ADVERTISEMENT

കഴിഞ്ഞയാഴ്ചയോട് കനത്ത നഷ്ടത്തോടെ വിട പറഞ്ഞ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് ചാഞ്ചാട്ടത്തോടെയാണ് തുടങ്ങിയതെങ്കിലും നിലവിലുള്ളത് ഭേദപ്പെട്ട നേട്ടത്തിൽ. 80,973ൽ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച സെൻസെക്സ് ഇന്നൊരുവേള 81,448 വരെ ഉയർന്നു. വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ സെൻസെക്സുള്ളത് 0.15% നേട്ടവുമായി 81,304ൽ. 24,823ൽ തുടങ്ങി 24,916 വരെ എത്തിയ നിഫ്റ്റിയുള്ളത് 0.1% നേട്ടവുമായി 24,876ലും.

കഴിഞ്ഞ വാരാന്ത്യം യുഎസ് ഓഹരി വിപണികളും ഇന്ന് രാവിലെ ജാപ്പനീസ് വിപണിയായ നിക്കേയിയും നേരിട്ട തളർച്ച ഇന്ത്യൻ വിപണികളിലും അലയടിക്കുമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാൽ യുഎസ് മാന്ദ്യഭീഷണിയിലല്ലെന്ന വിലയിരുത്തലുകൾ വന്നതോടെ വിപണി നേട്ടത്തിന്റെ ട്രാക്ക് പിടിച്ചുതുടങ്ങിയിട്ടുണ്ട്. വിപണിയിലാകെ ആവേശം പ്രകടമല്ലെങ്കിലും ചില ഓഹരികൾ വ്യക്തിഗതമായി നടത്തുന്ന നേട്ടങ്ങളും കരുത്താകുന്നുണ്ട്.

കിതച്ചവരും കുതിച്ചവരും
 

നിഫ്റ്റി മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് എന്നിവ 0.4 മുതൽ 1.14% വരെ നഷ്ടത്തിലായി. നിഫ്റ്റി മെറ്റൽ 0.9%, പൊതുമേഖലാ ബാങ്ക് 1.15%, ഓയിൽ ആൻഡ് ഗ്യാസ് 1.30% എന്നിങ്ങനെയും ഇടിഞ്ഞു. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് മെറ്റൽ ഓഹരികളെ വീഴ്ത്തിയത്. നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക 0.51 ശതമാനവും ബാങ്ക് നിഫ്റ്റി 0.37 ശതമാനവും കയറി. നിഫ്റ്റി എഫ്എംസിജി 0.85 ശതമാനവും ഉയർന്നു. എസ്ബിഐ, കനറാ ബാങ്ക് എന്നിവയുടെ റേറ്റിങ് താഴ്ത്തിയ ഗോൾഡ്മാൻ സാക്സിന്റെ നടപടി പൊതുമേഖലാ ബാങ്ക് ഓഹരികളെ തളർത്തി.

NEW YORK, NEW YORK - AUGUST 23: Traders work on the floor of the New York Stock Exchange during morning trading on August 23, 2024 in New York City. Stocks opened up on the rise ahead of Federal Reserve Chairman Jerome Powell's remarks at the 2024 Jackson Hole Economic Symposium.   Michael M. Santiago/Getty Images/AFP (Photo by Michael M. Santiago / GETTY IMAGES NORTH AMERICA / Getty Images via AFP)
Michael M. Santiago/Getty Images/AFP (Photo by Michael M. Santiago / GETTY IMAGES NORTH AMERICA / Getty Images via AFP)

എസ്ബിഐ ലൈഫ്, സിപ്ല, ശ്രീറാം ഫിനാൻസ്, ടാറ്റാ കൺസ്യൂമർ, എച്ച്ഡിഎഫ്സി ലൈഫ് എന്നിവയാണ് നിഫ്റ്റി 50ൽ 1.4% വരെ ഉയർന്ന് നേട്ടത്തിൽ മുന്നിൽ. ഒഎൻജിസി, ഹിൻഡാൽകോ, എൻടിപിസി, ടാറ്റാ മോട്ടോഴ്സ്, കോൾ ഇന്ത്യ എന്നിവ 1.45 മുതൽ 3.74% വരെ താഴ്ന്നു. ഇന്നത്തെ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് ജിഎസ്ടി കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കുമെന്ന പ്രതീക്ഷകൾക്കിടെയാണ് ഇൻഷുറൻസ് കമ്പനികളുടെ ഓഹരികളുടെ നേട്ടം.

ജിഎസ്ടി സ്ലാബ് പരിഷ്കരണ തീരുമാനമുണ്ടായേക്കാമെന്ന പശ്ചാത്തലത്തിൽ എഫ്എംസിജി ഓഹരികളും നേട്ടത്തിലാണ്. ക്രൂഡ് ഓയിൽ വില വീണ്ടും നേട്ടത്തിലായത് എണ്ണ ഓഹരികളെ സമ്മർദ്ദത്തിലുമാക്കി.

ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയാണ് സെൻസെക്സിൽ നേട്ടത്തിൽ മുന്നിൽ. ഒരു ശതമാനം വരെയാണ് ഇവയുടെ നേട്ടം. എൻടിപിസി, ടാറ്റാ മോട്ടോഴ്സ്, പവർഗ്രിഡ്, ടാറ്റാ സ്റ്റീൽ, എസ്ബിഐ എന്നിവയാണ് 1.67% വരെ താഴ്ന്ന് നഷ്ടത്തിൽ മുൻനിരയിൽ.

നേട്ടത്തിന്റെ ചിറകിൽ സ്പൈസ്ജെറ്റ്
 

സ്പൈസ്ജെറ്റിന്റെ ഓഹരിവില ഇന്നൊരുവേള 5.5 ശതമാനത്തിലധികം ഉയർന്നു. കാർലൈൽ ഏവിയേഷൻ മാനേജ്മെന്റിന് വീട്ടാനുള്ള 13.76 കോടി ഡോളറിന്റെ (1,150 കോടി രൂപ) കടം പ്രവർത്തന പുനഃക്രമീകരണത്തിന്റെ ഭാഗമായി ഓഹരികളാക്കി മാറ്റാനുള്ള തീരുമാനവും പ്രൊമോട്ടറും ചെയർമാനുമായ അജയ് ഗോയൽ 10% ഓഹരി വിറ്റഴിച്ചേക്കുമെന്ന റിപ്പോർട്ടുകളും ഓഹരികളെ ഇന്ന് സ്വാധീനിച്ചിട്ടുണ്ട്.

ഓല ഇലക്ട്രിക് ഓഹരി 4% താഴേക്കുപോയി. കമ്പനിയുടെ മൊത്തം ഓഹരികളിൽ 4% മതിക്കുന്ന 18.18 കോടി ഓഹരികൾ കൂടി ഇന്ന് വിൽപനയ്ക്ക് എത്തിയ പശ്ചാത്തലത്തിലായിരുന്നു ഇടിവ്. ഐപിഒയുടെ ഭാഗമായി ആങ്കർ നിക്ഷേപർക്ക് ഏർപ്പെടുത്തിയ ലോക്ക്-ഇൻ കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് ഈ ഓഹരികൾ കൂടി വിപണിയിലെത്തിയത്.

ഒഎൻജിസിയിൽ നിന്ന് 1,402 കോടി രൂപയുടെ ഓർഡർ നേടിയ ഡീപ് ഇൻഡസ്ട്രീസ് ഓഹരി 19% വരെ ഉയർന്നു. ഓയിൽ ആൻഡ് ഗ്യാസ് രംഗത്ത് ഡ്രില്ലിങ്, പര്യവേക്ഷണം, ഉൽപാദന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കമ്പനിയാണിത്. എൻടിപിസി ഗ്രീൻ എനർജിയിൽ നിന്ന് വമ്പൻ ഓർഡർ ലഭിച്ച സുസ്‍ലോൺ എനർജിയുടെ ഓഹരി രണ്ട് ശതമാനത്തിലധികം ഉയർന്നു. 1,166 മെഗാവാട്ടിന്റെ കാറ്റാടി അധിഷ്ഠിത ഊർജ ഓർഡറാണ് ലഭിച്ചത്. ഈ രംഗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കരാർ ആണിത്.

അപ്പർ-സർക്യൂട്ടിൽ കിറ്റെക്സ്
 

കേരള കമ്പനികളിൽ ഇന്നത്തെ താരമായി കിറ്റെക്സ്. മികച്ച ബിസിനസ് അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ കിറ്റെക്സ് ഓഹരി വില ഇന്നും 5% ഉയർന്ന് അപ്പർ-സർക്യൂട്ടിലായി. കൊച്ചിൻ മിനറൽസ് 4.95%, ഈസ്റ്റേൺ 4.59%, സ്റ്റെൽ ഹോൾഡിങ്സ് 2.81% എന്നിങ്ങനെയും ഉയർന്ന് നേട്ടത്തിൽ മുൻപന്തിയിലുണ്ട്. മുത്തൂറ്റ് ഫിനാൻസ്, ഫെഡറൽ ബാങ്ക് എന്നിവയും നേട്ടത്തിലേറി.

5% ഇടിഞ്ഞ് സഫ സിസ്റ്റംസാണ് നഷ്ടത്തിൽ മുന്നിൽ. സെല്ല സ്പേസ് 4.89%, ഡബ്ല്യുഐപിഎൽ 3.74%, മുത്തൂറ്റ് കാപ്പിറ്റൽ 3.31%, ആഡ്ടെക് സിസ്റ്റംസ് 3.06%, കൊച്ചിൻ ഷിപ്പ്‍യാർഡ് 2.87% എന്നിങ്ങനെയും നഷ്ടത്തിലാണ്. ഹാരിസൺസ് മലയാളം, പ്രൈമ അഗ്രോ, പോപ്പീസ്, വി-ഗാർഡ്, പോപ്പുലർ വെഹിക്കിൾസ്, നിറ്റ ജെലാറ്റിൻ, ധനലക്ഷ്മി ബാങ്ക്, സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫാക്ട്, കല്യാൺ ജ്വല്ലേഴ്സ്, ആസ്റ്റർ, ഇസാഫ്, മണപ്പുറം ഫിനാൻസ് എന്നിവയും ചുവന്നു. 

English Summary:

Kitex Climbs, Cochin Shipyard Dips; SpiceJet Stock Takes Off as Ola Electric Shares Lose Charge.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com