ADVERTISEMENT

ചിലർ മാത്രം സമ്പന്നരാകുന്നു, എങ്ങനെയാണ് ? കുടുംബ സ്വത്ത് ഇല്ലാതെ സമ്പന്നരായവരുടെ കാര്യമെടുത്താൽ അവർക്ക് പ്രത്യേകതകൾ എന്തെങ്കിലും ഉണ്ടോ? അതിസാധാരണക്കാരിൽ നിന്ന് അതിസമ്പന്നരായവരുടെ ജീവിതത്തിൽ നിന്ന് എന്തൊക്കെ മനസിലാക്കാം? ഫോബ്‌സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ ഇടം നേടുന്നവർ ഏതൊക്കെ മേഖലകളിൽ നിന്നുള്ളവരാണ്? സമ്പന്നരാകുന്നതിന് എല്ലാവർക്കും പിന്തുടരാവുന്ന 'ഒറ്റമൂലി' ഇല്ലെങ്കിലും, സമ്പന്നർക്ക്  പൊതുവായുള്ള ചില ശീലങ്ങളും തന്ത്രങ്ങളും ഉണ്ട്.

കോളെജിൽ പഠിക്കണമെന്നില്ല



 

കാര്യങ്ങൾ മനസ്സിലാക്കുക, കഴിവുകൾ വർധിപ്പിക്കുക, അറിവ് കൂട്ടുക എന്നീ കാര്യങ്ങൾ എല്ലാ സമ്പന്നർക്കും പൊതുവെയുള്ളതാണ്. കാര്യങ്ങൾ മനസിലാക്കാൻ കോളേജ് വിദ്യാഭ്യാസം കൂടിയേ തീരൂ എന്ന ചിന്ത ശരിയല്ല എന്നാണ് പല സമ്പന്നരും പറയുന്നത്. ശത കോടീശ്വരന്മാരിൽ പലരും  ഔപചാരിക വിദ്യാഭ്യാസത്തിന് അത്ര പ്രാധാന്യം കൊടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ശതകോടീശ്വരനായ  ഇലോൺ മസ്കിന്റെ അഭിപ്രായത്തിൽ കോളേജ് ഒരു 'ഫൺ പ്ലേസ് ' ആണ്. കോളേജുകളിൽ നിന്നല്ല ജീവിതത്തിൽ നിന്നാണ് കാര്യങ്ങൾ പഠിക്കേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. റോക്കറ്റ് ശാസ്ത്രജ്ഞന്മാരെ വെട്ടിക്കുന്ന തരത്തിലുള്ള വിവരം ഇലോൺ മസ്കിനുണ്ടായത് അദ്ദേഹം സ്വയം പഠിച്ചു  മനസിലാക്കിയതിൽ നിന്നാണ് എന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. സ്റ്റീവ് ജോബ്‌സ്, ബിൽ ഗേറ്റ്‌സ്, മാർക്ക് സക്കർബർഗ് എന്നിവർ കോളേജ് പഠനം പകുതി വഴിയിൽ ഉപേക്ഷിച്ചവരാണ്. കോളേജ് ബിരുദങ്ങളില്ലാതെ സാമാന്യ ബുദ്ധി ഉപയോഗിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചപ്പോഴാണ് പുതിയ നിലയിലേക്ക് കമ്പനികളെ വളർത്താൻ സാധിച്ചത് എന്ന് പല സമ്പന്നരും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. പഠനം ഉപേക്ഷിച്ച് സ്വന്തം കമ്പനികൾ തുടങ്ങി അതിൽ പൂർണമായും ജീവിതം അർപ്പിച്ചു വിജയം നേടാൻ അവർക്ക് കഴിഞ്ഞു എന്നതാണ് രഹസ്യം. ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ആയ സെറോദയുടെ നിഖിൽ കാമത്തും കോളേജിന്റെ പടി കാണാത്ത ആളാണ്. സമയത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞു കൃത്യമായ സേവനങ്ങളും, ഉൽപ്പന്നങ്ങളും വിപണിയിൽ എത്തിക്കാനും അത് ഉപഭോക്താവിന് നേട്ടമുണ്ടാക്കുന്നതാണെന്ന് ബോധ്യപ്പെടുത്താനും, അത് തുടർച്ചയായി ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയും ചെയ്യുന്നിടത്താണ് വിജയം വരുന്നത് എന്ന് സമ്പന്നരുടെ അഭിമുഖങ്ങളിൽ വരികൾക്കിടയിലൂടെ വായിച്ചാൽ മനസിലാകും.

എങ്ങനെ പണമുണ്ടാക്കുന്നു?

ഫോബ്‌സ് ലിസ്റ്റിലെ മഹാസമ്പന്നരുടെ കണക്കുകൾ പരിശോധിച്ചാൽ ചില രസകരമായ വസ്തുതകൾ മനസിലാക്കാം. മഹാകോടീശ്വരന്മാരിൽ ആറു പേരെ എടുത്താൽ അതിലൊരാൾ സാമ്പത്തികം, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട ബിസിനസുകളിൽ നിന്നാണ് പണമുണ്ടാക്കുന്നത് എന്ന് മനസിലാക്കാം. ബാങ്കർമാർ, ഫിൻടെക് സ്ഥാപകർ, മുഴുവൻ സമയ നിക്ഷേപകർ എന്നിവരെല്ലാം ഈ കൂട്ടത്തിൽപ്പെടുന്നു. എസ്റ്റോണിയ, കസാക്കിസ്ഥാൻ, ജപ്പാൻ, അമേരിക്ക  എന്നിവിടങ്ങളിൽ നിന്നുള്ളവരെല്ലാം ഈ കൂട്ടത്തിലുണ്ട്. ഷെർമാൻ ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ സ്ഥാപകൻ ബെൻ നവാരോ, ബ്രസീൽ ആസ്ഥാനമായ ഡിജിറ്റൽ ബാങ്കായ നുബാങ്കിന്റെ ക്രിസ്റ്റീന ജുൻക്വീറ, വാലോർ ഇക്വിറ്റി പാർട്ണേഴ്‌സിന്റെ സ്ഥാപകനും സിഇഒയുമായ അന്റോണിയോ ഗ്രേഷ്യസ് തുടങ്ങി 37 പുതുമുഖങ്ങൾ ഫിനാൻസ് മേഖലയിൽ നിന്ന് ഈ വർഷം ഫോർബ്സ് ലിസ്റ്റിൽ കടന്നു കൂടിയിട്ടുണ്ട്. വാറൻ ബഫറ്റാണ് ലോകത്തിലെ തന്നെ ഈ മേഖലയിലെ ഏറ്റവും സമ്പന്നനായ വ്യക്തി. 427 ശതകോടീശ്വരന്മാരാണ് ഈ മേഖലയിൽ നിന്നും ഫോർബ്സ് ലിസ്റ്റിലുള്ളത്.

rich2-2-

∙സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് മറ്റൊരു കൂട്ടം മഹാസമ്പന്നരെ സൃഷ്ടിക്കുന്നത്. ജെഫ് ബെസോസും മാർക്ക് സക്കർബർഗുമെല്ലാം ഇതിനുദാഹരണമാണ്.  കഴിഞ്ഞ വർഷത്തേക്കാൾ 29 പേർ ഈ  മേഖലയിൽ നിന്ന് ഫോർബ്സ് ലിസ്റ്റിൽ ഈ വർഷം എത്തിച്ചേർന്നിട്ടുണ്ട്. മൊത്തത്തിൽ 342 ശതകോടീശ്വരന്മാർ ആണ് ഈ മേഖലയിൽ നിന്ന് ഫോർബ്സ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.

∙നിർമാണ  മേഖലയാണ് മറ്റൊരു കൂട്ടം മഹാസമ്പന്നരെ സൃഷ്ടിക്കുന്നത്. സൈപ്രസ്, ഇന്തോനേഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 49  പുതുമുഖങ്ങളടക്കം 328  അതിസമ്പന്നരാണ് ഈ മേഖലയിൽ നിന്ന് ഫോർബ്സ് ലിസ്റ്റിൽ എത്തിയിരിക്കുന്നത്.

∙ഫാഷൻ,റീറ്റെയ്ൽ മേഖലകളാണ് മറ്റൊരു പറ്റം സമ്പന്നരെ വാർത്തെടുക്കുന്നത് . റെഡ്-സോൾ ഷൂസിന്റെ സ്ഥാപകനായ നവാഗതനായ ക്രിസ്റ്റ്യൻ ലൂബൗട്ടിൻ ഉൾപ്പെടെ 285 ശതകോടീശ്വരന്മാരുമായി ഫാഷനും റീട്ടെയ്‌ലും സമ്പന്നരെ സൃഷ്‌ടിക്കുന്ന മേഖലകളിൽ  ഫോർബ്സ് പട്ടികയിൽ നാലാം സ്ഥാനത്ത് ആണ്.  ഫുഡ് ആൻഡ് ബിവറേജിൽ 210 ശതകോടീശ്വരന്മാരുണ്ട്. ഫാസ്റ്റ് ഫുഡ് ശൃംഖലയായ റൈസിങ് കെയ്‌നിന്റെ ടോഡ് ഗ്രേവ്‌സ് ഉൾപ്പെടുന്ന പുതുമുഖങ്ങളുള്ള ഇത്  സമ്പന്നരെ വാർത്തെടുക്കുന്ന അഞ്ചാമത്തെ  വലിയ മേഖലയായി ഫോർബ്സ് ലിസ്റ്റിലുണ്ട്.

rich3

∙പെട്രോകെമിക്കൽസ്, ഓയിൽ ആൻഡ് ഗ്യാസ്, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിൽ നിന്നും 201 ശതകോടീശ്വരന്മാർ ഫോർബ്സ് ലിസ്റ്റിലുണ്ട്. മുകേഷ് അംബാനി ഈ ലിസ്റ്റിൽപ്പെടുന്നുണ്ട്. 197 ശതകോടീശ്വരന്മാരുമായി ആരോഗ്യ സംരക്ഷണ മേഖലയിൽ നിന്നുള്ളവരും ഫോർബ്സ് ലിസ്റ്റിലുണ്ട്. ഇന്ത്യയിലെ  സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസിന്റെ സ്ഥാപകനും, മാനേജിങ് ഡയറക്ടറുമായ ദിലീപ് സാങ്‌വി ഇതിൽ ഉൾപ്പെടുന്നു. റിയൽ എസ്റ്റേറ്റിൽ നിന്ന് 190, മാധ്യമ മേഖലയിൽ നിന്ന് 104, ഊർജ മേഖലയിൽ നിന്ന് 98 എന്നിങ്ങനെ ശത കോടീശ്വരന്മാരും ഫോർബ്സ് ലിസ്റ്റിലുണ്ട്. 

ഏതു മേഖലയിൽ നിന്നുമുള്ള മഹാകോടീശ്വരന്മാരും ഉള്ള സമ്പത്തിനെ ഇരട്ടിപ്പിക്കാനും, വളർത്താനും  ഓഹരി വിപണിയെയാണ് കൂട്ടുപിടിക്കുന്നത്.

English Summary:

How to Become a Billionaire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com