ADVERTISEMENT

കുട്ടികളുടെ വസ്ത്ര നിർമാണരംഗത്തെ പ്രമുഖരും കൊച്ചി ആസ്ഥാനമായ കമ്പനിയുമായ കിറ്റെക്സ് ഗാർമെന്റ്സ് നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ രേഖപ്പെടുത്തിയത് 275% ലാഭക്കുതിപ്പ്. മുൻവർഷത്തെ സമാനപാദത്തിലെ 7.99 കോടി രൂപയിൽ നിന്ന് 29.95 കോടി രൂപയായാണ് തനി ലാഭം (Standalone Net Profit) ഉയർന്നതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കമ്പനി വ്യക്തമാക്കി.

മൊത്ത വരുമാനം (total income) 147.84 കോടി രൂപയിൽ നിന്ന് 32% മുന്നേറി 195.02 കോടി രൂപയിലെത്തി. പലിശ, നികുതി തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (EBITDA/എബിറ്റ്ഡ) 46.35 കോടി രൂപയാണ്. എബിറ്റ്ഡ മാർജിൻ 11.19 ശതമാനത്തിൽ നിന്ന് 23.77 ശതമാനത്തിലേക്കും ലാഭ മാർജിൻ 5.41 ശതമാനത്തിൽ നിന്ന് 15.36 ശതമാനത്തിലേക്കും മുന്നേറിയതും കിറ്റെക്സിന് നേട്ടമായി. ഉപകമ്പനികളുടെയും ചേർത്തുള്ള ലാഭം (consolidated net profit) മുൻവർഷത്തെ സമാനപാദത്തിലെ 7.81 കോടി രൂപയിൽ നിന്ന് 26.68 കോടി രൂപയിലേക്ക് ഉയർന്നു. മൊത്ത വരുമാനം 148.16 കോടി രൂപയിൽ നിന്ന് 193.14 കോടി രൂപയായും മെച്ചപ്പെട്ടു.

ഓഹരികൾ അപ്പർ-സർക്യൂട്ടിൽ

ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് കിറ്റെക്സ് പ്രവർത്തനഫലം പുറത്തുവിട്ടത്. തൊട്ടുപിന്നാലെ ഓഹരികൾ 20% കുതിച്ച് അപ്പർ-സർക്യൂട്ടിൽ എത്തുകയായിരുന്നു.  ഇന്നലെ 238.91ൽ വ്യാപാരം അവസാനിപ്പിച്ച കിറ്റെക്സ് ഓഹരി, ഇന്ന് നേട്ടത്തോടെയാണ് തുടങ്ങിയതെങ്കിലും ഉച്ചവരെ നഷ്ടത്തിലായിരുന്നു. ഒരുവേള വില 230 രൂപയിലേക്ക് താഴ്ന്നു. പ്രവർത്തനഫലം വന്നതിന് പിന്നാലെ കുതിച്ചുകയറിയ ഓഹരി വില ഇപ്പോഴുള്ളത് 283.16 രൂപയിൽ. കഴിഞ്ഞ ഫെബ്രുവരി 5ന് കുറിച്ച 287.60 രൂപയാണ് കിറ്റെക്സ് ഓഹരികളുചെ 52-ആഴ്ചത്തെ ഉയരം.

1,883 കോടി രൂപ (എൻഎസ്ഇയിലെ കണക്കുപ്രകാരം) വിപണിമൂല്യമുള്ള കിറ്റെക്സിന്റെ ഓഹരികൾ കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 58 ശതമാനവും ഒരുമാസത്തിനിടെ 32 ശതമാനവും നേട്ടം (റിട്ടേൺ) നൽകിയിട്ടുണ്ട്.ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രവർത്തനഫലത്തോടെ നടപ്പുവർഷത്തേക്ക് കിറ്റെക്സിന് ചുവടുവയ്ക്കാൻ കഴിഞ്ഞത് സന്തോഷകരമാണെന്ന് മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബ് പറഞ്ഞു.

ബംഗ്ലദേശിലെ രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞയാഴ്ചയും കിറ്റെക്സ് ഓഹരികൾ മുന്നേറ്റം നടത്തിയിരുന്നു. വസ്ത്രോൽപാദനത്തിലും കയറ്റുമതിയിലും ലോകത്ത് മുൻപന്തിയിലുള്ള ബംഗ്ലദേശ് നേരിടുന്ന അരക്ഷിതാവസ്ഥ കിറ്റെക്സ് ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾക്ക് നേട്ടമാകുമെന്ന വിലയിരുത്തലുകളായിരുന്നു കാരണം. കിറ്റെക്സ് തെലങ്കാനയിൽ 3,000 കോടിയോളം രൂപ നിക്ഷേപത്തോടെ ആരംഭിച്ച ഫാക്ടറിയുടെ പ്രവർത്തനം അടുത്തഘട്ടത്തിലേക്ക് ഉയർത്താനുള്ള നടപടികൾ പുരോഗമിക്കുകയുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com