ഐപിഒയിൽ ചട്ടലംഘനമോ? പേയ്ടിഎം സാരഥികൾക്ക് സെബിയുടെ നോട്ടിസ്; ഓഹരിയിൽ ഇടിവ്
Mail This Article
പ്രാരംഭ ഓഹരി വിൽപന (ഐപിഒ) സംബന്ധിച്ച ചട്ടങ്ങളിൽ വീഴ്ച വരുത്തിയതിന് പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് സേവനദാതാക്കളായ പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്യൂണിക്കേഷന്റെ സ്ഥാപകൻ വിജയ് ശേഖർ ശർമയ്ക്കും അന്നത്തെ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും നോട്ടിസ് അയച്ച് സെബി (SEBI). 2021 നവംബറിലായിരുന്നു പേയ്ടിഎമ്മിന്റെ ഐപിഒ. 18,300 കോടി രൂപയുടെ സമാഹരണവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ എന്ന നേട്ടവും അതുവഴി പേയ്ടിഎം സ്വന്തമാക്കിയിരുന്നു (പിന്നീട് ഈ നേട്ടം 2022 മെയിൽ 21,000 കോടി രൂപയുടെ ഐപിഒയുമായി എൽഐസി സ്വന്തമാക്കി).
പേയ്ടിഎമ്മിന്റെ പ്രൊമോട്ടർ ആയിരിക്കുന്നത് സംബന്ധിച്ച ചട്ടങ്ങളിൽ വിജയ് ശേഖർ ശർമ വീഴ്ച വരുത്തിയെന്ന റിസർവ് ബാങ്കിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് നോട്ടിസ്. ഐപിഒയ്ക്ക് അപേക്ഷിച്ച രേഖകളിൽ ശർമ വ്യക്തമാക്കിയത് അദ്ദേഹം പ്രൊമോട്ടർ അഥവാ മാനേജ്മെന്റ് അംഗമാണെന്നും ജീവനക്കാരൻ അല്ലെന്നുമാണ്. എന്നാൽ, ജീവനക്കാർക്ക് ലഭിക്കുന്ന എംപ്ലോയി സ്റ്റോക്ക് ഓപ്ഷൻ അഥവാ ഇഎസ്ഒപി അദ്ദേഹം നേടിയെന്നാണ് കണ്ടെത്തൽ. ചട്ടപ്രകാരം പ്രൊമോട്ടർമാർ ഇഎസ്ഒപി നേടാൻ അർഹരല്ല എന്നിരിക്കേയാണിത്. ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടിസ്.
ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്ന കമ്പനികളെ രണ്ട് തരത്തിലാണ് കണക്കാക്കുന്നത്. ഒന്ന്, പ്രൊമോട്ടർമാർ നയിക്കുന്നത്. മറ്റൊന്ന്, പ്രൊഫഷണവുകൾ നയിക്കുന്നത്. പ്രൊഫഷണലുകൾ നയിക്കുന്ന കമ്പനിയാണെങ്കിൽ ഒരു പ്രൊമോട്ടറും 10 ശതമാനത്തിലധികം ഓഹരി കൈവശം വയ്ക്കാൻ പാടില്ല.
പേയ്ടിഎമ്മിന്റെ ഐപിഒയ്ക്ക് മുന്നോടിയായി പേയ്ടിഎമ്മിലെ തന്റെ ഓഹരിയിൽ 5% ശർമ, കുടുംബ ട്രസ്റ്റായ വിഎസ്എസ് ഹോൾഡിങ്സിലേക്ക് മാറ്റിയിരുന്നു. ഇതോടെ പേയ്ടിഎമ്മിലെ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം 14.6ൽ നിന്ന് 9.6 ശതമാനമായി കുറഞ്ഞു. എന്നാൽ, വിഎസ്എസ് ട്രസ്റ്റ് പൂർണമായും ശർമയുടെ ഉടമസ്ഥതയിലാണെന്നാണ് പിന്നീട് ഐപിഒ അപേക്ഷാരേഖകൾ വ്യക്തമാക്കിയത്. മാത്രമല്ല, നെതർലൻഡ്സിലെ ആന്റ്ഫിൻ ഹോൾഡിങ്സിൽ നിന്ന് റെസിലീയന്റ് അസറ്റ് മാനേജ്മെന്റ് വഴി പേയ്ടിഎമ്മിന്റെ 10.3% ഓഹരികളും ശർമ വാങ്ങിയിരുന്നു.
ഒരാൾ ഒരു കമ്പനിയിലെ ഓഹരികൾ പല കമ്പനികളിലൂടെയാണ് കൈവശം വയ്ക്കുന്നതെങ്കിലും അത് ഒന്നിച്ചേ കണക്കുകൂട്ടൂ. ഇതും ഫലത്തിൽ ശർമയ്ക്ക് തിരിച്ചടിയാണ്. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിനും ഡയറക്ടർമാർക്കും സെബി നോട്ടിസ് അയച്ചത്. അതേസമയം, ഐപിഒ നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് സെബിയുടെ നടപടി എന്നത് പലരെയും ആശ്ചര്യപ്പെടുത്തുന്നുണ്ട്. പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെ സംബന്ധിച്ച റിസർവ് ബാങ്കിന്റെ കണ്ടെത്തൽ വന്നശേഷം മാത്രമാണ് സെബി ശർമയ്ക്കും ഡയറക്ടർമാർക്കും എതിരെ നടപടിക്ക് തയാറായത്.
ഓഹരികളിൽ വൻ ഇടിവ്
സെബിയുടെ നടപടിക്ക് പിന്നാലെ പേയ്ടിഎം ഓഹരി ഇന്ന് 9 ശതമാനത്തോളം ഇടിഞ്ഞു. 559.80 രൂപയിൽ വ്യാപാരം തുടങ്ങിയ ഓഹരി 505.55 രൂപവരെയാണ് താഴ്ന്നത്. വ്യാപാരാന്ത്യത്തിൽ ഓഹരിയുള്ളത് 4.35% നഷ്ടവുമായി 530.70 രൂപയിൽ. കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 41% നഷ്ടം നൽകിയ ഓഹരിയാണ് പേയ്ടിഎം. കഴിഞ്ഞവർഷം ഒക്ടോബറിൽ 998.30 രൂപവരെ ഉയർന്ന വിലയാണ് പിന്നീട് താഴ്ന്നിറങ്ങിയത്. 33,700 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം.