ADVERTISEMENT

സിംപിളാണ് ഈ ബിസിനസ്. നെയ്യാറ്റിൻകര നെല്ലിമൂടുള്ള അരുൺ ഇൻഡസ്ട്രീസ് ഉടമ അരുൺ എന്ന ചെറുപ്പക്കാരൻ ഒരൊറ്റ അസംസ്കൃത വസ്തുകൊണ്ട് ബിസിനസിൽ കൊതിപ്പിക്കുന്ന വിജയമാണ് കൊയ്യുന്നത്. അരുണിന്റെ പിതാവ് അഗസ്റ്റിനാണ് എല്ലാത്തിനും മാർഗദർശി.

എന്താണ് ബിസിനസ്?

ചോളപ്പൊടിയാണ് ഉണ്ടാക്കി വിൽക്കുന്നത്. കന്നുകാലികൾക്കുള്ള ചോളപ്പൊടിയാണ് കൂടുതലും നിർമിക്കുന്നത്. തമിഴ്നാട്ടിൽനിന്നും കൊണ്ടുവരുന്ന ചോളം മണ്ണ്, ചെളി, വയ്ക്കോൽ, മറ്റു കരടുകൾ എന്നിവയെല്ലാം മെഷീന്റെ സഹായത്തോടെ ക്ലീൻ ചെയ്ത്, പൊടിച്ച് 50 കിഗ്രാം ചാക്കുകളിലാക്കി വിൽപനയ്ക്കെത്തിക്കും. രണ്ടാം ഗ്രേഡ് ചോളം ലഭിക്കുമ്പോൾ അവ പൂർണമായും കന്നുകാലികൾക്കുള്ള ആഹാരമാക്കിമാറ്റുന്നു. ഒന്നാം ഗ്രേഡ് ചോളം ലഭിച്ചാൽ മാത്രം മനുഷ്യ ഉപയോഗത്തിനു ലഭ്യമാക്കും. 

എന്തുകൊണ്ട് ചോളപ്പൊടി?

bforyou2

അരുണിന്റെ പിതാവ് അഗസ്റ്റിന് ഡയറി ഫാമുകളുമായി ഏറെ ബന്ധമുണ്ട്. ചെറുപ്പം‌മുതലേ കന്നുകാലി പരിപാലനത്തിൽ ഏർപ്പെട്ടിരുന്ന അദ്ദേഹത്തിന് കന്നുകാലികൾക്കുള്ള തീറ്റ എന്നും വലിയ പ്രശ്നമായിരുന്നു. അങ്ങനെയാണ് ഈ ബിസിനസിലേക്ക് എത്തുന്നത്. ചോളപ്പൊടി മറ്റു ധാന്യപ്പൊടികളുമായി മിക്സ് ചെയ്ത് ഉപയോഗിക്കുന്നില്ല. 

ചോളം തമിഴ്നാട്ടിൽനിന്നും

തമിഴ്നാട്ടിലെ വിരുത്‌നഗർ, കോവൽപ്പെട്ടി, തേനി, കമ്പം എന്നിവിടങ്ങളിൽ നിന്നും ചോളം സുലഭമായി ലഭിക്കും. നന്നായി ഉണങ്ങിയ ചോളമാണ് എത്തുന്നത്. ക്ലീൻ‌ചെയ്തു പൊടിച്ചാൽ മാത്രം മതി. ക്രെഡിറ്റ് വ്യവസ്ഥയിലും ചോളം ലഭിക്കും. ഫ്രഷ് ആയിട്ടുള്ള ചോളം ശേഖരിക്കാനാണ് എപ്പോഴും ശ്രദ്ധിക്കാറുള്ളത്. 

വിൽപന

ചെങ്കട, വിളപ്പിൽശാല, പുതിയാൻകോട് തുടങ്ങി തിരുവനന്തപുരം ജില്ലയിലെ പാൽ സൊസൈറ്റികൾ വഴിയാണ് പ്രധാന വിൽപന. സ്വകാര്യ ഫാമുകൾ നേരിട്ടു വാങ്ങും. ആവശ്യപ്പെടുന്നവർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്. ചെറിയ കച്ചവടക്കാരും ഇവിടെനിന്നും വാങ്ങി വിതരണം നടത്തുന്നുണ്ട്. ഈ രംഗത്ത് മത്സരം കുറവാണ് എന്നതാണ് പ്രധാന നേട്ടം.

bforyou

20 ലക്ഷം രൂപയുടെ കച്ചവടം

ശരാശരി 20 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടമാണ് ഇപ്പോൾ നടക്കുന്നത്. കച്ചവടം വർധിപ്പിക്കുന്നതിന് പരസ്യങ്ങൾ ഒന്നുംതന്നെ നൽകുന്നില്ല. അതിന്റെ ആവശ്യമില്ല എന്നതുതന്നെ കാരണം. എത്ര ഉൽപാദിപ്പിച്ചാലും വിൽക്കാൻ കഴിയുന്ന സ്ഥിതി നിലവിലുണ്ട്. ലാഭം കൃത്യമായി കണക്കാക്കിയിട്ടില്ല, എന്നിരുന്നാലും 20% വരെ അറ്റാദായം ലഭിക്കുന്നുണ്ട്. ബ്രാൻഡ് അല്ല എന്നതും ഒരു കുറവായി കാണുന്നില്ല. വിശ്വാസ്യതയാണ് വിപണിയിലെ കൈമുതലെന്ന് അരുൺ പറയുന്നു. ശരാശരി 4 ലക്ഷം രൂപയോളം മാസം സമ്പാദിക്കാൻ കഴിയുന്നുണ്ട്. 

30 ലക്ഷം രൂപയുടെ നിക്ഷേപം

30 ലക്ഷം രൂപയുടെ മെഷിനറി നിക്ഷേപമാണ് സ്ഥാപനത്തിലുള്ളത്. ചോളം ക്ലീൻ ചെയ്യുന്ന മെഷീന്‍, സക്കിങ് സംവിധാനം (കൺവേയർ), പൊടിക്കുന്ന മെഷീൻ, പാക്കിങ് മെഷീൻ എന്നിവയ്ക്കു പുറമെ കെട്ടിടത്തിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും പണം ചെലവഴിച്ചിട്ടുണ്ട്. അരുൺ, പിതാവ് അഗസ്റ്റിൻ എന്നിവരെക്കൂടാതെ ഒരാൾകൂടി സ്ഥാപനത്തിൽ ജോലി‌ചെയ്യുന്നു. 

പപ്പടം, ഉഴുന്നു‌പൊടി

പപ്പടം നിർമാണത്തിനുള്ള ഉഴുന്നുപൊടി തയാറാക്കുക എന്നതാണ് അടുത്ത പദ്ധതി. ഇതിനുള്ള മെഷിനറി വന്നുകഴിഞ്ഞു. ഉടൻ‌തന്നെ പപ്പടം നിർമിക്കുന്നതിനുള്ള ഉഴുന്നും അരിപ്പൊടികളും വിപണിയിലെത്തിക്കും. കെഎഫ്സിയിൽനിന്നാണ് സ്ഥാപനത്തിനായി വായ്പ എടുത്തിരിക്കുന്നത്.

bforyou3

പുതുസംരംഭകർക്ക് കാലിത്തീറ്റ, കോഴിത്തീറ്റ, മീൻ‌തീറ്റ, ഡോഗ് ഫുഡ് തുടങ്ങിയവയുടെ ഉൽപാദന കേന്ദ്രങ്ങൾ കേരളത്തിൽ കുറവാണെന്നു പറയാം. അതുകൊണ്ട് വിപണിയിൽ വലിയ അവസരങ്ങളുണ്ട്. മികച്ച ലാഭവിഹിതവും ലഭിക്കും. 10 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ ഒരു കാലിത്തീറ്റ നിർമാണ യൂണിറ്റ് ആരംഭിക്കാൻ കഴിയും. പ്രതിമാസം 5 ലക്ഷം രൂപയുടെ കച്ചവടം നേടിയാൽപോലും ഒരു ലക്ഷം രൂപ അറ്റാദായം ലഭിക്കും.

നേട്ടങ്ങൾ

∙ കുറഞ്ഞ വിലയ്ക്ക് ചോളപ്പൊടി ലഭ്യമാക്കുന്നു (30 രൂപയിൽ താഴെ).

∙ കന്നുകാലികളുടെ ആരോഗ്യം മെച്ചപ്പെടുത്തുംവിധം നല്ല തീറ്റ നിർമിക്കുന്നു. ഗുണമേന്മ ഉറപ്പാക്കാനാകുന്നു. 

∙ നന്നായി ഉണങ്ങിയ ചോളം ഉപയോഗിക്കുന്നതിനാൽ ചോളപ്പൊടി 3 മാസം‌വരെ കേടുകൂടാതെ സൂക്ഷിക്കാം.

∙ ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയതിനാൽ മത്സരം ബാധിക്കുന്നതേയില്ല. 

കോട്ടങ്ങൾ

∙ ചോളം കേരളത്തിൽനിന്നു ലഭിക്കില്ല എന്നതിനാൽ ചരക്കു കൊണ്ടുവരാൻ ചെലവു വരും. അത് ഉൽപന്ന‌വിലയിലും പ്രതിഫലിക്കും. അസംസ്കൃത വസ്തുവിന്റെ വിലയിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന വർധനവ്.

∙ ക്രെഡിറ്റ് വിൽപന.

∙ പ്രവർത്തന മൂലധനത്തിന്റെ അപര്യാപ്തത.

English Summary:

Cattle Feed Manufacturing a simple and Profitable Business Model

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com