ഓലയ്ക്ക് നനഞ്ഞ തുടക്കം; പിന്നെ കയറ്റം, ഓഹരി വിപണിയിലെ കന്നിയങ്കം വെറും 76 രൂപയ്ക്ക്
Mail This Article
പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഓല ഇലക്ട്രിക്കിന്റെ ഓഹരികളുടെ വ്യാപാരത്തിന് ബിഎസ്ഇയിലും എൻഎസ്ഇയിലും തുടക്കമായി. വിപണി നിരീക്ഷകർ പ്രതീക്ഷിച്ചതുപോലെ പതിഞ്ഞ തുടക്കമാണ് ഓല ഓഹരിക്ക് ലഭിച്ചത്. എൻഎസ്ഇയിൽ 76 രൂപയ്ക്കായിരുന്നു ലിസ്റ്റിങ്ങ്. ഓഗസ്റ്റ് ആറിന് സമാപിച്ച ഐപിഒയിലെ വിലയും ഇതുതന്നെയായിരുന്നു. അതായത്, എൻഎസ്ഇയിലെ ലിസ്റ്റിങ്ങ് വഴി ഓഹരി ഉടമകൾക്ക് നേട്ടം ലഭിച്ചില്ല.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തത് 0.01 ശതമാനം താഴ്ന്ന് 75.99 രൂപയിൽ. 6,146 കോടി രൂപയാണ് ഐപിഒയിലൂടെ ഓല ഇലക്ട്രിക് സമാഹരിച്ചത്. ഐപിഒയിൽ ഓഹരികൾക്ക് 4.27 മടങ്ങ് അധിക അപേക്ഷകൾ ലഭിച്ചിരുന്നെങ്കിലും ഇന്ന് പ്രതീക്ഷിച്ചതിനേക്കാളും കുറവായിരുന്നു.
അതുകൊണ്ട് തന്നെ, ഓല ഓഹരികളുടെ ലിസ്റ്റിങ്ങ് ഐപിഒ വിലയിൽ തന്നെയോ നഷ്ടത്തിലോ ആയിരിക്കുമെന്ന് നിരീക്ഷകർ പ്രതീക്ഷിച്ചിരുന്നു. ലിസ്റ്റിങ്ങിന് മുമ്പ് ഗ്രേ മാർക്കറ്റിൽ (ഓഹരി ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് അനൗദ്യോഗികമായി ഓഹരി വിൽപന നടക്കുക) വില, ഐപിഒ വിലയേക്കാൾ 3-4 രൂപ കുറവുമായിരുന്നു; 72-73 രൂപ നിരക്കിലായിരുന്നു ഗ്രേ മാർക്കറ്റ് വ്യാപാരം.
പിന്നെ കുതിച്ചുകയറ്റം
നേട്ടമില്ലാതെയാണ് ഓല ഓഹരികൾ ലിസ്റ്റ് ചെയ്തതെങ്കിലും പിന്നീട് വില ഉയർന്നു. നിലവിൽ എൻഎസ്ഇയിൽ 15.24 ശതമാനം ഉയർന്ന് 87.58 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിൽ 16.90 ശതമാനം ഉയർന്ന് 88.83 രൂപയിലും. 38,718 കോടി രൂപയാണ് നിലവിൽ ഓല ഇലക്ട്രിക്കിന്റെ വിപണിമൂല്യം.
ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ടൂവീലർ നിർമാതാക്കളായ ഓല, ആഗോളതല വിപുലീകരണമാണ് ഉന്നമിടുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ കമ്പനി 5,009.8 കോടി രൂപയുടെ പ്രവർത്തന വരുമാനം നേടിയിരുന്നു. 2022-23ലെ 2,630 കോടി രൂപയിൽ നിന്നാണ് വളർച്ച. അതേസമയം, കമ്പനിയുടെ നഷ്ടം 1,472 കോടി രൂപയിൽ നിന്ന് 1,584.4 കോടി രൂപയായി വർധിക്കുകയും ചെയ്തിരുന്നു.
ബാറ്ററി പായ്ക്ക്, മോട്ടോർ, വാഹന ഫ്രെയിം എന്നിവയും നിർമിക്കുന്ന ഓല, ഐപിഒയിലൂടെ സമാഹരിച്ച തുകയിൽ 1,227.64 കോടി രൂപ ഉൽപാദനശേഷി വർധിപ്പിക്കാനാണ് പ്രയോജനപ്പെടുത്തുക. 800 കോടി രൂപ കടം വീട്ടാനും 1,600 കോടി രൂപ ഗവേഷണത്തിനും ഉൽപന്ന വികസനത്തിനും 350 കോടി രൂപ വളർച്ച മെച്ചപ്പെടുത്താനും ഉപയോഗിക്കും. നിലവിൽ വെബ്സൈറ്റിന് പുറമേ 870 എക്സ്പീരിയൻസ് സെന്ററുകളും 431 സർവീസ് സെന്ററുകളുമാണ് കമ്പനിക്കുള്ളത്.
ഭവിഷ് അഗർവാളിന് ലോട്ടറി
2017ൽ ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ച ഓല ഇലക്ട്രിക് ഇതുവരെ ലാഭം കൈവരിച്ചിട്ടില്ല. 72-76 രൂപ നിരക്കിലായിരുന്നു ഓല ഇലക്ട്രിക്കിന്റെ ഐപിഒ. ഇതിൽ 72 രൂപയ്ക്കായിരുന്നു ലിസ്റ്റിങ് എങ്കിൽപ്പോലും ഓല ഇലക്ട്രിക് സ്ഥാപകൻ ഭവിഷ് അഗർവാളിന് അത് ലോട്ടറിയാണ്. ഓഹരി 72 രൂപയ്ക്ക് ലിസ്റ്റ് ചെയ്താൽ അദ്ദേഹത്തിന്റെ ആസ്തിയിൽ 120 കോടി ഡോളറിന്റെ (ഏകദേശം 10,000 കോടി രൂപ) വർധനയുണ്ടാകും. മൊത്തം ആസ്തി 230 കോടി ഡോളറുമാകും (19,297 കോടി രൂപ).