ADVERTISEMENT

‘ഗോലി സോഡയാണ് ആദ്യം വിപണിയിലെത്തിച്ചത്. അതു വിജയം കണ്ടതോടെ മാങ്ങ, ഇഞ്ചി, വെളുത്തുള്ളി, പൈനാപ്പിൾ, നാരങ്ങ, ഓറഞ്ച് തുടങ്ങി പത്തിൽപരം ഫ്ലേവറുകളിലായി സോഫ്റ്റ് ഡ്രിങ്ക്സും ഇറക്കി. രണ്ടു വർഷം മുൻപു തുടങ്ങിയ സംരംഭത്തിന് ഇപ്പോൾ വിപണിയിൽ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. തിരുവനന്തപുരത്ത് ഉച്ചക്കടയില്‍ ‘ടിയ സോഫ്റ്റ് ഡ്രിങ്ക്സ്’ എന്ന പേരിൽ ഗോലി സോഡയും സോഫ്റ്റ് ഡ്രിങ്ക്സും നിർമിച്ചു  വിൽക്കുന്ന സ്വന്തം ‌സംരംഭത്തെക്കുറിച്ച് റോബിൻ റോബർട്ട് എന്ന യുവാവ് പറഞ്ഞുതുടങ്ങുന്നത് ഇങ്ങനെയാണ്.                                  

തുടക്കത്തിലെ പ്രതിസന്ധി                                     

വിപണി കണ്ടെത്തുക വളരെ ശ്രമകരമായിരുന്നു. നിരവധി കടകൾ കയറിയിറങ്ങിചെരിപ്പു തേഞ്ഞതു മിച്ചം. ഒരുഘട്ടത്തിൽ ഇതു നിർത്തിയാലോ എന്നുപോലും ചിന്തിച്ചു. പക്ഷേ, ഏറ്റവും മികച്ച ഉൽപന്നങ്ങൾ വിപണിവിലയെക്കാൾ കുറവിൽ നൽകാൻ തുടങ്ങിയപ്പോൾ കടകൾ വാങ്ങാൻ തുടങ്ങി. സമാന സ്ഥാപനം നടത്തുന്ന ബന്ധുവിന്റെ സഹായവും കരുത്തായി. തുടക്കത്തിൽ നേരിട്ട പ്രതിസന്ധിയും അതു മറികടന്ന മാർഗവും റോബിൻ വിശദീകരിച്ചു.

കെഎസ്എഫ് ഇയിൽ നിന്ന് 25 ലക്ഷം

ചില്ലർ മെഷീൻ, കാർബണേറ്റർ, ഗോലി സോഡ മേക്കിങ് യൂണിറ്റ്, മിക്സിങ് മെഷീൻ, സീലിങ് മെഷീൻ, ഫില്ലിങ് മെഷീൻ തുടങ്ങിയവയാണ് പ്രധാന മെഷിനറികൾ. ഇവയ്ക്ക് ആകെ 25 ലക്ഷം രൂപയോളം ചെലവായി. വാടകയ്ക്കെടുത്ത സ്ഥലത്ത് 20 ലക്ഷം രൂപയോളം മുടക്കി സ്വന്തമായി നിർമിച്ച കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ‌ഒൻപതു തൊഴിലാളികളുണ്ട്. കെഎസ്എഫ്ഇയിൽനിന്നു ചിട്ടിവായ്പയെടുത്താണ് മുതൽമുടക്കിയിരിക്കുന്നത്. അവിവാഹിതനായ റോബിൻ മുഴുവൻ സമയവും സ്ഥാപനത്തിനുവേണ്ടി പ്രവർത്തിക്കുന്നു.   

bforyou-august

കൃത്യമായ പ്ലാനിങ്

കരുതലോടെ നീങ്ങിയതാണ് സംരംഭം വിജയിക്കാൻ കാരണമെന്ന് റോബിൻ പറയുന്നു. ഗോലി സോഡയ്ക്കു വിപണി ഉറപ്പിച്ചശേഷമാണ് സോഫ്റ്റ് ഡ്രിങ്ക്സിലേക്കു കടന്നത്. അടുത്ത ഘട്ടമായി അനുബന്ധ ഉൽപന്നങ്ങളുടെ നിർമാണത്തിലേക്കു കടക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ.  

അസംസ്കൃത വസ്തുക്കൾ സുലഭം

വെള്ളം, പഞ്ചസാര, ഫ്ലേവറുകൾ, ബോട്ടിലുകൾ, ബോട്ടിൽ ക്യാപ്, ലേബൽ എന്നിവയാണ് അസംസ്കൃത വസ്തുക്കൾ. വെള്ളം പറമ്പിൽനിന്നു  സുലഭമായി ലഭിക്കും. മറ്റ് അസംസ്കൃതവസ്തുക്കൾ എത്തിച്ചുതരുന്ന സ്വകാര്യ കച്ചവടക്കാർ ധാരാളമുണ്ട്. ഇവയ്ക്കൊന്നും ക്ഷാമം നേരിടാറില്ല.

വിൽപന

ഇപ്പോൾ കടകൾ കയറിയിറങ്ങി ഓർഡറുകൾ പിടിക്കേണ്ട യാതൊരു സാഹചര്യവുമില്ല. ധാരാളം വിതരണക്കാർ ഉൽപന്നങ്ങൾ എടുക്കാനും വിൽക്കാനും തയാറാവുന്നു. ഉൽപന്നങ്ങൾ‌  പൂർണമായും 6 മൊത്ത വിതരണക്കാർക്കായി നൽകുന്നു. തിരുവനന്തപുരം ജില്ലയെ കൂടാതെ തമിഴ്നാട് മാർത്താണ്ഡത്തും വിൽപനയുണ്ട്.  അസംസ്കൃത വസ്തുക്കൾ ക്രെഡിറ്റിൽ  ലഭിക്കുന്നില്ല. അതേസമയം ഉൽപന്നങ്ങൾ കച്ചവടക്കാർക്ക് ക്രെഡിറ്റിൽ നൽകേണ്ടിവരുന്നു എന്നതാണ് പ്രശ്നം. എങ്കിലും ഉൽപന്നങ്ങൾ നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് റോബിൻ.

bforyou-august1

പ്രതിമാസം 16 ലക്ഷം രൂപയുടെ കച്ചവടം

പ്രതിമാസം ഏകദേശം 16 ലക്ഷം രൂപയുടെ വിറ്റുവരവുണ്ട്. 30%വരെ അറ്റാദായം ലഭിക്കുന്നു. എല്ലാ ഇനങ്ങൾക്കും ഇത്രയും ലാഭം കിട്ടണമെന്നില്ല. എന്നാലും സാമാന്യം മികച്ച ലാഭവിഹിതത്തിൽ സ്ഥാപനം നടത്തിക്കൊണ്ടുപോകാനാകുന്നു. സർക്കാർ സബ്സിഡി ലഭിക്കുന്നതിനു വേണ്ട അപേക്ഷ സമർപ്പിച്ചു കാത്തിരിക്കുകയാണ് റോബിൻ. അതുകൂടി ലഭിച്ചാൽ നല്ല വളർച്ച നേടാനാകുമെന്ന വിശ്വാസമുണ്ട്. 

അനുകൂലം

∙ വിപണി വളരെ വലുതാണ്.

∙ അസംസ്കൃത വസ്തുക്കൾ സുലഭം.

∙ ധാരാളം വിതരണക്കാരെ ലഭിക്കും.

∙ മികച്ച ലാഭവിഹിതം.

∙ മികച്ച ഗുണമേന്മയിൽ വിപണിവിലയെക്കാൾ കുറഞ്ഞ വിലയ്ക്കു നൽകാൻ കഴിയും.

∙ സോഫ്റ്റ് ഡ്രിങ്ക്സിനുള്ള ഡിമാൻഡ്.

പ്രതികൂലം

∙ ജിഎസ്ടി 12% ആണ്.

∙ പാക്കിങ് സാമഗ്രികളുടെ വിലവർധനവ്.

∙ ക്രെഡിറ്റ് വിൽപന.

English Summary:

Success Story of a Goli Soda, Soft Drink Making Unit in Trivandrum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com