യുഎസ് മാന്ദ്യ സൂചനകളില്ല; വിപണിയിലെ സന്ദേഹം വെറുതെ
Mail This Article
കൊച്ചി∙ അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാവുമോ? അത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെയും ഓഹരി വിപണിയെയും ബാധിക്കുമോ? ഇങ്ങനെയൊരു സന്ദേഹം മാസങ്ങളായി അന്തരീക്ഷത്തിലുണ്ട്. വിശകലന വിദഗ്ധരുടെ ഏറ്റവും ചുരുങ്ങിയ മറുപടി ഇങ്ങനെ– യുഎസിൽ മാന്ദ്യ സാധ്യതയിലേക്കു നയിക്കുന്ന ഡേറ്റകളില്ല. പക്ഷേ, യുഎസ് ജിഡിപി വളർച്ച കുറയാം. ഇന്ത്യയിലാകട്ടെ ജിഡിപി വളർച്ച 7% പ്രതീക്ഷിക്കുന്ന സ്ഥിതിക്കു സന്ദേഹങ്ങൾക്ക് അടിസ്ഥാനമില്ല.
അതേസമയം, ബാങ്കുകൾ ഒഴികെ ഇന്ത്യയിൽ നിഫ്റ്റി ഫിഫ്റ്റി കമ്പനികളുടെ ലാഭം (ഏണിങ്സ്) വർധിക്കുന്ന തോത് കഴിഞ്ഞ പാദത്തിൽ കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 15% വളർച്ച നേടിയത് ഇക്കൊല്ലം ആദ്യ പാദത്തിൽ വെറും 6% ആയാണു കുറഞ്ഞത്.
∙യുഎസ് മാന്ദ്യ സൂചനകൾ
1.ഉൽപന്ന വിലകൾ കുറയുന്നു. സ്റ്റീലും കോപ്പറും, അലൂമിനിയവും ക്രൂഡ് ഓയിലും വിലയിടിവിൽ. 2. അമേരിക്കയുടെ കടവും പലിശച്ചെലവും അമിതം. 3. യുഎസ് ഓഹരി വിപണി ഊതിവീർപ്പിച്ചത്. ഓഹരികൾക്ക് അമിത വില. എൻവിഡിയയുടെ പിഇ അഥവാ പ്രതി ഓഹരി അനുപാതം 61, ടെസ്‌ലയുടേത് 56, ആമസോൺ 40. ശരാശരി 18–20ൽ നിൽക്കേണ്ടതാണ്. വീർത്തതു പൊട്ടാം.
എന്നാൽ ഏൺസ്റ്റ് ആൻഡ് യങ് പ്രവചിക്കുന്നത് 2025ൽ മാന്ദ്യ സാധ്യത 25% മാത്രം. ജിഡിപിയുടെ ഇക്കൊല്ലത്ത 2.6% വളർച്ച അടുത്ത വർഷം 1.9% ആയി കുറയാമെങ്കിലും അതുകൊണ്ട് മാന്ദ്യം ഉണ്ടാവില്ലെന്നാണ് ഐഎംഎഫ് ഡപ്യൂട്ടി എംഡി ഗീത ഗോപിനാഥ് പറഞ്ഞത്.
∙യുഎസ് പലിശ കുറയ്ക്കൽ
യുഎസ് പലിശ നിരക്കുകൾ വളരെ ഉയർന്നത്. 5%–5.25%. അധിക പലിശ തുടർന്നാൽ റിയൽ എസ്റ്റേറ്റ് മേഖല മാന്ദ്യത്തിലാവാം. പക്ഷേ, വളർച്ച കുറയുന്ന സൂചന വന്നതോടെ പലിശ നിരക്കുകുറയ്ക്കുമെന്നു തന്നെയാണ് വിലയിരുത്തൽ.
എങ്കിൽ ഇന്ത്യ ഉൾപ്പെടെ വിപണികളിലേക്ക് കൂടുതൽ പണമൊഴുകാൻ സാധ്യതയുണ്ട്. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കിൽ പേടിക്കാനൊന്നുമില്ല.