എൻവിഡിയ 9% ഇടിഞ്ഞു; കൂപ്പുകുത്തി യുഎസ് വിപണി, ഗിഫ്റ്റ് നിഫ്റ്റിയും വീണു, ഇന്ത്യക്കും സമ്മർദ്ദം
Mail This Article
അമേരിക്കൻ ഓഹരി വിപണിയിൽ നിന്ന് ആഞ്ഞുവീശുന്ന നിരാശയുടെ കൊടുങ്കാറ്റ് ഇന്ന് ഇന്ത്യൻ ഓഹരി വിപണികളിലും ഭീതി വിതച്ചേക്കും. 2015ന് ശേഷമുള്ള ഏറ്റവും മോശം സ്ഥിതിയിലൂടെയാണ് ഇന്നലെ യുഎസ് വിപണിയായ എസ് ആൻഡ് പി 500 കടന്നുപോയത്. ടെക്, ഐടി കമ്പനികൾക്ക് ആഭിമുഖ്യമുള്ള നാസ്ഡാക്ക് 2022ന് ശേഷമുള്ള മോശം അവസ്ഥയും കണ്ടു.
യുഎസിന്റെ ജിഡിപിയിൽ 10.3% സംഭാവന ചെയ്യുന്ന മാനുഫാക്ചറിങ് മേഖലയുടെ പ്രകടനം (മാനുഫാക്ചറിങ് ഇൻഡെക്സ്) ഓഗസ്റ്റിൽ 47.2 രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഓഹരി വിപണികൾ കൂപ്പുകുത്തിയത്. ജൂലൈയിലെ എട്ടുമാസത്തെ താഴ്ചയായ 46.8ൽ നിന്ന് ഇൻഡെക്സ് മെച്ചപ്പെട്ടെങ്കിലും ഇത് 50ന് താഴെ തുടർച്ചയായി തുടരുന്നത് സ്ഥിതി ഭദ്രമല്ല എന്നതിന്റെ തെളിവാണ്.
ഫലത്തിൽ, അമേരിക്ക വീണ്ടും മാന്ദ്യപ്പേടിയിലായത് ഓഹരി വിപണികളെ വീഴ്ത്തി. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഈ മാസം അടിസ്ഥാന പലിശനിരക്ക് 0.25-0.50% കുറച്ചേക്കാം. എങ്കിലും, രാജ്യം മാന്ദ്യത്തിലാകുമോ എന്ന ഭയം അലയടിക്കുന്നു. വെള്ളിയാഴ്ച പുറത്തുവരുന്ന തൊഴിൽക്കണക്ക് കൂടി വിലയിരുത്തിയശേഷമാകും ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
വീണുടഞ്ഞ് വിപണികൾ
ഡൗ ജോൺസ് 1.51%, എസ് ആൻഡ് പി 2.12%, നാസ്ഡാക്ക് 3.26% എന്നിങ്ങനെയാണ് കൂപ്പുകുത്തിയത്. ഇത് ഏഷ്യൻ വിപണികളിലും നിരാശ പടർത്തി. ജപ്പാന്റെ നിക്കേയ് 3.74%, ഹോങ്കോങ്ങിലെ ഹാങ് സെങ് 1.43%, ചൈനയിലെ ഷാങ്ഹായ് 0.57% എന്നിങ്ങനെ ഇടിഞ്ഞു. ഇന്ത്യൻ ഓഹരി വിപണിയുടെ ദിശാസൂചികയായ ഗിഫ്റ്റ് നിഫ്റ്റി 190 പോയിന്റും കൂപ്പുകുത്തി. ഇന്ത്യൻ ഓഹരി വിപണികളും ഇന്ന് സമ്മർദ്ദത്തിലായേക്കാമെന്ന് ഇത് വ്യക്തമാക്കുന്നു. എന്നാൽ, പലപ്പോഴും വിദേശ വിപണികളുടെ ചലനത്തിൽ മുങ്ങാതെ ഇന്ത്യൻ വിപണികൾ പിടിച്ചുനിന്നിട്ടുണ്ട്. ഇന്നും അത് സാധ്യമാകുമോ എന്ന് കണ്ടറിയാം
വീഴ്ചയ്ക്ക് ആക്കംകൂട്ടി എൻവിഡിയ
ലോകത്തെ ഏറ്റവും ശ്രദ്ധേയ ടെക് കമ്പനിയും നിർമിത ബുദ്ധി (എഐ) അധിഷ്ഠിത ചിപ്പ് നിർമാതാക്കളുമായ എൻവിഡിയയുടെ ഓഹരി 9-10% കൂപ്പുകുത്തി. കമ്പനിയുടെ വിപണിമൂല്യത്തിൽ നിന്ന് 27,900 കോടി ഡോളർ (23.4 ലക്ഷം കോടി രൂപ) ഒറ്റയടിക്ക് ഒലിച്ചുപോയി. 2020ന് ശേഷം എൻവിഡിയ ഒരുദിവസം നേരിടുന്ന ഏറ്റവും വലിയ വീഴ്ചയാണിത്.
ഉപയോക്താക്കളെ മറ്റ് ചിപ്പ് നിർമാണ കമ്പനികളുടെ ഉൽപന്നങ്ങൾ വാങ്ങാനാകാത്ത വിധം എൻവിഡിയ കുത്തക മേധാവിത്തം പുലർത്തുന്നുണ്ടെന്ന ആരോപണവും ഇത് സംബന്ധിച്ച് യുഎസ് ആന്റി ട്രസ്റ്റ് വിഭാഗത്തിന്റെ അന്വേഷണവുമാണ് ഓഹരികളെ വീഴ്ത്തിയത്. എൻവിഡിയ എന്നും മൂല്യങ്ങൾ നിലനിർത്തിയാണ് മുന്നോട്ട് പോകുന്നതെന്ന് വിശദീകരണവുമായി എത്തിയെങ്കിലും നിക്ഷേപകർ തൃപ്തരായില്ല. മറ്റ് ചിപ്പ് കമ്പനികളുടെ ഓഹരികളും നിലംപൊത്തി.
ഇന്ത്യൻ വിപണി: ശ്രദ്ധയിൽ ഇവർ
കനത്ത ചാഞ്ചാട്ടത്തിലൂടെയാണ് സെൻസെക്സും നിഫ്റ്റിയും ഇന്നലെ കടന്നുപോയത്. വ്യാപാരാന്ത്യത്തിൽ സെൻസെക്സ് ഇന്നലെ 4 പോയിന്റ് താഴ്ന്നു. നിഫ്റ്റി ഒരു പോയിന്റ് മാത്രം ഉയർന്നു. ഇന്ന് സമ്മർദ്ദമാകും അലയടിക്കുക. പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ ജനറൽ ഇൻഷുറൻസ് കമ്പനിയുടെ 6.78% ഓഹരികൾ കേന്ദ്രം ഓഫർ-ഫോർ–സെയിൽ (ഒഎഫ്എസ്) വഴി വിറ്റഴിക്കുന്നുണ്ട്. ഓഹരിക്ക് 395 രൂപ നിരക്കിലാണ് വിൽപന. പൊതുമേഖലാ സ്ഥാപനമായ ഒഎൻജിസി പുതിയ റിഫൈനറിയും പെട്രോകെമിക്കൽ പാർക്കും സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ്.
സ്പൈസ്ജെറ്റിനോട് ഫീസ് കുടിശിക ഉടൻ വീട്ടാൻ ഡൽഹി എയർപോർട്ട്അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സീ എന്റർടെയ്ൻമെന്റിന് വാർഷിക പൊതുയോഗം നടത്താൻ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു. സിപ്ലയിൽ നിന്ന് വൈസ് ചെയർമാൻ എം.കെ. ഹമീദ് രാജിവച്ചു. ഈ ഓഹരികളുടെ പ്രകടനത്തിൽ ഇക്കാര്യങ്ങൾ ഇന്ന് സ്വാധീനിച്ചേക്കാം.
ക്രൂഡോയിൽ ഇടിവിൽ
എണ്ണ ഉൽപാദക, കയറ്റുമതിരംഗത്തെ പ്രമുഖരായ ലിബിയ വീണ്ടും രാഷ്ട്രീയ അരക്ഷിതാവസ്ഥയിലായത് ക്രൂഡ് ഓയിൽ വിലയെ ഇടിവിലേക്ക് നയിച്ചു. ഡബ്ല്യുടിഐ ക്രൂഡ് 0.74% ഇടിഞ്ഞ് 69.82 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില 0.64% താഴ്ന്ന് 73.28 ഡോളറുമായി. ഉൽപാദനം വീണ്ടും വെട്ടിക്കുറച്ച് വില പിടിച്ചുനിർത്താൻ സൗദി, റഷ്യ എന്നിവയുടെ നേതൃത്വത്തിലുള്ള കയറ്റുമതി കൂട്ടായ്മയായ ഒപെക് പ്ലസ് തീരുമാനിക്കുമോ എന്നാണ് ഏവരും ഇപ്പോൾ ഉറ്റുനോക്കുന്നത്.