ബൈജൂസിനെതിരായ പാപ്പരത്ത നടപടി; ഒത്തുതീർപ്പ് അനുമതിക്ക് സുപ്രീം കോടതി സ്റ്റേ
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി ഒത്തുതീർപ്പു നടത്താൻ എജ്യുടെക് കമ്പനിയായ ബൈജൂസിന് അനുമതി നൽകിയ നാഷനൽ കമ്പനി ലോ അപ്‌ലറ്റ് ട്രൈബ്യൂണൽ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസിൽ അന്തിമവിധിയുണ്ടാകുംവരെ ഒത്തുത്തീർപ്പു പ്രകാരമുള്ള 158.9 കോടി രൂപ പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കാനും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ബൈജൂസിന് പാപ്പരത്ത നടപടികളിൽ നിന്നു രക്ഷ നേടാനുള്ള വഴിയായിരുന്നു ഒത്തുത്തീർപ്പ് അനുവദിച്ചുള്ള ഉത്തരവ്.
സ്പോൺസർഷിപ് തുക കുടിശിക വരുത്തിയതായി ആരോപിച്ച് ബിസിസിഐ നൽകിയ ഹർജിയിലാണ് ൈബജൂസിനെതിരെ പാപ്പരത്ത നടപടി തുടങ്ങിയതും പിന്നീട് എൻസിഎൽഎടി ഒത്തുത്തീർപ്പ് വ്യവസ്ഥ അനുവദിച്ചതും. അതോടെ പാപ്പരത്ത നടപടി റദ്ദായിരുന്നു. ഇതു ചോദ്യം ചെയ്ത് ബൈജൂസിന് വായ്പ നൽകിയിരുന്ന യുഎസ് കമ്പനിയായ ഗ്ലാസ്റ്റ് ട്രസ്റ്റാണ് സുപ്രീം കോടതിയെ സമീപിച്ചത്. വായ്പത്തുക വഴിമാറ്റിയ വിഷയമാണ് ഗ്ലാസ്റ്റ് ട്രസ്റ്റ് ഉന്നയിക്കുന്നത്.
എൻസിഎൽഎടി ഉത്തരവു സ്റ്റേ ചെയ്യുന്നതിനെ ബിസിസിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ബൈജൂസിനു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വിയും എതിർത്തെങ്കിലും കോടതി വഴങ്ങിയില്ല.
2019ൽ ആണ് ടീം ഇന്ത്യയുടെ ജഴ്സി സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ബിസിസിഐയും ബൈജൂസും കരാറിലെത്തുന്നത്.
2022 ഒക്ടോബർ മുതൽ 2023 വരെയുള്ള കുടിശിക ആവശ്യപ്പെട്ടാണ് ബിസിസിഐയുടെ നടപടി.