ADVERTISEMENT

കാസർകോട് ∙ സ്കോഡ ഓട്ടോ ഇന്ത്യ കമ്പനി അടുത്ത മാർച്ചിൽ പുറത്തിറക്കാനൊരുങ്ങുന്ന കാറിനു ‘കൈലാഖ്’ എന്ന പേരു നിർദേശിച്ചത് കാസർകോട് സ്വദേശി. കാസർകോട് ഉദുമ കോളിക്കുന്ന് നജാത്ത് ഖുർആൻ അക്കാദമി അധ്യാപകനും നായന്മാർമൂല പാണലം കോളിക്കടവ് സ്വദേശിയുമായ മുഹമ്മദ് സിയാദാണ് (24) പേരു നിർദേശിച്ചത്. ലോഞ്ചിങ്ങിനു ശേഷമുള്ള ആദ്യ വാഹനം സിയാദിനു സമ്മാനമായി ലഭിക്കും.

സ്കോഡ കോംപാക്ട് എസ്‌യുവി മോഡലിന് കഴിഞ്ഞ ഫെബ്രുവരിയിൽ ‘നെയിം യുവർ സ്കോഡ’ എന്ന വെബ്സൈറ്റ് വഴിയാണു കമ്പനി പേരു ക്ഷണിച്ചത്. ‘കെ’ എന്ന ഇംഗ്ലിഷ് അക്ഷരത്തിൽ ആരംഭിച്ച് ക്യു എന്ന അക്ഷരത്തിൽ അവസാനിക്കുന്ന പേരായിരിക്കണം എന്നായിരുന്നു നിബന്ധന.

3 പേരുകളാണ് സിയാദ് നിർദേശിച്ചത്. 2 ലക്ഷത്തിലേറെ എൻട്രികളിൽനിന്നു ഷോർട്‌ലിസ്റ്റ് ചെയ്ത 24,000 പേരുകളിൽനിന്നാണ് കൈലാഖ് എന്ന പേര് കമ്പനി സ്വീകരിച്ചത്. കൈലാഖ് എന്ന സംസ്കൃതം വാക്കിന് സ്ഫടികം (ക്രിസ്റ്റൽ) എന്നാണർഥം.

പേരു തിരഞ്ഞെടുത്ത വിവരം കമ്പനി അധികൃതർ നേരിട്ടാണു സിയാദിനെ അറിയിച്ചത്. തുടർന്ന് വെബ്സൈറ്റ് പരിശോധിച്ചു കാര്യം ഉറപ്പുവരുത്തി.

കൈലാഖിനു പുറമേ കൈളാക്ക്, ക്വിക്ക്, കാരിക്ക്, കൈറേക്ക്, കോസ്മിക്, കയാക്ക്, കൈക്ക്, കാർമിക് എന്നീ പേരുകളാണ് ആദ്യ പരിഗണനയ്ക്കു വന്നത്. ആകർഷകമായ പേരു നിർദേശിച്ച്, പ്രാഗിലെ സ്കോഡ പ്ലാന്റ് സന്ദർശിക്കാൻ അവസരം ലഭിച്ച 10 പേരിൽ കോട്ടയം സ്വദേശി രാജേഷ് സുധാകരനും ഉൾപ്പെടുന്നു. ‌

English Summary:

The new Skoda SUV is named Kylaq

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com