വണ്ടൻമേട് കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ടു
Mail This Article
തിരുവനന്തപുരം ∙ കാർഡമം ഹിൽ റിസർവ്(സിഎച്ച്ആർ) കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ സർക്കാർ നൽകേണ്ട സത്യവാങ്മൂലവുമായി ബന്ധപ്പെട്ട വിശദാംശങ്ങളെക്കുറിച്ച് വണ്ടൻമേട് കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. കേസിൽ സർക്കാർ നൽകുന്ന മറുപടി ശ്രദ്ധാപൂർവം തയാറാക്കണമെന്നും ഏലമലകൾ റവന്യു ഭൂമിയാണെന്നതിന് മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്നും ഭാരവാഹികൾ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
കേന്ദ്ര വനനിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ടു വന്ന ഭേദഗതിയോടനുബന്ധിച്ച് സുപ്രീംകോടതിയിലുള്ള കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വരൾച്ച മൂലം കൃഷിനാശം സംഭവിച്ചവർക്കുള്ള സാമ്പത്തിക സഹായം , കുത്തകപ്പാട്ട ഭൂമി പ്രശ്നങ്ങൾ എന്നിവയും ചർച്ച ചെയ്തു. സിഎച്ച്ആർ ഭൂമി റിസർവ് വനമാണ് എന്ന നിലപാടാണ് വനം വകുപ്പ് എക്കാലവും സ്വീകരിച്ചിരിക്കുന്നതെന്നും ഇതിനെ സാധൂകരിക്കുന്ന തരത്തിലാണ് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ മറുപടി നൽകിയതെന്നും ഭാരവാഹികൾ ആരോപിച്ചു.
ഇടുക്കിയിലെ ഏലം കർഷകരുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യ ഗഡുവായി മൂന്നു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഫെഡറേഷൻ ചെയർമാൻ സ്റ്റെനി പോത്തൻ, ജനറൽ സെക്രട്ടറി പി.ആർ.സന്തോഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോർജ് പി. ജേക്കബ്, ഡിബിൻ, സണ്ണി മാത്യു, ആർ.മണിക്കുട്ടൻ എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.