കേരളത്തിൽ നിന്നൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക്; ഐപിഒ വില 215 രൂപ മുതൽ
Mail This Article
കേരളത്തിൽ നിന്ന് ഒരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു. എറണാകുളം കാലടി മറ്റൂർ ആസ്ഥാനമായ ടോളിൻസ് ടയേഴ്സ് (Tolins Tyres) ആണ് പ്രാരംഭ ഓഹരി വിൽപന (ഐപിഒ/IPO) വഴി 230 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നത്. ഈ മാസം 9 മുതൽ 11 വരെ നടക്കുന്ന ഐപിഒയിൽ ഓഹരി വില (പ്രൈസ് ബാൻഡ്/price band) 215 മുതൽ 226 രൂപവരെയാണ്. 5 രൂപയാണ് ഓഹരിയുടെ മുഖവില (ഫെയ്സ് വാല്യു/face value).
കുറഞ്ഞത് 66 ഓഹരികൾക്കായും തുടർന്ന് അതിന്റെ ഗുണിതങ്ങൾക്കുമാണ് അപേക്ഷിക്കാനാകുക. ഐപിഒയിൽ 50 ശതമാനം യോഗ്യരായ നിക്ഷേപകർക്കായാണ് (ക്യുഐബി/QIB) മാറ്റിവച്ചിരിക്കുന്നത്. സ്ഥാപനേതര നിക്ഷേപകർക്കാണ് (എൻഐഐ/NII) 15%. ബാക്കി 35% ചെറുകിട (റീറ്റെയ്ൽ/Retail) നിക്ഷേപകർക്കുമാണ്. ഐപിഒയിൽ അപേക്ഷിച്ചവരിൽ നിന്ന് അർഹരായവർക്ക് സെപ്റ്റംബർ 12ന് ഓഹരികൾ ഡീമാറ്റ് അക്കൗണ്ടിൽ ലഭ്യമാക്കിയേക്കും. ബിഎസ്ഇയിലും എൻഎസ്ഇയിലും സെപ്റ്റംബർ 16ന് ഓഹരി ലിസ്റ്റ് ചെയ്തേക്കും.
40ലേറെ രാജ്യങ്ങളിൽ സാന്നിധ്യം
പ്രധാനമായും ടയർ റീട്രെഡിങ് (tyre retreading) പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുന്ന കമ്പനിയാണ് ടോളിൻസ് ടയേഴ്സ്. തേയ്മാനം വന്ന ടയറുകൾ മെച്ചപ്പെടുത്തി വീണ്ടും മികച്ചവയാക്കി മാറ്റുന്ന പ്രവർത്തനമാണിത്. മിഡിൽ ഈസ്റ്റ്, കിഴക്കൻ ആഫ്രിക്ക, കെനിയ, ഈജ്പിറ്റ്, ജോർദാൻ തുടങ്ങി 40ഓളം രാജ്യങ്ങളിലേക്ക് കമ്പനി കയറ്റുമതി നടത്തുന്നുണ്ട്. മൂന്ന് ഫാക്ടറികളാണ് കമ്പനിക്കുള്ളത്. രണ്ടെണ്ണം കാലടിയിലും ഒന്ന് യുഎഇയിലും. ടൂവീലർ, ത്രീവീലർ, കാർ, ചെറു വാണിജ്യ വാഹനങ്ങൾ, കാർഷിക മേഖലയിലെ വാഹനങ്ങളുടെ ടയറുകൾ എന്നിവയാണ് കമ്പനി നിർമിക്കുന്നത്.
ഡോ. കാളംപറമ്പിൽ വർക്കി ടോളിൻ, ജെറിൻ ടോളിൻ എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ. 83.31% ഓഹരികളും ഇവരുടെ കൈവശമാണ്. ഐപിഒയിൽ 200 കോടി രൂപയുടേതാണ് പുതിയ ഓഹരികൾ (ഫ്രഷ് ഇഷ്യൂ). 30 കോടി രൂപയുടേത് നിലവിലെ ഓഹരി ഉടമകൾ നിശ്ചിത ഓഹരികൾ വിറ്റഴിക്കുന്ന ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്) ആണ്. ഡോ. കാളംപറമ്പിൽ വർക്കി ടോളിനും ജെറിൻ ടോളിനും 15 കോടി രൂപയുടെ വീതം ഓഹരികൾ ഒഎഫ്എസിൽ വിൽക്കും.
ലാഭവും എതിരാളികളും
നിലവിലെ കടം പൂർണമായി വീട്ടാനും മൂലധനാവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താനും ഉപകമ്പനിയിൽ നിക്ഷേപിക്കാനുമാണ് ഐപിഒയിലൂടെ നേടുന്ന തുക വിനിയോഗിക്കുക. ഇൻഡാഗ് റബർ, വംശി റബർ, ടിവിഎസ് ശ്രീചക്ര, ജിആർപി ലിമിറ്റഡ്, എൽജി റബർ കമ്പനി എന്നിവയാണ് ഓഹരി വിപണിയിൽ ടോളിൻസ് ടയേഴ്സിനെ കാത്തിരിക്കുന്ന എതിരാളികൾ.
2023-24 സാമ്പത്തിക വർഷം 227.22 കോടി രൂപയുടെ വരുമാനവും 26.01 കോടി രൂപയുടെ ലാഭവും നേടിയ കമ്പനിയാണ് ടോളിൻസ് ടയേഴ്സ്. 2022-23ലെ വരുമാനം 118.25 കോടി രൂപയും ലാഭം 4.99 കോടി രൂപയുമായിരുന്നു. അഞ്ചിരട്ടിയിലധികമാണ് ലാഭ വളർച്ച. ലാഭ അനുപാതം (മാർജിൻ) 4.22 ശതമാനത്തിൽ നിന്ന് 11.45 ശതമാനമായും കഴിഞ്ഞ സാമ്പത്തിക വർഷം മെച്ചപ്പെട്ടിരുന്നു. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (എബിറ്റ്ഡ) 12.3 കോടി രൂപയിൽ നിന്ന് നാലിരട്ടിയോളം ഉയർന്ന് 46.4 കോടി രൂപയിലും എത്തിയിരുന്നു.