കേരളം ഓഗസ്റ്റിലും പോസിറ്റീവ്! ജിഎസ്ടി പിരിവിൽ 9% വർധന; കേന്ദ്ര വിഹിതമായി 13,252 കോടി
Mail This Article
ചരക്ക്-സേവന നികുതിയായി (ജിഎസ്ടി) ഓഗസ്റ്റിൽ കേരളത്തിൽ പിരിച്ചെടുത്തത് 2,511 കോടി രൂപ. 2023 ഓഗസ്റ്റിലെ 2,306 കോടി രൂപയേക്കാൾ 9% അധികം. കഴിഞ്ഞ ജൂലൈയിൽ 2,493 കോടി രൂപയായിരുന്നു സംസ്ഥാനത്തെ സമാഹരണം. ജൂണിലെ കണക്കുകൾ കേന്ദ്രം പുറത്തുവിട്ടിരുന്നില്ല. എന്നാൽ, സംസ്ഥാന നികുതി വകുപ്പിന്റെ കണക്കുപ്രകാരം ഇത് 2,643.45 കോടി രൂപയാണ്.
സംസ്ഥാന ജിഎസ്ടി (എസ്ജിഎസ്ടി), സംയോജിത ജിഎസ്ടിയിലെ (ഐജിഎസ്ടി) സംസ്ഥാന വിഹിതം എന്നീ ഇനങ്ങളിലായി കഴിഞ്ഞമാസം കേരളത്തിന് 13,252 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റിലെ 13,080 കോടി രൂപയേക്കാൾ ഒരു ശതമാനം മാത്രം അധികം.
ഒട്ടേറെ സംസ്ഥാനങ്ങൾ നെഗറ്റീവിൽ
നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഓഗസ്റ്റിലും ജിഎസ്ടി പിരിവിൽ നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയത്. അരുണാചൽ (-10%), നാഗാലാൻഡ് (-18%), മിസോറം (-13%), മേഘാലയ (-18%), ഛത്തീസ്ഗഢ് (-10%), ദാദ്ര ആൻഡ് നാഗർ ഹവേലി (-1%), ലക്ഷദ്വീപ് (-44%), ആന്ധ്രാപ്രദേശ് (-5%) എന്നിവയാണ് നെഗറ്റീവിലേക്ക് വീണത്.
ചണ്ഡീഗഢ് (+27%), ഡൽഹി (+22%), മണിപ്പുർ (+38%), ആൻഡമാൻ ആൻഡ് നിക്കോബാർ (+29%), ലഡാക്ക് (+23%) എന്നിവ വളർച്ചാനിരക്കിൽ മുന്നിലെത്തി. എന്നാൽ, ഏറ്റവുമധികം ജിഎസ്ടി സമാഹരിച്ച സംസ്ഥാനം സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്ര തന്നെയാണ് (26,367 കോടി രൂപ).
12,344 കോടി രൂപയുമായി കർണാടക രണ്ടാമതും 10,344 കോടി രൂപയുമായി ഗുജറാത്ത് മൂന്നാമതും 10,181 കോടി രൂപയുമായി തമിഴ്നാട് നാലാമതുമാണ്. വെറും രണ്ടുകോടി രൂപ മാത്രം സമാഹരിച്ച ലക്ഷദ്വീപാണ് ഏറ്റവും പിന്നിൽ.
ദേശീയതലത്തിൽ 1.75 ലക്ഷം കോടി
ദേശീയതലത്തിൽ ഓഗസ്റ്റിൽ 1.75 ലക്ഷം കോടി രൂപയാണ് സമാഹരിച്ചതെന്ന് കേന്ദ്ര ജിഎസ്ടി വിഭാഗം വ്യക്തമാക്കി. 2023 ഓഗസ്റ്റില 1.59 ലക്ഷം കോടി രൂപയേക്കാൾ 10% അധികമാണിത്. ജൂലൈയിൽ 1.82 ലക്ഷം കോടി രൂപ പിരിച്ചെടുത്തിരുന്നു.
കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവിൽ 30,862 കോടി രൂപ കേന്ദ്ര ജിഎസ്ടിയും (സിജിഎസ്ടി) 38,411 കോടി രൂപ എസ്ജിഎസ്ടിയും 93,621 കോടി രൂപ ഐജിഎസ്ടിയുമാണ്. സെസ് ഇനത്തിൽ 12,068 കോടി രൂപ ലഭിച്ചു. നടപ്പുവർഷം ഏപ്രിൽ-ഓഗസ്റ്റിലെ ആകെ ജിഎസ്ടി സമാഹരണം 9.14 ലക്ഷം കോടി രൂപ; മുൻവർഷത്തെ സമാനകാലത്തേക്കാൾ 10.1% അധികം.