ഇൻഫോപാർക്ക് 20 വർഷത്തിന്റെ തിളക്കത്തിൽ; പുതിയ ലോഗോ അവതരിപ്പിച്ചു
Mail This Article
കൊച്ചി ∙ ഐടിയുടെ ആഗോള ലോകത്തേക്കു കൊച്ചിയെ ‘ലോഗ് ഇൻ’ ചെയ്ത ഇൻഫോപാർക്ക് 20 വർഷത്തിന്റെ തിളക്കത്തിലേക്ക്. നവംബറിൽ 20–ാം പിറന്നാൾ ആഘോഷിക്കുന്ന പാർക്കിനായി പുതിയ ലോഗോ നിലവിൽ വന്നു. ഇൻഫോപാർക്കിന്റെ എല്ലാ രേഖകളിലും ഇനി മുതൽ പുതിയ ലോഗോ ഉപയോഗിച്ചു തുടങ്ങും.
വയലറ്റ്, നീല, പച്ച നിറങ്ങളിലാണു പുതിയ ലോഗോ. കേരളത്തിന്റെ ഐടി ഇക്കോസിസ്റ്റത്തിന്റെയും ഇൻഫോപാർക്കിന്റെയും ക്രിയാത്മക വളർച്ച സൂചിപ്പിക്കുന്ന രീതിയിലാണു ലോഗോയുടെ രൂപകൽപന.
ഐടി മേഖലയിലെ റിയൽ എസ്റ്റേറ്റ് സേവനങ്ങൾക്ക് അപ്പുറം ഐടി ആവാസ വ്യവസ്ഥയായി ഇൻഫോപാർക്ക് മാറുന്നതിന്റെ സൂചകമാണു പുതിയ ലോഗോയെന്നു സിഇഒ സുശാന്ത് കുറുന്തിൽ പറഞ്ഞു. ഇൻസ്പയർ (പ്രചോദനം), കൊളാബറേറ്റ് (സഹകരണം), ഇന്നവേറ്റ് (പുതുമ) എന്ന ടാഗ്‌ലൈനും പുതിയ ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാക്കനാട്ടെ പ്രധാന ക്യാംപസിലുള്ള ഇൻഫോപാർക്ക് ഫെയ്സ് 1,2 എന്നിവ കൂടാതെ തൃശൂർ കൊരട്ടിയിലും ആലപ്പുഴ ചേർത്തലയിലും സാറ്റലൈറ്റ് സെന്ററുകളുമുണ്ട്; മൂന്നു ക്യാംപസുകളിലുമായി ആകെ 92 .4 ലക്ഷം ചതുരശ്രയടി സ്ഥലമുണ്ട്. 582 കമ്പനികളിലായി ജോലി ചെയ്യുന്നത് 70,000 ഐടി പ്രഫഷനലുകൾ.