തീരപരിപാലന പ്ലാൻ ഒക്ടോബറിൽ പ്രാബല്യത്തിലായേക്കും
Mail This Article
തിരുവനന്തപുരം ∙ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തടസ്സങ്ങളുന്നയിച്ചില്ലെങ്കിൽ ഒക്ടോബറോടെ പുതിയ തീരപരിപാലന പ്ലാൻ സംസ്ഥാനത്തു പ്രാബല്യത്തിൽ വരും. സംസ്ഥാന തീരപരിപാലന അതോറിറ്റിക്കു വേണ്ടി ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം തയാറാക്കിയ പ്ലാൻ ഇന്നലെ സംസ്ഥാന സർക്കാരിന് ഔദ്യോഗികമായി കൈമാറി. മന്ത്രിസഭയുടെ അംഗീകാരത്തോടെ രണ്ടാഴ്ചയ്ക്കകം പ്ലാൻ കേന്ദ്രത്തിനു സമർപ്പിക്കും.
കേന്ദ്ര അംഗീകാരത്തിനു ശേഷം പ്ലാനിലെ അളവുകോലുകളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. 1:25000 എന്നതാണു പ്ലാൻ തയാറാക്കാനുള്ള സൗകര്യത്തിനുവേണ്ടി ഭൗമശാസ്ത്ര പഠനകേന്ദ്രം എടുത്ത അളവുകോൽ (സ്കെയിൽ). പ്ലാനിലെ വിശദാംശങ്ങൾ കൂടുതൽ വ്യക്തമായി തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കു മനസ്സിലാകുന്നതിനു വേണ്ടി 1:4000 എന്ന തരത്തിൽ ഈ അളവുകോൽ പരിഷ്കരിക്കും. ഇതിന് ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന് ഒരു മാസം സമയം വേണ്ടിവരും.
2019ൽ കേന്ദ്രം പുറപ്പെടുവിച്ച സിആർസെഡ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ കേരളം 5 വർഷം സമയമെടുത്താണു പ്ലാൻ തയാറാക്കിയത്.
ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം ഡയറക്ടർ പ്രഫ.എൻ.വി.ചലപതി റാവു, ശാസ്ത്രജ്ഞൻ ഡോ. റെജി ശ്രീനിവാസ് എന്നിവർ ചേർന്നു പ്ലാൻ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിനു കൈമാറി. പരിസ്ഥിതി വകുപ്പ് സെക്രട്ടറി ഡോ.രത്തൻ യു.ഖേൽക്കർ, കേരള തീരപരിപാലന അതോറിറ്റി മെംബർ സെക്രട്ടറി സുനിൽ പാമിഡി, ജോയിന്റ് സെക്രട്ടറി പി.സി.സാബു എന്നിവർ പങ്കെടുത്തു.