കേരളത്തെ ഹൈടെക് വ്യവസായ ഹബ്ബാക്കും മന്ത്രി പി.രാജീവ്
Mail This Article
കൊച്ചി∙ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾക്കു വേണ്ട അനുകൂല പരിസ്ഥിതി സൃഷ്ടിക്കുന്നതിലൂടെ കേരളത്തെ ഹൈടെക് വ്യവസായ ഹബ് ആക്കി മാറ്റുകയാണു ലക്ഷ്യമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. രാജ്യാന്തര റോബട്ടിക് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്ര നിമിഷമായി മാറുന്ന രാജ്യാന്തര റോബട്ടിക് കോൺക്ലേവ് പോലെ ഒട്ടേറെ റൗണ്ട് ടേബിളുകൾ നടത്തുന്നത് അതിന്റെ ഭാഗമായിട്ടാണ്.
ഇവ അടുത്ത ഫെബ്രുവരിയിൽ നടക്കാൻ പോകുന്ന നിക്ഷേപക സംഗമത്തിന്റെ കേളികൊട്ടുകളായിരിക്കും.
അതിലുപരി കേരളത്തെ ഇന്ത്യയിലെതന്നെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യവുമുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പ്രകൃതിയും മനുഷ്യനും വ്യവസായങ്ങളും എന്നതാണ് വ്യവസായ നയത്തിന്റെ മുൻഗണനകൾ. ആദ്യ മുൻഗണന പ്രകൃതിക്കാണ്.
പ്രകൃതിക്കു ദോഷം വരാത്ത തരം വിജ്ഞാന വ്യവസായങ്ങൾക്ക്, കേരളത്തിലെ ഉന്നത വിദ്യാഭ്യാസമുള്ള യുവാക്കളുടെ മികവുകൾ ഉപയോഗപ്പെടുത്താനാവും. കോൺക്ലേവിൽ അവതരിപ്പിക്കപ്പെട്ട മിക്ക റോബട്ടുകളും സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി ചെയർമാൻ പോൾ ആന്റണി, എംഡി എസ്.ഹരികിഷോർ, ഡിജിറ്റൽ സർവകലാശാലാ വൈസ് ചെയർമാൻ ഡോ.സജി ഗോപിനാഥ്, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
തൃശൂരിൽ റോബട്ടിക്സ് വ്യവസായ പാർക്ക്
കൊച്ചി∙ റോബട്ടിക് രംഗത്തെ പുതിയ വ്യവസായങ്ങൾക്കായി തൃശൂരിൽ റോബട്ടിക്സ് പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായമന്ത്രി പി.രാജീവ്. റോബട്ടിക്സ് കുതിപ്പിന് അഞ്ചിന പരിപാടിയും കോൺക്ലേവിന്റെ സമാപനത്തിൽ മന്ത്രി പ്രഖ്യാപിച്ചു.
സംരംഭകരാണ് തൃശൂരിൽ റോബട്ടിക്സ് പാർക്ക് സ്ഥാപിക്കാൻ മുന്നോട്ടു വന്നിട്ടുള്ളത്. സർക്കാർ വ്യവസായ പാർക്കിന്റെ പദവി ഈ പദ്ധതിക്ക് നൽകും. കെഎസ്ഐഡിസി ധനസഹായവും റോബട്ടിക്സ് വ്യവസായങ്ങൾക്കു ലഭ്യമാക്കും. ഇതിന്റെ ഭാഗമായി 5 സ്റ്റാർട്ടപ്പുകളിൽ ഓഹരി നിക്ഷേപം നടത്തും. സ്റ്റാർട്ടപ്പുകൾക്ക് കെഎസ്ഐഡിസി നൽകുന്ന സ്കെയിൽ അപ് വായ്പ ഒരുകോടിയിൽ നിന്ന് റോബട്ടിക് സംരംഭങ്ങൾക്ക് 2 കോടിയായി ഉയർത്തും.
വിപണി കണ്ടെത്താനും സഹായിക്കും. 4 വിഭാഗങ്ങളിലായിട്ടായിരിക്കും തൃശൂരിലെ റോബട്ടിക്സ് പാർക്ക്. റോബോ ലാൻഡ് എന്ന വിഭാഗത്തിൽ പൊതുജനങ്ങൾക്ക് റോബട്ടുകളുടെ ലോകം നേരിട്ട് അനുഭവിക്കാം. എഐ, ഓഡിയോ-വിഡിയോ റിയാലിറ്റി വഴിയുള്ള വിജ്ഞാന പരിപാടികൾ അവിടെയുണ്ടാകും.