ADVERTISEMENT

ന്യൂഡൽഹി ∙ ജിയോ ഉപയോക്താക്കൾക്ക് 100 ജിബി വരെ സൗജന്യ സ്റ്റോറേജ് നൽകുന്ന എഐ ക്ലൗഡുമായി റിലയൻസ്. ചിത്രങ്ങൾ, വിഡിയോ, ഡിജിറ്റൽ ഡേറ്റ എന്നിവ സൂക്ഷിക്കാനും കാണാനും ജിയോ എഐ ക്ലൗഡു വഴി സാധിക്കും. നിർമിത ബുദ്ധി(എഐ), ക്ലൗഡ് സ്റ്റോറേജ് മേഖലയിൽ ആധിപത്യം ഉറപ്പിക്കാനുള്ള കമ്പനിയുടെ തയാറെടുപ്പിന്റെ ഭാഗമാണ് ജിയോ എഐ ക്ലൗഡ്.

 ഈ വർഷം ദീപാവലിയോടെ ജിയോ എഐ ക്ലൗഡ് 100 ജിബിയുടെ വെൽക്കം ഓഫർ ആരംഭിക്കും. 

കൂടുതൽ സ്റ്റോറേജ് ആവശ്യമായവർക്ക് താങ്ങാവുന്ന നിരക്കിൽ ലഭ്യമാകുന്ന തരത്തിലാവും ജിയോ എഐ ക്ലൗഡ് അവതരിപ്പിക്കുക.

നിലവിൽ, ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഗൂഗിളിന്റെയും ആപ്പിളിന്റെയും ക്ലൗഡ് സ്‌റ്റോറേജ് ഉപയോഗിക്കുന്നുണ്ട്. എന്നാൽ അവരുടെ സൗജന്യ പ്ലാനുകളിൽ പരിമിതമായ ജിബി സ്റ്റോറേജ് മാത്രമാണ് ഉള്ളത്. ഗൂഗിളിന്റെ ക്ലൗഡ് സ്റ്റോറേജ് പ്ലാനുകൾ 100 ജിബി സ്റ്റോറേജിന് പ്രതിമാസം 130 രൂപയും ആപ്പിൾ 50 ജിബി ഐക്ലൗഡ് സ്റ്റോറേജിന് 75 രൂപയുമാണ് ഈടാക്കുന്നത്.

ഫോൺ കോളുകൾ റിക്കോർഡ് ചെയ്ത് ജിയോ ക്ലൗഡിൽ സൂക്ഷിക്കാവുന്ന ജിയോ ഫോൺ കോൾ എഐ സർവീസും റിലയൻസ് അവതരിപ്പിച്ചു. കോളുകളുടെ ആശയങ്ങൾ സംക്ഷിപ്തമാക്കി മറ്റ് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനും ഇതിൽ സൗകര്യമുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക പൊതുയോഗത്തിലാണ് ചെയർമാൻ മുകേഷ് അംബാനി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. 

ചിലർക്ക് മാത്രം ഉപയോഗിക്കാവുന്ന ആഡംബര സാങ്കേതിക വിദ്യയായി നിർമിത ബുദ്ധിയെ കാണുന്ന രീതി മാറുമെന്നും വില കൂടിയ ഉപകരണങ്ങൾക്ക് പുറമേ, എല്ലാവിധ ഉപകരണങ്ങളിലും എഐ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മുകേഷ് അംബാനി പറഞ്ഞു.

2024 സാമ്പത്തിക വർഷത്തിൽ വാർഷിക വരുമാനം 10 ലക്ഷം കോടി കടന്ന ആദ്യ കമ്പനിയാണ് റിലയൻസ് ഇൻസട്രീസെന്ന് മുകേഷ് അംബാനി. വാർഷിക വരുമാനത്തിൽ 10 ലക്ഷം കോടി (119.9 ബില്യൻ ഡോളർ) കടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായി. 

കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 5.28 ലക്ഷം കോടി രൂപ (66.0 ബില്യൻ ഡോളർ)യുടെ നിക്ഷേപം നടത്തി. 2023-24 സാമ്പത്തിക വർഷത്തിൽ വിവിധ നികുതികളും തീരുവകളും വഴി 1,86,440 കോടി രൂപ (22.4 ബില്യൻ ഡോളർ) നൽകി രാജ്യത്ത് ഏറ്റവും അധികം നികുതി നൽകുന്ന കമ്പനിയായി തുടരുകയാണ് റിലയൻസെന്നും അദ്ദേഹം പറഞ്ഞു.

റിലയൻസിന്റെ വൻകിട സോളർ ഫാക്ടറി ഈ വർഷം

ന്യൂഡൽഹി ∙ സൗരോർജ സെല്ലുകളും പാനലുകളും നിർമിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വൻകിട സോളർ ഫാക്ടറി ഈ വർഷം പ്രവർത്തനം ആരംഭിക്കും. 20 ഗിഗാവാട്ട് സോളർ പിവി (ഫോട്ടോവോൾടെയ്ക്) മൊഡ്യൂൾ ഉൽപാദനം ഈ വർഷാവസാനത്തോടെ തുടങ്ങുമെന്നു ചെയർമാൻ മുകേഷ് അംബാനി അറിയിച്ചു. 

സൂര്യപ്രകാശത്തെ വൈദ്യുതിയാക്കി മാറ്റുകയാണു പിവി മൊഡ്യൂൾ ചെയ്യുന്നത്. പോളിസിലിക്കോൺ, ഗ്ലാസ് നിർമാണവും ഉണ്ടാകും.

അടുത്ത വർഷത്തോടെ മെഗാവാട്ട് തലത്തിലുള്ള സോഡിയം അയേൺ സെൽ ഉൽപാദനം ആരംഭിക്കും. കാർബൺരഹിത സാങ്കേതികവിദ്യയിലും സോളർ വൈദ്യുതിവൽക്കരണ രംഗത്തും അടുത്ത 3 വർഷത്തിനിടെ 1,000 കോടി ഡോളർ നിക്ഷേപമാണു റിലയൻസ് ലക്ഷ്യമിടുന്നത്. 

4 വൻകിട സോളർ ഫാക്ടറികൾ കൂടി വരും വർഷങ്ങളിൽ ആരംഭിക്കും.

English Summary:

Reliance with AI Cloud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com