‘ കുറഞ്ഞത് 100 സ്റ്റാർട്ടപ്പുകളെ കെഎഫ്‌സി പിന്തുണയ്ക്കും ’
Mail This Article
തിരുവനന്തപുരം ∙ ഈ വർഷം 100 സ്റ്റാർട്ടപ്പുകൾക്കെങ്കിലും കേരള ഫിനാൻഷ്യൽ കോർപറേഷൻ സാമ്പത്തിക പിന്തുണ ഉറപ്പാക്കുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള 10 കോടി രൂപ വായ്‌പ പരിധി 15 കോടി ആയി ഉയർത്തണമെന്ന ആവശ്യം പരിഗണിക്കും. കമ്പനിയുടെ വായ്‌പ പോർട്ട് ഫോളിയോയിലെ മുഖ്യഘടകങ്ങളിൽ ഒന്നായി സ്‌റ്റാർട്ടപ് വായ്‌പകളെ മാറ്റും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായി കെഎഫ്‌സി മാറിയിട്ടുണ്ട്.
കമ്പനിയുടെ സാമ്പത്തിക പിന്തുണയോടെ ഒട്ടേറെ സ്ഥാപനങ്ങൾ സംസ്ഥാനത്ത് മികച്ച നിലയിൽ പ്രവർത്തിക്കുന്നു. ഇവയിൽ 700 മുതൽ 800 കോടി രൂപ വരെ വിറ്റുവരവുള്ള വ്യവസായ സ്ഥാപനങ്ങളുമുണ്ട്. കമ്പനിയുടെ മൂലധന നിക്ഷേപം 50 കോടിയിൽ നിന്ന് 300 കോടി രൂപയിലേക്ക് സർക്കാർ ഉയർത്തി. 7,368 കോടി രൂപ വായ്പ വിതരണം ചെയ്തു. സ്‌റ്റാർട്ടപ്പുകൾക്ക് ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ എളുപ്പമല്ലാത്ത സാഹചര്യത്തിലാണ് കെഎഫ്‌സി ഇടപെടലെന്നു മന്ത്രി പറഞ്ഞു.