ഓല ഇലക്ട്രിക് ഓഹരിക്ക് ഉഗ്രൻ റേഞ്ച്! ഇന്നും 20% കുതിച്ച് അപ്പർ-സർക്യൂട്ടിൽ
Mail This Article
പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഓല ഇലക്ട്രിക്കിന്റെ (Ola Electric) ഓഹരി വില തുടർച്ചയായ രണ്ടാംനാളിലും അപ്പർ-സർക്യൂട്ടിൽ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് (ഓഗസ്റ്റ് 9) ഓല ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തത്. പ്രാരംഭ ഓഹരി വിൽപനയും ഓഹരി വിപണിയിലെ ലിസ്റ്റിങ്ങും പതിഞ്ഞതാളത്തിലായിരുന്നെങ്കിലും പിന്നീട് ആവേശത്തോടെ പുതിയ ഉയരത്തിലേക്ക് കൊട്ടിക്കയറുന്നതാണ് കണ്ടത്.
ഐപിഒ വിലയായ 76 രൂപയിൽ തന്നെയായിരുന്നു ലിസ്റ്റിങ്. എന്നാൽ, അന്നുതന്നെ ഓഹരി വില 20% ഉയർന്ന് അപ്പർ-സർക്യൂട്ടിലെത്തി. വെള്ളിയാഴ്ച 91.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ച ഓല ഓഹരി, ഇന്ന് തുടങ്ങിയത് തന്നെ 97 രൂപയിൽ. നിലവിൽ 20% മുന്നേറി അപ്പർ-സർക്യൂട്ടിൽ 109.44 രൂപയിലാണുള്ളത്. വെള്ളിയാഴ്ച 40,226 കോടി രൂപയായിരുന്ന ഓലയുടെ വിപണിമൂല്യം നിലവിൽ എൻഎസ്ഇയിലെ കണക്കനുസരിച്ച് 48,272 കോടി രൂപയിലെത്തി.
ഇനി ശ്രദ്ധ പ്രവർത്തനഫലത്തിലേക്ക്
ഓഗസ്റ്റ് 14ന് ഓലയുടെ ഡയറക്ടർ ബോർഡ് യോഗം ചേരും. ലിസ്റ്റിങ്ങിന് ശേഷമുള്ള ആദ്യ യോഗമാണിത്. ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺപാദത്തിലെ പ്രവർത്തനഫലവും അന്ന് പുറത്തുവിടും. ഓഗസ്റ്റ് 15ന് ഓല ഇലക്ട്രിക് ബൈക്കും പുറത്തിറക്കുന്നുണ്ട്. പ്രവർത്തനഫവും പുതിയ ലോഞ്ചും ഓഹരി വിലയെ സ്വാധീനിച്ചേക്കാം.
2023-24 സാമ്പത്തിക വർഷം ഓല 5,009 കോടി രൂപയുടെ പ്രവർത്തന വരുമാനം നേടിയിരുന്നു. 2022-23ലെ 2,630 കോടി രൂപയിൽ നിന്നാണ് വളർച്ച. അതേസമയം നഷ്ടം 1,472 കോടി രൂപയിൽ നിന്നുയർന്ന് 1,584 കോടി രൂപയുമായി. കമ്പനിയുടെ ഓഹരി വില ലിസ്റ്റിങ്ങിന് ശേഷം കുതിച്ചുയർന്നതോടെ, ഓല സ്ഥാപകൻ ഭവിഷ് അഗർവാളിന്റെ ആസ്തിയും വൻതോതിൽ വർധിച്ചിരുന്നു. നിലവിൽ, ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ ശതകോടീശ്വരന്മാരിൽ ഒരാളാണ് 38കാരനായ ഭവിഷ്.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)