ADVERTISEMENT

പാലക്കാട് ∙ കൊച്ചി–ബെംഗളൂരു വ്യവസായ ഇടനാഴിക്കു കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചതോടെ അടിസ്ഥാന സൗകര്യമൊരുക്കാനുള്ള ടെൻഡർ ഉടൻ വിളിക്കും. 

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു തുല്യപങ്കാളിത്തമുള്ള ദ് കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷനാണ് ഇതിനായി നടപടികൾ സ്വീകരിക്കുക. 

കിൻഫ്രയാണ് കേരളത്തിലെ നിർവഹണ ഏജൻസി. രാജ്യാന്തര നിലവാരത്തിൽ റോഡ്, വൈദ്യുതി, ശുദ്ധജലം, അഴുക്കുചാൽ എന്നിവ മാത്രമല്ല വൈവിധ്യമാർന്ന വ്യവസായങ്ങൾക്കു വേണ്ട മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടി വരും. ഭക്ഷ്യ സംസ്കരണം, ലൈറ്റ് എൻജിനീയറിങ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളുടെയും മറ്റു ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങൾ, ഇലക്ട്രോണിക്സ്, ഐടി, ലോജിസ്റ്റിക്, ഓട്ടമോട്ടീവ് ഉൽപന്നങ്ങൾ തുടങ്ങിയ മേഖലകളാണു സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. അവയ്ക്ക് ആവശ്യമായ സൗകര്യം വേണം.

അതിനുള്ള നിർമാണം പകുതിയാവുമ്പോഴേക്കും വ്യവസായസംരംഭങ്ങളെ ക്ഷണിക്കാനുള്ള ആഗോള ടെൻഡർ നടപടികൾ ആരംഭിക്കാനാകും.

1131 പേരുടെ ഭൂമി, ചെലവ് 1778 കോടി രൂപ

പാലക്കാട് ∙ വ്യവസായ ഇടനാഴിക്കായി പുതുശേരി സെൻട്രൽ വില്ലേജിനു കീഴിൽ 561.34 ഏക്കർ, സെൻട്രൽ, വെസ്റ്റ് വില്ലേജുകളിലായി 413.46 ഏക്കർ, കണ്ണമ്പ്രയിൽ 300 ഏക്കർ എന്നിങ്ങനെയാണ് ഏറ്റെടുത്തത്. പുതുശ്ശേരി വെസ്റ്റ് വില്ലേജിൽ 250 ഏക്കർ ഏറ്റെടുക്കാനുള്ള നടപടികൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. കണ്ണമ്പ്രയിൽ 13 ഏക്കർ കൂടി ഏറ്റെടുക്കാൻ നടപടികളായി. ബാക്കി സ്ഥലം പുതുശ്ശേരി സെൻട്രൽ വില്ലേജിൽ നിന്ന് ഏറ്റെടുക്കാനുണ്ട്.

ഭൂമിയുടെ വില നൽകാൻ 1778 കോടി രൂപയാണ് ചെലവാക്കുന്നത്. ഭൂമി വിട്ടുനൽകിയ 1131 പേരിൽ 783 പേർക്ക് 1350 കോടി രൂപ നൽകി. ഭൂമിയെടുപ്പിനു സംസ്ഥാനവും കേന്ദ്രവും തുല്യവിഹിതം വഹിക്കും. ഇപ്പോൾ കേരളം ചെലവാക്കുന്ന തുകയുടെ പകുതി കേന്ദ്രം അനുവദിക്കും.

സംരംഭങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകുന്നതിനൊപ്പം നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്യുമെന്നാണു സംസ്ഥാന സർക്കാർ പറയുന്നത്. വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചി ഗിഫ്റ്റ് സിറ്റിക്ക് സംസ്ഥാനം അനുമതി കാക്കുകയാണ്

English Summary:

Kochi Bangalore Industrial Corridor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com