ADVERTISEMENT

കൊച്ചി∙ കാർ വിപണിയിൽ ഓണത്തിരക്ക്. ചിങ്ങമാസം ഇത്തവണ ഓഗസ്റ്റിലും സെപ്റ്റംബറിലുമായിട്ടായതിനാൽ 2 മാസമാണു വിൽപനയ്ക്കു ലഭിക്കുന്നത്. ബുക്കിങ്ങും ഡെലിവറിയും തകൃതിയായി. രാജ്യമാകെ വരാൻ പോകുന്ന ഉത്സവ സീസണുകളുടെ തുടക്കം ഓണമായതിനാൽ എല്ലാ കാർ കമ്പനികളും കേരളത്തിലേക്കു കൂടുതൽ മോഡലുകൾ എത്തിക്കുകയാണ്.

മലയാളി ഉപയോക്താക്കൾ ചെറിയ–ഇടത്തരം എസ്‌യുവികളിലേക്കും അതുവഴി 8–10 ലക്ഷത്തിൽ നിന്ന് നിന്ന് 12–15 ലക്ഷം രൂപ റേഞ്ചിലേക്കും മാറി എന്നതാണു പ്രത്യേകത. മൈലേജ് കൂടുതലായതിനാൽ സെൽഫ് ചാർജിങ് ഹൈബ്രിഡ് കാറുകൾക്കാണ് ആവശ്യക്കാർ കൂടുതൽ.

എല്ലാ കമ്പനികളും സപ്ലൈ വർധിപ്പിച്ചതിനാൽ ബുക്കിങ്ങിലെ ഡെലിവറി കുടിശികയും കുറയുകയാണ്. ഏപ്രിൽ–ജൂൺ  ത്രൈമാസം അപേക്ഷിച്ച് ജൂലൈ–ഓഗസ്റ്റ് ത്രൈമാസത്തിൽ കാർ ബുക്കിങ്ങിൽ 20%–25% വർധനയുണ്ട്. സുസുക്കി കമ്പനിയുടെ അരീന ശ്രേണിയിൽപ്പെട്ട വാഹനങ്ങളുടെ ബുക്കിങ് 10,000 കവിഞ്ഞു. നെക്സ മോഡലുകൾ 5,000 കവിഞ്ഞു. അരീനയിൽ സ്വിഫ്റ്റും ബ്രെസയും വാഗൺആറും മുന്നിലെങ്കിൽ നെക്സയിൽ ഫ്രോങ്ക്സും ഗ്രാൻഡ് വിറ്റാരയും ബലേനോയുമാണ്.

വിപണിയിൽ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായ് മോഡലുകൾക്കും 20 ശതമാനത്തിലേറെ വളർച്ച നിരക്ക്. ക്രെറ്റ, എക്സ്റ്റർ, വെന്യു, അൽകസാർ തുടങ്ങിയ ചെറിയ എസ്‌യുവികളാണ് മുന്നിൽ.

ടൊയോട്ടയിൽ ഹൈക്രോസും ഹൈറൈഡറും ഗ്ലാൻസയുമാണ് ഏറെ മുന്നിൽ. കഴി‍ഞ്ഞ വർഷത്തെ അപേക്ഷിച്ച് ടൊയോട്ട മോഡലുകളുടെ കേരള വിപണി 3.2% വളരുകയും ചെയ്തു.

മഹീന്ദ്രയ്ക്ക് പുതിയ മോഡലുകൾ ഇറങ്ങിയതോടെ ആവശ്യക്കാർ കൂടി. 3 എക്സ്ഒ, ഥാർ റോക്സ് എന്നീ മോഡലുകളാണ് മുൻനിരയിൽ. വിൽപനയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 25% വരെ ഉയർച്ചയുണ്ട്. ചിങ്ങം ഒന്നിന് നാനൂറിലേറെ വാഹനങ്ങളുടെ ഡെലിവറി നടന്നു. ഓണം കഴിയും വരെ ഇതു തുടരും.

വില അൽപം കൂടിയാലും മലയാളി കുടുംബങ്ങൾ ഉയർന്ന ഇരിപ്പിടവും സുരക്ഷയും കൂടുതൽ മൈലേജും താൽപര്യപ്പെടുന്നു. ഇതാണ് 12 ലക്ഷത്തിലേറെ വിലയുള്ള എസ്‌യുവികളുടെ വിൽപന ഉയരാൻ കാരണം.

എൽദോ ബഞ്ചമിൻ, ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, നിപ്പോൺ ടൊയോട്ട

English Summary:

Onam car market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com