ്നാട് കൗൺസിൽ ചെയർമാൻ ശ്രീവാത്സ് റാം, വ്യവസായികളായ നവാസ് മീരാൻ, ശ്രീനാഥ് വിഷ്ണു, വ്യവസായ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ എസ്. ഹരികിഷോർ, സിഐഐ കേരള കൗൺസിൽ ചെയർമാൻ വിനോദ് മഞ്ഞില തുടങ്ങിയവർ പ്രസംഗിച്ചു.