അമേരിക്കൻ പലിശയിൽ തട്ടി സ്വർണ വില മേലോട്ട്; പണിക്കൂലിയടക്കം ഇന്നത്തെ വില ഇങ്ങനെ, വെള്ളിക്കും കുതിപ്പ്
Mail This Article
കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തിൽ ഇടിവിന്റെ ട്രാക്കിലായിരുന്ന സ്വർണ വിലയിൽ ഇന്ന് കയറ്റം. ഗ്രാമിന് 35 രൂപ ഉയർന്ന് വില 6,695 രൂപയായി. 280 രൂപ വർധിച്ച് 53,560 രൂപയാണ് പവൻ വില. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 400 രൂപ കുറഞ്ഞശേഷമാണ് ഇന്ന് വില ഉയർന്നത്.
ലോകത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയായ അമേരിക്കയിലെ ചലനങ്ങളാണ് ഇപ്പോൾ സ്വർണ വിലയിൽ ശക്തമായ സ്വാധീനം ചെലുത്തുന്നത്. അമേരിക്കയിൽ അടിസ്ഥാന പലിശനിരക്ക് വൈകാതെ കുറച്ചേക്കുമെന്ന സൂചന കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ ഇന്നലെ നൽകിയതാണ് സ്വർണ വില വർധിക്കാൻ കാരണം.
പലിശനിരക്ക് കുറയുമ്പോൾ ആനുപാതികമായി യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും താഴും. ഇതോടെ, സ്വർണ നിക്ഷേപ പദ്ധതികൾക്ക് താൽപര്യം വർധിക്കുമെന്നത് വിലയെ സ്വാധീനിക്കുകയാണ്. കഴിഞ്ഞദിവസം ഔൺസിന് 2,479 ഡോളറായിരുന്ന രാജ്യാന്തര വില, പവലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ 2,516.98 ഡോളറിലേക്ക് കയറിയിരുന്നു. ഇപ്പോൾ വ്യാപാരം നടക്കുന്നത് 2,512.18 ഡോളറിൽ. ഈ വർധന ഇന്ന് കേരളത്തിലെ വിലയെയും മുന്നോട്ട് നയിക്കുകയായിരുന്നു.
18 കാരറ്റും സ്വർണവും
കനം കുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് ഇന്ന് 25 രൂപ ഉയർന്ന് 5,540 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 2 രൂപ വർധിച്ച് 93 രൂപയായി. വെള്ളികൊണ്ടുള്ള പാദസരം, അരഞ്ഞാണം, വള, പാത്രങ്ങൾ, പൂജാസാമഗ്രികൾ തുടങ്ങിയവ വാങ്ങുന്നവർക്ക് ഇത് തിരിച്ചടിയാണ്. വ്യാവസായിക ആവശ്യത്തിന് വെള്ളി വാങ്ങുന്നവരെയും വില വർധന വലയ്ക്കും.
ഇന്നൊരു പവൻ ആഭരണ വില?
മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർത്ത് കുറഞ്ഞത് 57,980 രൂപ കൊടുത്താലേ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാനാകൂ.
പണിക്കൂലി ഓരോ ജ്വല്ലറി ഷോറൂമിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല. ബ്രാൻഡഡ് ആഭരണങ്ങൾക്ക് പണിക്കൂലി 20-30% വരെയുമാകാം. എന്തുകൊണ്ടാണ് അമേരിക്കൻ പലിശനയം സ്വർണ വിലയെ സ്വാധീനിക്കുക? വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.