ADVERTISEMENT

ഷാജി വിൽസൻ എന്ന സംരംഭകന്റെ സ്ഥാപനത്തിൽ തൊഴിലാളികളെ കാണാൻപറ്റില്ല. കുറച്ച് അസംസ്കൃത വസ്തുക്കളും ഫിനിഷ്ഡ് പ്രോഡക്ട്സും മാത്രമേ അവിടെ കാണൂ. ‘തൊഴിലാളികളെ നേരിട്ട് ജോലി ചെയ്യിക്കുന്നത് ബിസിനസുകാരെ സംബന്ധിച്ച് കേരളത്തിൽ ഏറെ റിസ്ക്കുള്ള കാര്യമാണ്.’ ഗൾഫില്‍നിന്നു മടങ്ങിയെത്തി സ്വന്തമായി ഒരു ബിസിനസ് ആസൂത്രണം ചെയ്യുമ്പോൾ ശ്രദ്ധിച്ചതും ഇക്കാര്യമാണെന്ന് ഷാജി പറയുന്നു. 

തിരുവനന്തപുരം ജില്ലയിലെ പൂവാറിനടുത്ത് അരുമാനൂരിൽ ‌‘അഭിഷേകം പേപ്പർ പ്രോഡക്ട്സ്’ എന്ന സ്ഥാപനം ഇപ്പോൾ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. വളരെ റിസ്ക് കുറഞ്ഞ രീതിയിലാണ് സംരംഭം രൂപപ്പെടുത്തിയിരിക്കുന്നത്.

25 വർഷം ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്ത പരിചയം മുൻനിർത്തിയാണ് ഷാജി കേരളത്തിലെത്തി പേപ്പർ ഉൽപന്ന നിർമാണ ബിസിനസിലേക്കു കടന്നത്.  

മെഡിക്കൽ ഷോപ്പ് കവറുകളാണ് പ്രധാനമായും നിർമിക്കുന്നത്. ബേക്കറി കവറുകൾ, ടെക്സ്റ്റൈൽ കവറുകൾ, പേപ്പർ ക്യാരിബാഗുകൾ എന്നിവയടക്കം വൈവിധ്യമാർന്ന ഉൽപന്നനിര ഇപ്പോഴുണ്ട്.   ബ്രൗൺ കാർട്ടൺ പേപ്പർ ഉപയോഗിച്ചുകൊണ്ടുള്ള ഉൽപന്നങ്ങളാണ് എല്ലാം. പേപ്പർ അസംസ്കൃത വസ്തുവായുള്ള ഇത്തരം ഉൽപന്നങ്ങൾക്കു പുറമേ ഓർഡർ ലഭിക്കുന്ന മറ്റു കവറുകളും നിർമിച്ചു നൽകുന്നുണ്ട്. ഫ്രൂട്ട്സ് കവർ, സ്നാക്സ് കവർ തുടങ്ങിയവയ്ക്ക് ഇപ്പോൾ ഇങ്ങനെ ഓർഡറുകൾ ലഭിക്കാറുണ്ട്.  

മുൻകൂട്ടി ഓർഡറുകൾ ശേഖരിച്ചശേഷമാണ് നിർമാണത്തിലേക്കു കടക്കുന്നത്. തുടക്ക സമയത്തു നേരിട്ടുപോയി ഓർഡറുകൾ ശേഖരിക്കണമായിരുന്നു. ഇപ്പോൾ അതിന്റെ ആവശ്യമില്ല. സ്ഥിരം കസ്റ്റമേഴ്സ് ഉണ്ട്. തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന മിക്കവാറും മെഡിക്കൽ ഷോപ്പുകളിലെല്ലാം തന്നെ കവറുകൾ വിതരണം ചെയ്യുന്നതു ഷാജിയാണ്. 100 കവറുകൾ അടങ്ങിയ കെട്ടിന് 8 രൂപമുതൽ 25 രൂപവരെയാണ് വിലവരുന്നത്. ബേക്കറി കവറുകൾ 20 രൂപമുതൽ 90 രൂപവരെ വിലയ്ക്കാണ് വിൽപന. ഓർഡറുകൾ ധാരാളം ലഭിക്കുന്നുണ്ട്. 

bforyou-august4

ഉൽപാദനം 10 വീടുകളിൽ

പേപ്പർ, ക്യാരിബാഗുകളുടെയും കവറുകളുടെയും ഉൽപാദനം നടക്കുന്നത് സമീപത്തുള്ള 10 വീടുകളിലാണ്. ആവശ്യമായ അസംസ്കൃത വസ്തുക്കൾ പകുതി നിർമാണം പൂർത്തിയായ നിലയിൽ (Semi Finished Products) വീടുകളിലേക്കു കൊടുത്തുവിടുന്നു. അവർ സ്ഥാപനത്തിലെത്തി ഇവ ശേഖരിച്ചുകൊണ്ടുപോകുകയാണു പതിവ്. ക്യാരിബാഗിന്റെ വശങ്ങൾ കട്ട് ചെയ്തു മടക്കൽ, ഹാന്റിൽ ഫിക്സ് ചെയ്യൽ, പ്രിന്റിങ് എന്നിവയെല്ലാം നടത്തുന്നത് ഈ കുടുംബങ്ങളാണ്. ചെയ്യുന്ന ജോലിയുടെ ഗുണനിലവാരം കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തും. 

ഓരോ ജോലികൾക്കും പ്രത്യേകം നിരക്കു നിശ്ചയിച്ച് അതിനനുസരിച്ചുള്ള കൂലി നൽകും. പുറത്തു ജോലിക്കുപോകാൻ കഴിയാത്തവരും പ്രായമായവരും അസുഖബാധിതരും വീടുകളിലിരുന്ന് ഇങ്ങനെ ജോലിചെയ്തുവരുന്നു. അത്തരക്കാർക്ക് ജീവിതമാർഗം ഉറപ്പാക്കാൻ കഴിയുന്നു എന്നതും ഏറെ സംതൃപ്തി നൽകുന്ന വസ്തുതയാണ്. 

കാർട്ടൺ കമ്പനിയിൽനിന്ന് വാങ്ങലുകൾ

മുഖ്യ അസംസ്കൃതവസ്തു ബ്രൗൺ പേപ്പറാണ്. മെഡിക്കൽ ഷോപ്പ് കവറുകൾക്ക് വൈറ്റ്‌കളർ പേപ്പറുകളും ഉപയോഗിക്കുന്നു. തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കാർട്ടൺ കമ്പനിയിൽ നിന്നാണ്   അസംസ്കൃതവസ്തുക്കൾ വാങ്ങുന്നത്.

അനുകൂലം

∙ കുറഞ്ഞ കിടമത്സരം, സ്ഥിരം ഉപഭോക്താക്കൾ.

∙ ഓർഡർ പിടിക്കാൻ എളുപ്പം. ഉൽപന്നം നശിച്ചു പോകില്ല.

∙ അസംസ്കൃത വസ്തുക്കൾ സുലഭം.

∙ ഉൽപാദനം വീടുകളിൽ നടക്കുന്നതിനാൽ കുറഞ്ഞ റിസ്ക്.

പ്രതികൂലം

∙  10–15% മാത്രമാണ് ലാഭവിഹിതം.  

∙ പേപ്പർ വിലയിൽ വരുന്ന വർധനവ്.

∙ ക്രെഡിറ്റ് നൽകേണ്ട സാഹചര്യം.

15 ലക്ഷം രൂപയുടെ നിക്ഷേപം

ഗൾഫിൽ ജോലിചെയ്തു സമ്പാദിച്ച 15 ലക്ഷം രൂപയോളം നിക്ഷേപിച്ചായിരുന്നു തുടക്കം. വായ്പ‌യൊന്നും എടുത്തില്ല. സ്വന്തം സ്ഥലത്താണ് 800 ചതുരശ്രയടിവരുന്ന ഫാക്ടറി. കട്ടിങ് മെഷീന്‍, ഫോൾഡിങ് മെഷീൻ, പശ തേയ്ക്കുന്ന മെഷീൻ തുടങ്ങിയവയ്ക്കായി 6 ലക്ഷം രൂപയാണു മുടക്കിയത്. 5–6 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടത്തിൽ . 10–15 ശതമാനമാണ് അറ്റാദായം.

പ്രീമിയം ക്യാരിബാഗുകളിലേക്ക്  

ജ്വല്ലറികളിലും മറ്റും ഉപയോഗിക്കുന്ന വിലകൂടിയ പ്രീമിയം ക്യാരി‌ബാഗുകൾ നിർമിക്കുക എന്നതാണ് ഭാവിപരിപാടി. അതിനായി പുതിയ മെഷീൻ വാങ്ങിക്കഴിഞ്ഞു.

ഭാര്യ ഷീജയാണ് സ്ഥാപനത്തിലെ വരവും ചെലവുമെല്ലാം നിയന്ത്രിക്കുന്നത്. മകൻ അഭിഷേക് പ്ലസ്‌ടുവിനും മകൾ അഭിഷ പ്ലസ് വണ്ണിനും പഠിക്കുന്നു. ഗൾഫിൽനിന്നു തിരിച്ചെത്തി മനസമാധാനത്തോടെ ബിസിനസ് ചെയ്ത് ജീവിക്കുന്നതിന്റെ സംതൃപ്തിയിലാണ് ഷാജി. 

English Summary:

Success Story of an NRI Who Returned to Kerala and Started a Paper Products Making Unit in a Different Way

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com