സ്ഥിരതയും ആസൂത്രണവും, നിക്ഷേപത്തെക്കുറിച്ച് ഒളിംപിക്സ് പഠിപ്പിക്കുന്നത്
Mail This Article
ഒളിംപിക്സും ലാർജ് ക്യാപ് മ്യൂച്വൽ ഫണ്ടുകളും ഒറ്റനോട്ടത്തിൽ തികച്ചും വ്യത്യസ്തമാണെങ്കിലും അതിശയകരമായ ബന്ധമുണ്ട്. ഒളിംപിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ ഒട്ടേറെ വർഷങ്ങളുടെ കഠിന പരിശീലനം നേടി തയാറെടുക്കുന്നതുപോലെ, നിക്ഷേപകർ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു കൃത്യമായി ആസൂത്രണം ചെയ്ത് വർഷങ്ങളോളം സമ്പാദിക്കുകയും നിക്ഷേപിക്കുകയും വേണം. മ്യൂച്വൽ ഫണ്ടിലെ ദീർഘകാല നിക്ഷേപത്തെക്കുറിച്ച് ഒളിംപിക്സ് പകർന്നു തരുന്ന പാഠങ്ങൾ നോക്കാം.
∙അനായാസം എന്നൊന്നില്ല
മികച്ച രീതിയിൽ പ്രവർത്തിക്കുന്നതും അതതു മേഖലകളിൽ അതികായരുമായ കമ്പനികളിലാണ് ലാർജ് ക്യാപ് ഫണ്ടുകൾ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. വിപണികൾക്കനുസൃതമായ ഉൽപന്നങ്ങളിലൂടെ ഏറെക്കാലമെടുത്തുള്ള പരിശ്രമത്തിലൂടെയാണ് കമ്പനികൾ ഈ സ്ഥാനം കൈവരിക്കുന്നത്. സ്ഥിരമായ വരുമാന വളർച്ചയും ശക്തമായ ബ്രാൻഡ് അംഗീകാരവും മാറുന്ന വിപണി സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവും വിഭവവും ഈ കമ്പനികൾക്കുണ്ട്. ഈ സ്ഥിരത വിപണിയിലെ ചാഞ്ചാട്ടങ്ങളെ ഒരുപരിധിവരെ പ്രതിരോധിക്കാൻ സഹായിക്കും.
ശാരീരികവും മാനസികവുമായ ആവശ്യങ്ങൾ മനസ്സിലാക്കി അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാനുള്ള തന്ത്രങ്ങൾ വികസിപ്പിച്ചെടുക്കുന്ന മാരത്തൺ ഓട്ടക്കാരെ സങ്കൽപിക്കുക. ശരിയായ പരിശീലനം ഇല്ലെങ്കിൽ ഇടയ്ക്കുവച്ച് മത്സരം പോലും ഉപേക്ഷിക്കേണ്ടതായി വരും. ഇത്തരം പരിചയ സമ്പന്നതയാണ് ലാർജ് ക്യാപ് കമ്പനികളെയും വ്യത്യസ്തമാക്കുന്നത്. വിപണിയിലെ മാന്ദ്യങ്ങളെ അവർ മുൻപ് അഭിമുഖീകരിച്ചിട്ടുണ്ട്, മാറുന്ന ഉപഭോക്തൃ ശീലങ്ങളെ തിരിച്ചറിഞ്ഞ് അവർ മുന്നോട്ടുപോയിട്ടുണ്ട്. താൽക്കാലിക പ്രതിസന്ധികൾ നേരിടാനുള്ള സംവിധാനവും അവർക്കുണ്ട്.
∙വൈവിധ്യവൽക്കരണവും സ്ഥിരതയും
ഒട്ടേറെ ഇനങ്ങളിൽ പങ്കെടുക്കുന്നത് ഒരു രാജ്യത്തിന്റെ മെഡൽ സാധ്യത വർധിപ്പിക്കുന്നതുപോലെ, വിവിധ വ്യവസായങ്ങളിലും മേഖലകളിലുമുള്ള കമ്പനികളിൽ നിക്ഷേപിക്കുന്നത് ലാർജ് ക്യാപ് ഫണ്ടുകളുടെ റിസ്‌ക് സാധ്യത കുറയ്ക്കുന്നു. 4 വർഷം കൂടുമ്പോൾ മാത്രമാണ് ഒളിംപിക്സ് നടക്കുന്നത്. വർഷങ്ങളുടെ പരിശീലനം, കൃത്യമായ ആസൂത്രണം, അചഞ്ചലമായ ശ്രദ്ധ എന്നിവ ആവശ്യമായതിനാലാണിത്. ലാർജ് ക്യാപ് മ്യൂച്വൽ ഫണ്ടുകളും ഈ ദീർഘകാല വീക്ഷണം പങ്കിടുന്നുണ്ട്. സുസ്ഥിര വളർച്ചയുള്ള കമ്പനികളിൽ ഇവ നിക്ഷേപം നടത്തുന്നു. ദീർഘകാലത്തേക്ക് സ്ഥിര വരുമാനം സൃഷ്ടിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു.
∙ആത്യന്തിക ലക്ഷ്യം സഹിഷ്ണുത
ഒളിംപിക്സിലും നിക്ഷേപത്തിലും 100% ഉറപ്പായ വിജയങ്ങളില്ല, പക്ഷേ, സാധ്യതയുള്ള അപകടങ്ങൾ മനസ്സിലാക്കുകയും വൈവിധ്യവൽക്കരണം, ദീർഘകാല വീക്ഷണം തുടങ്ങിയ തന്ത്രങ്ങൾ നടപ്പാക്കുന്നതിലൂടെ വിജയസാധ്യത വർധിപ്പിക്കാനാകും.ഒളിംപിക്സ് ജേതാക്കളെപ്പോലെ ലാർജ് ക്യാപ് ഫണ്ടുകളും കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും നിക്ഷേപകർക്കിടയിൽ തങ്ങളുടെ സ്ഥാനം നേടിയിട്ടുണ്ട്. സമ്പത്ത് എന്ന മെഡൽ സ്വന്തമാക്കുന്നതിന്, മികച്ച ട്രാക്ക് റെക്കോർഡുള്ള സ്ഥിര മുന്നേറ്റം കാഴ്ചവച്ചിട്ടുള്ളതുമായ ലാർജ് ക്യാപ് ഫണ്ടിൽ നിക്ഷേപിക്കുക.
ലേഖകൻ ബറോഡ ബിഎൻപി പാരിബാസ് അസറ്റ് മാനേജ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ ആണ്