ADVERTISEMENT

അകാരണമായി ഡിമാറ്റ് അക്കൗണ്ട് മരവിപ്പിച്ചതിന് സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇക്കും എൻഎസ്ഇക്കും ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിക്കും (SEBI) 80 ലക്ഷം രൂപ പിഴ വിധിച്ച് ബോംബെ ഹൈക്കോടതി. ഡോ. പ്രദീപ് മേഹ്ത, മകൻ നീൽ പ്രദീപ് മേഹ്ത എന്നിവരുടെ ഡിമാറ്റ് അക്കൗണ്ടായിരുന്നു മരവിപ്പിച്ചത്.

ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിന് അനിവാര്യമായ ഡിജിറ്റൽ അക്കൗണ്ടാണ് ഡിമാറ്റ് അഥവാ ഡിമെറ്റീരിയലൈസ്ഡ് അക്കൗണ്ട്. നിക്ഷേപകർക്ക് ഓഹരികളോ ബോണ്ടുകളോ (കടപ്പത്രങ്ങൾ) മ്യൂച്വൽഫണ്ടുകളോ വാങ്ങാനും സൂക്ഷിക്കാനും വിൽക്കാനും ഇതു വേണം.

സെബിയും സ്റ്റോക്ക് എക്സ്ചേഞ്ചുകളും നടത്തിയത് നിയമവിരുധവും ഭരണഘടനാ വിരുധവുമായ നടപടിയാണെന്നും അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ ജി.എസ്. കുൽകർണി, ഫിർദോസ് പി. പൂനീവാല എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ചട്ടങ്ങൾ പാലിച്ചില്ലെന്ന് കാട്ടി 2017 മാർച്ചിനും ഏപ്രിലിനും ഇടയിലാണ് സെബിയുടെ നിർദേശപ്രകാരം ഡോ. പ്രദീപിന്റെയും നീലിന്റെയും ഡിമാറ്റ് അക്കൗണ്ടുകൾ മരവിപ്പിച്ചത്. 

അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നിൽ
 

ശ്രേനുജ് ആൻഡ് കമ്പനിയിലെ ന്യൂനപക്ഷ ഓഹരി ഉടമയായിരുന്നു ഡോ. മേഹ്ത. നിയമാനുസൃതമായി 2016 ഡിസംബർപാദത്തിലെ പ്രവർത്തനഫലം പ്രസിദ്ധീകരിക്കാൻ ശ്രേനുജ് ആൻഡ് കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന്, കമ്പനിയുടെ പ്രൊമോട്ടർമാർക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഡോ. പ്രദീപിന്റെയും മകന്റെയും ഡിമാറ്റ് അക്കൗണ്ടുകൾ റദ്ദാക്കാൻ സെബി ആവശ്യപ്പെട്ടത്.

Mumbai, Maharastra/India- January 01 2020: Stock Market at Dalal Street South Mumbai.
Mumbai, Maharastra/India- January 01 2020: Stock Market at Dalal Street South Mumbai.

എന്നാൽ തനിക്ക് കമ്പനിയുടെ മാനേജ്മെന്റിലോ ദൈനംദിന പ്രവനർത്തനങ്ങളിലോ ഒരു പങ്കുമില്ലെന്നും ന്യൂനപക്ഷ ഓഹരി ഉടമ മാത്രമാണെന്നും ഡോ. മേഹ്ത കോടതിയിൽ വ്യക്തമാക്കി. ഡിമാറ്റ് അക്കൗണ്ട് മരവിപ്പിച്ചതിന് ആസ്പദമായ സംഭവം നടക്കുമ്പോൾ തന്റെ മകൻ നീൽ വിദ്യാർഥിയായിരുന്നു. റിട്ടയർമെന്റ് പ്ലാനിന്റെ ഭാഗമായായിരുന്നു കമ്പനിയിൽ തന്റെ നിക്ഷേപമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ ശരിവച്ചാണ് കോടതി സെബിക്കും എക്സ്ചേഞ്ചുകൾക്കും പിഴ വിധിച്ചത്. 

ഡിമാറ്റ് അക്കൗണ്ട് മരവിപ്പിച്ചതിനാൽ ഡോ. പ്രദീപിനും മകനും ഓഹരി വിപണിയിൽ ഇടപെടാനുള്ള 6 വർഷക്കാലമാണ് നഷ്ടമായത്. അംഗീകരിക്കാനാവാത്ത പിഴവാണ് സംഭവിച്ചത്. ഡിമാറ്റ് അക്കൗണ്ട് മരവിപ്പിച്ച നടപടി ഉടൻ പിൻവലിക്കാനും കോടതി ആവശ്യപ്പെട്ടു. പിഴയിൽ 50 ലക്ഷം രൂപ നീലിനും 30 ലക്ഷം രൂപ ഡോ. പ്രദീപിനും നൽകണമെന്നും വിധിയിലുണ്ട്.

English Summary:

Bombay High Court has imposed a fine of ₹80 lakh on the Securities and Exchange Board of India (SEBI) and stock exchanges BSE and NSE for arbitrarily freezing the demat accounts of Dr. Pradeep Mehta and his son, Neel Pradeep Mehta.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com