ADVERTISEMENT

പലതരം മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ് അടുത്ത കാലത്തായി ജപ്പാന്റെ സമ്പദ്‍വ്യവസ്ഥ. പല രാജ്യങ്ങളുമായും ഭക്ഷണത്തിലും ജീവിതരീതിയിലും നിലപാടുകളിലും വേറിട്ടുനിൽക്കുന്ന നാടാണ് ജപ്പാൻ. ഉദാഹരണത്തിന്, ലോകം മുഴുവൻ പലിശനിരക്കുകൾ ഉയർത്തി പണപ്പെരുപ്പത്തെ നേരിടാൻ തുനിഞ്ഞിറങ്ങിയപ്പോഴും ജപ്പാനിൽ പലിശ പൂജ്യമോ അതിലും താഴെയോ ആയിരുന്നു. പിന്നീട് പല രാജ്യങ്ങളും പലിശ കുറയ്ക്കാം എന്ന നിലപാടിലേക്ക് എത്തിയപ്പോൾ പലിശ കൂട്ടിയാണ് ജപ്പാൻ ലോകത്തെ ഞെട്ടിച്ചത്.

പണനയം കർശനമാക്കുന്ന പാശ്ചാത്യ കേന്ദ്ര ബാങ്കുകളും ജപ്പാനും തമ്മിൽ നിലപാടുകളിലെ വ്യത്യാസമാണ് ഇതിന് കാരണം. വയസ്സായികൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ഡിമാൻഡ് വളർച്ചാനിരക്ക് നിലവിൽ തന്നെ കുറവാണ്. ഇതോടൊപ്പം ഉൽപാദനം കുറയുന്നതും കടം കൂടുന്നതും യെന്നിന്റെ മൂല്യത്തെകുറിച്ചുള്ള ആശങ്കകളുമെല്ലാം ജപ്പാനുണ്ട്. ഇതിനൊക്കെ പുറമെ, ഇപ്പോൾ പണിയെടുത്തു നടുവൊടിഞ്ഞ ജനം ഇനി കുറച്ചു വിശ്രമിക്കുന്നതാണ് നല്ലത് എന്ന് ചിന്തിക്കുന്ന ഒരു കാലത്തിലേക്കെത്തിയിരിക്കുന്നത് ജപ്പാൻ സമ്പദ്‍വ്യവസ്ഥക്ക് പുതിയ തലവേദനയാണ്.

നടുവൊടിക്കുന്ന പണി
 

ജപ്പാന്റെ തൊഴിൽ സംസ്കാരം കാര്യക്ഷമതയ്ക്കും അർപ്പണബോധത്തിനും ഐക്യത്തിനും ബഹുമാനത്തിനും ഊന്നൽ നൽകുന്ന തരത്തിലുള്ളതാണ്. ജപ്പാനിലെ സാധാരണ പ്രവൃത്തിസമയം മറ്റ് രാജ്യങ്ങളിലെ പോലെ  ആഴ്ചയിൽ 40 മണിക്കൂർ ആണെങ്കിലും അവിടെ ഓവർടൈം സാധാരണമാണ്. വൈകിവരുന്ന സഹപ്രവർത്തകരെ സഹായിക്കുന്നതിനുള്ള "സർവീസ് ഓവർടൈം" ഡെഡ്‌ലൈനുകൾ നിറവേറ്റുന്നതിനുള്ള "സ്വമേധയാ ഓവർടൈം" എന്നിവയുൾപ്പെടെ വ്യത്യസ്ത തരത്തിലുള്ള ഓവർടൈം ഉണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ജാപ്പനീസ് കുടുംബങ്ങൾക്ക് ഭർത്താക്കന്മാരും (അച്ഛനും) വീട്ടിൽ ചെലവഴിക്കുന്ന സമയത്തെക്കുറിച്ച് വ്യത്യസ്തമായ പ്രതീക്ഷകളാണുള്ളത്. ഭർത്താവും അച്ഛനും വൈകുന്നേരങ്ങളിൽ വീട്ടിൽ വരാതിരിക്കുന്നത് സാധാരണമാണ്. എന്നാൽ  ശനിയാഴ്ചയോ ഞായറാഴ്ചയോ ജപ്പാൻകാർ ജോലി ചെയ്യുന്നത് അപൂർവം.

1986ൽ, ഒരു ശരാശരി ജാപ്പനീസ് തൊഴിലാളി പ്രതിവർഷം 2,097 മണിക്കൂർ ജോലി ചെയ്തിരുന്നു, എന്നാൽ 2019 ആയപ്പോഴേക്കും അത് 1,644 മണിക്കൂറായി കുറഞ്ഞു. ജപ്പാനിൽ ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിലും, മിക്ക ജാപ്പനീസ് അമ്മമാരും വീട്ടിൽ തന്നെ തുടരുന്നത് ഇപ്പോഴും സാധാരണം. അവർ എല്ലാ വീട്ടുജോലികളും ഒറ്റയ്‌ക്ക് കൈകാര്യം ചെയ്യുന്നത് ഭർത്താക്കന്മാർക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ മുഴുവൻ സമയവും സ്വന്തം ജോലികളിൽ ശ്രദ്ധിക്കാൻ വേണ്ടിയാണ്. ജാപ്പനീസ് ഭർത്താക്കൻമാർ 'അന്നദാതാക്കൾ' എന്ന നിലയിൽ വളരെ 'ഗൗരവമായി' ജോലിയെ കാണുന്നു എന്ന പ്രത്യേകതയുമുണ്ട്. കഠിനാധ്വാനം ചെയ്യുന്ന ഒരാൾ ദീർഘനേരം ഓഫീസിൽ തങ്ങുന്നതും വൈകുന്നേരങ്ങളിൽ ജോലി ചെയ്യുന്നതും അവരുടെ കുടുംബത്തിന് വേണ്ടിയാണ് എന്ന കാഴ്ചപ്പാട് ഉള്ളവരാണ് ജപ്പാൻകാർ. 'അമേരിക്കൻ ഭർത്താക്കന്മാർ' വീട്ടിൽ സമയം ചെലവഴിച്ചുകൊണ്ടാണ് സ്‌നേഹം പ്രകടിപ്പിക്കുന്നതെങ്കിൽ, ജാപ്പനീസ് ഭർത്താക്കന്മാർ കഠിനാധ്വാനത്തിലൂടെ സ്നേഹം പ്രകടിപ്പിക്കുന്നു. അതുകൊണ്ടുതന്നെ നേരെത്തെ ജോലികഴിഞ്ഞു വീട്ടിൽ വരുന്നത് പോലും മോശമാണ് എന്ന ചിന്താഗതിയും ജപ്പാൻക്കാർക്കുണ്ട്. 

ചെറുപ്പക്കാരുടെ ഇടയിൽ കാര്യങ്ങൾ മാറുന്നു

ഇപ്പോൾ 'വർക്ക്ഹോളിക്' ആയ ഒരു തൊഴിൽ സംസ്കാരം വേണ്ടെന്ന് വെക്കുന്ന ചെറുപ്പകാരുടെ എണ്ണവും ജപ്പാനിൽ കൂടുകയാണ്. കുറച്ചെങ്കിലും സമയം വെറുതെ ഇരിക്കാനും കുടുംബത്തിനായും വ്യായാമത്തിനായും ചെലവിടാനും ഇവർ ശ്രമിക്കുന്നു. സ്ഥിരമായ ജോലികൾ അല്ലാതെ ഫ്രീലാൻസ് ജോലികൾ ചെയ്യാനും കൂടുതൽപേർ  ഇപ്പോൾ ഇഷ്ടപ്പെടുന്നു. മുഴുവൻ സമയ ജോലികളെക്കാൾ പകുതി സമയം ജോലി ചെയ്യുന്ന രീതിയിലേക്ക് മാറാനും ജപ്പാൻ യുവത്വം ഇഷ്ടപ്പെടുന്നു. 

രാജിവയ്ക്കാൻ സമ്മതിക്കില്ല

ജപ്പാനിൽ അമിത ജോലി കാരണം ചിലർ മരിച്ചു എന്ന് വാർത്തകൾ വരുന്നുണ്ട്. ശാരീരിക പ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും ജാപ്പനീസ് ജോലിക്കാരുടെ ഇടയിൽ ഉയരുകയാണ്. അങ്ങേയറ്റം ബുദ്ധിമുട്ടുള്ള ജോലിയിൽ നിന്ന് രാജിവയ്ക്കാൻ നോക്കുമ്പോൾ കമ്പനികൾ രാജി സ്വീകരിക്കില്ല എന്ന പ്രശ്‍നം ഉടലെടുത്തതോടെ, 'ജോലി രാജി വെക്കാൻ സഹായിക്കുന്ന സേവനങ്ങൾ' നൽകുന്ന ഏജൻസികൾ ജപ്പാനിൽ തുടങ്ങിയിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജി സ്വീകരിക്കാൻ വിസമ്മതിക്കുന്ന ബോസുമാരുമായി സംസാരിച്ച് രാജി വയ്ക്കാൻ സഹായിക്കുന്ന ഏജൻസികളുടെ സേവനങ്ങൾക്ക് ജപ്പാനിൽ നല്ല ഡിമാൻഡ് ഉണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് സമയത്ത് വീട്ടിലിരുന്നു ജോലി ചെയ്യാൻ തുടങ്ങിയപ്പോഴാണ് പല ജപ്പാൻക്കാരും കുറച്ചു സമയം കൂടുതൽ ലഭിക്കുന്നതിന് കുറിച്ച് ചിന്തിച്ചു തുടങ്ങിയത് എന്നും, അത് പിന്നീട് മുഴുവൻ സമയ ജോലിയിൽ നിന്ന് പകുതി സമയ ജോലി രീതികളിലേക്ക് പതുക്കെ മാറുകയായിരുന്നു എന്നുമാണ് ജാപ്പനീസ് യുവാക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.

വയോധികർ കൂടുന്ന ജപ്പാനിൽ ചെറുപ്പക്കാർക്ക് ജോലി ചെയ്യാൻ താല്പര്യം കുറയുന്നു എന്നുള്ളത് സമ്പദ്‍വ്യവസ്ഥയുടെ മെല്ലെപോക്കിനെ വീണ്ടും വഷളാക്കുന്ന ഒരു കാര്യമായിരിക്കും. കുട്ടികൾ ഉണ്ടാകുന്നതു ഇഷ്ടമല്ല, മുഴുവൻ സമയം ജോലി ചെയ്യുന്നത് ഇഷ്ടമല്ല, നഗരങ്ങളിലെ ജീവിത ചെലവ് താങ്ങാൻ സാധിക്കാത്തതിനാൽ ഗ്രാമങ്ങൾ പോയി താമസിക്കാം, ജോലി ചെയ്തു മാത്രം ജീവിതം ഹോമിക്കാൻ തയ്യാറല്ല.. എന്നിങ്ങനെ യുവജനതയുടെ  ചിന്താഗതികൾ രാജ്യത്തിന്റെ ഉൽപാദനക്ഷമതയെ മാത്രമല്ല കുറയ്ക്കുന്നത്, മറിച്ച് സാധനങ്ങളുടെ ഡിമാൻഡിനെ കൂടിയാണ് എന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

English Summary:

Explore the changing landscape of Japan's work culture, from traditional overtime and dedication to a new generation seeking work-life balance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com